
വിവരണം
എച്ച്ആര്‍പിസി സംസ്ഥാന ജനറല്‍ സെക്രട്ടറിയെന്ന് അഭിസംബോധന ചെയ്ത് സ്വകാര്യ ആശുപത്രിയിലെ സൗജന്യ ചികിത്സയെ കുറിച്ചുള്ള ഒരു ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ വാട്‌സാപ്പില്‍ വ്യപകമായി പ്രചരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ അഡ്മിറ്റ് ചെയ്ത ഉടന്‍ ആശുപത്രിയിലെ റിസപ്ഷനില്‍ നിന്നും ലഭിക്കുന്ന ഒരു ഫോം ചികിത്സിക്കുന്ന ഡോക്‌ടറുടെ കയ്യില്‍ നിന്നും പൂരിപ്പിച്ച് വാങ്ങണമെന്നാണ് ഈ ഓഡിയോയില്‍ പറയുന്നു. പിന്നീട് ഈ ഫോം പ്രദേശത്തെ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറുടെ ഒപ്പ് വാങ്ങി സ്വകാര്യ ആശുപത്രിയില്‍ നല്‍കിയാല്‍ ചികിത്സ സൗജന്യമായി ലഭിക്കുമെന്നുമാണ് അവകാശവാദം.
ഇതാണ് പ്രചരിക്കുന്ന ഓഡിയോ സന്ദേശം-
എന്നാല്‍ ഈ ഓഡിയോ സന്ദേശത്തില്‍ പറയുന്നത് പോലെ സ്വകാര്യ ആശുപത്രികളില്‍ ഇത്തരമൊരു ഫോം ലഭ്യമാണോ? ഈ ഫോം നല്‍കിയാല്‍ ചികിത്സ സൗജന്യമായി ലഭിക്കുമോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത വിശകലനം
പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ സംസ്ഥാന പോലീസ് മീഡിയ സെന്‍ററിന്‍റെയും ഒരു സ്വകാര്യ ആശുപത്രിയിലെ പിആര്‍ഒയുടെയും സഹായമാണ് ഞങ്ങള്‍ തേടിയത്.
സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രമോദ് കുമാറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ നിരക്കുകള്‍ ഏകീകരിച്ച് ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരമുള്ള നിശ്ചിത തുക രോഗികളില്‍ നിന്നും ഈടാക്കാനാണ് സ്വകാര്യ ആശുപത്രികള്‍ക്കുള്ള നിര്‍ദേശം. എന്നാല്‍ മുറി വാടക ഉള്‍പ്പടെയുള്ളവ നിശ്ചയിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അധികാരം നല്‍കണമെന്ന ആവശ്യം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ പിന്നീട് നല്‍കുകയും ചെയ്തു. ഇതിനെ ഹൈക്കോടതി ചോദ്യം ചെയ്യുകയും നിലവില്‍ അത് കോടതി പരിഗണിനിയില്‍ ഇരിക്കുകയുമാണ്. അതുകൊണ്ട് തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും ഇത്തരമൊരു സൗജന്യ ചികിത്സ സംവിധാനം നിലവിലില്ലയെന്നും സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ അറിയിച്ചു.
ആലപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ പിആര്‍ഒയുമായും ഈ വിഷയത്തെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹവും ഇത് തികച്ചും വ്യാജ പ്രചരണമാണെന്നും സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള നിരക്കുകളാണ് ആശുപത്രി ഈടാക്കുന്നതെന്നും സൗജന്യ ചികിത്സയ്ക്കുള്ള ഫോം എന്ന പ്രചരണം വ്യാജമാണെന്നും അറിയിച്ചു.
നിഗമനം
സംസ്ഥാന പോലീസ് മീഡിയ സെന്‍ററും ഒരു സ്വകാര്യ ആശുപത്രിയും പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വാട്‌സാപ്പ് സന്ദേശം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:സ്വകാര്യ ആശുപത്രിയില്‍ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ കോവിഡ് ചികിത്സ സൗജന്യമാകുമോ? വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
