പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..
വിവരണം
പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ നടന്ന് വന്ന് വഴി അരികില്‍ നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ കഴുത്തില്‍ പിടിക്കുകയും പിന്നീട് ബോധരഹിതനായ കുട്ടിയെ ഒരു ഓട്ടോറിക്ഷയിലേക്ക് കയറ്റി കടന്നു കളയുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഭിക്ഷക്കാരി എന്ന് തോന്നിക്കും വിധമാണ് വീഡിയോയില്‍ ഈ സ്ത്രീ നടന്നു വരുന്നത്. ഈ വീഡിയോ വളരെ പ്രധാനമാണ്. നിങ്ങൾ ബന്ധമുള്ള ഏതെങ്കിലും വലിയ ഗ്രൂപ്പിലേക്ക് ഇത് അയച്ച് കുടുംബത്തിലെ കുട്ടികളോട് പറയുകയും എല്ലാവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്യുക.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. ഹിന്ദു പരിവാര്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ രാധാകൃഷ്ണന്‍ നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 71ല്‍ അധികം റിയാക്ഷനുകളും 120ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ ഇത് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന യഥാര്‍ത്ഥ സംഭവത്തിന്‍റെ വീഡിയോ തന്നെയാണോ? ഇത് ഇന്ത്യയില്‍ നടന്നതാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫാക്‌ട് ക്രെസെന്‍ഡോ ഇംഗ്ലീഷ് ടീം ഈ വീഡിയോ ഫാക്‌ട് ചെക്ക് ചെയ്തിരുന്നു. ഫാക്‌ട് ചെക്കില്‍ ലഭിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്-
പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും സംഭവത്തെ കുറിച്ച് അറബി ഭാഷയിലുള്ള വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോ യഥാര്‍ത്ഥത്തില്‍ ഈജിപ്റ്റില്‍ നിന്നുമുള്ളതാണെന്നും ഇന്ത്യയില്‍ അല്ലായെന്നും അറിയാന്‍ സാധിച്ചു. ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ വിധമാണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി മനപ്പൂര്‍വ്വം അഭിനയിച്ച് ചിത്രീകരിക്കുന്ന വീഡിയോ മാത്രമാണിത്. വീഡിയോ പലതരത്തിലുള്ള തലക്കെട്ടുകള്‍ നല്‍കി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ ഈജിപ്ഷ്യന്‍ ആഭ്യന്തര വകുപ്പ് ഈ വീഡിയോയെ കുറിച്ച് അന്വേഷിക്കുകയും ഇതുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ നാല് പേരില്‍ ഒരു പുരുഷന്‍ തന്നെയാണ് പര്‍ദ്ദ ധരിച്ച സ്ത്രീയായി വീഡിയോയില്‍ അഭിനയിച്ചത്. വീഡിയോ വൈറലാകാനും ഇതുവഴി പണം സമ്പാതിക്കാനുമാണ് ഇത്തരത്തിലൊരു വീഡിയോ ചിത്രീകരിച്ചതെന്നും ഇത് പ്രചരിപ്പിച്ചതെന്നും അവര്‍ പോലീസിനോട് വിശദീകരിച്ചു.
നിഗമനം
സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും അതുവഴി പണം സമ്പാദിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ചിത്രീകരിച്ച രംഗം മാത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന വീഡിയോയല്ല എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading