ഓറിയോ ബിസ്ക്കറ്റ് മുസ്ലീങ്ങള്‍ക്ക് നിഷദ്ധമാണെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം
ഓറിയോ ബിസ്ക്കറ്റ് മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാരണം അവ പന്നി ഇറച്ചി പന്നി പാല്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ നിങ്ങളുടെ സുഹൃത്തുകളെ ഷെയര്‍ ചെയ്ത് അറിയിക്കുക.. എന്ന പേരില്‍ ഓറിയോ ബിസ്ക്കറ്റിന്‍റെ കവര്‍ ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഈ സന്ദേശം വൈറലായിരിക്കുകയാണ്. വാട്‌സാപ്പിലൂടെയാണ് പ്രധാനമായും ഈ സന്ദേശം പ്രചരിക്കുന്നത്. വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം ഇതാണ്-
ഫാക്‌ട് ചെക്ക് ചെയ്യുന്നതിനായി ഫാക്‌ട് ക്രെസെന്‍ഡോ ഫാക്‌ട് ലൈന്‍ നമ്പറിലേക്ക് ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഓറിയോ ബിസ്ക്കറ്റ് മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാണോ? കമ്പനി ഇത് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടോ? ഇവയില്‍ പന്നി ഇറച്ചിയും പന്നി പാലും ഉപയോഗിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
മോണ്ടാലെസ് ഇന്‍റര്‍നാഷണല്‍ എന്ന കമ്പനിയാണ് ഓറിയോ ബിസ്ക്കറ്റിന്‍റെ നിര്‍മ്മാതാക്കള്‍. ക്യാര്‍ഡ‍്ബറി, ഹാള്‍സ്, ടാങ് പോലെയുള്ളവയും മോണ്ടാലെസിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യയില്‍ ക്യാര്‍ഡ്ബറിയാണ് ഓറിയോ ബിസ്ക്കറ്റിന്‍റെ നിര്‍മാണവും മാര്‍ക്കറ്റിങും.
ഓറിയോ, ഹലാല്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഓറിയോ യുകെയുടെ വെബ്സൈറ്റിലെ Frequently asked questions - FAQ (നിരന്തരം ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരം) ഓറിയോ ഹലാലാണോ എന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടിയുടെ പ്രസക്ത ഭാഗത്തിന്‍റെ പരിഭാഷ ഇപ്രകാരമാണ്-
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറങ്ങുന്ന ഓറിയോ ബിസ്ക്കറ്റിന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കാറില്ലാ. എന്നാല്‍ അതിനര്‍ത്ഥം മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പിന്തുടരുന്ന ഭക്ഷണരീതിക്ക് വിരുദ്ധമായി യാതൊന്നും തന്നെ ബിസ്ക്കറ്റില്‍ ചേര്‍ക്കുന്നില്ലാ.
ഓറിയോ എഫ്എക്യു സ്ക്രീന്‍ഷോട്ട്-
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഓറിയോയുടെ കവര്‍ പരിശോധിക്കാനായി ഷോപ്പിങ് വെബ്സൈറ്റായ ആമസോണില്‍ ഓറിയോ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഓറിയോയുടെ കവറില്‍ പച്ച നിറത്തിലെ ചതുരത്തിനുള്ളിലെ അതെ നിറത്തിലെ വൃത്തം അടയാളപ്പെടുത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞു. അതായത് എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആൻ്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യാ) മാംസമോ അതില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഉപോല്‍പ്പന്നങ്ങളോ ചേരുവയുള്ള വസ്തുവില്‍ ചുവന്ന ചതുരവും അതില്‍ ചുവന്ന വൃത്തവുമാണ് അടയാളപ്പെടുത്തേണ്ടത്. പച്ച അടയാളപ്പെടുത്തുന്നത് സൂചിപ്പിക്കുന്നത് ഈ ഭക്ഷ്യവസ്തു വെജിറ്റേറിയന്‍ ആണെന്നതാണ്.
ആമസോണില്‍ ലഭ്യമായ ഓറിയോയിലെ വെജിറ്റേറിയന്‍ അടയാളം-
നിഗമനം
മുസ്ലിം മതവിഭാഗം പിന്തുടരുന്ന ഭക്ഷണരീതിക്ക് എതിരായ യാതൊന്നും തന്നെ ഓറിയോ ബിസ്ക്കറ്റില്‍ ചേരുവയായിട്ടില്ലായെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എഫ്എസ്എസ്എഐ മാനദണ്ഡ പ്രകാരം ഇന്ത്യയില്‍ ലഭ്യമാകുന്ന ഓറിയോയില്‍ വെജിറ്റേറിയന്‍ വിഭാഗത്തില്‍ അടയാളവും രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:ഓറിയോ ബിസ്ക്കറ്റ് മുസ്ലീങ്ങള്‍ക്ക് നിഷദ്ധമാണെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False