വിവരണം

നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ നിയമനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിജെപി നേതാവായിട്ടുള്ള നാരായണന്‍ മാസ്റ്ററാണ് നാളികേര വികസന ബോര്‍ഡിന്‍റെ പുതിയ വൈസ് ചെയര്‍മാന്‍. എന്നാല്‍ ഇദ്ദേഹത്തെ പിണറായി സര്‍ക്കാര്‍ നിയമിച്ചതാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. അതിന് കാരണമായി ഉയരുന്ന ആരോപണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.അബ്‌ദുറഹ്മാന്‍ 2016ലും 2021ലും താനൂരില്‍ വിജയിച്ചത് ബിജെപി വഴങ്ങിക്കൊടുത്തതിനാലാണാനെന്നും ഇതിന് ഉപകാരസ്മരണയായി ബിജെപി നേതാവും താനൂരില്‍ നിന്നും മുന്‍പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാരായണന്‍ മാസ്റ്ററിനെ പിണറായി സര്‍ക്കാര്‍ ബോര്‍‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു എന്നതുമാണ്. ബഷീര്‍ കുഞ്ഞ് കാടാംപുഴ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.

Facebook PostArchived Link

എന്നാല്‍ നാളികേര വികസന ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണോ? പിണറായി സര്‍ക്കാരാണോ വൈസ് ചെയര്‍മാനെ നിയമിച്ചത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ നാളികേര വികസന ബോര്‍ഡിന്‍റെ ആസ്ഥാനമായ കൊച്ചിയിലെ ഓഫിസുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. സ്ഥാപനം സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലാണോ അതോ കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലാണോ പ്രവര്‍ത്തിക്കുന്നതെന്നും നിയമനം നടത്തുന്നതാരാണെന്നും അറിയാനാണ് ഞങ്ങള്‍ ഓഫിസുമായി ബന്ധപ്പെട്ടത്.

ഓഫിസ് പ്രതിനിധി നല്‍കിയ മറുപടി ഇങ്ങനെയാണ്-

നാളികേര വികസന ബോര്‍ഡ് പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ്. ബോര്‍ഡ് അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു.

കൂടാതെ നാളികേര വികസന ബോര്‍ഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ച് ഇതൊരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാളികേര വികസന ബോര്‍ഡ് എന്ന് അവരുടെ വെബ്‌സൈറ്റില്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്.

Coconut Development Board (coconutboard.gov.in)

നിഗമനം

നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായി നാരായണന്‍ മാസ്റ്ററെ നിയമിച്ചു എന്ന പ്രചരണം സത്യമാണ്. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള സ്ഥാപനമല്ലയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്‍റെ കീഴിലുള്ള സ്ഥാപനത്തില്‍ കേന്ദ്ര സര്‍ക്കാരാണ് നിയമനം നടത്തുന്നത്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധാരണ പരത്തുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:നാളികേര വികസന ബോര്‍‍ഡ് വൈസ് ചെയര്‍മാനെ നിയമച്ചത് പിണറായി സര്‍ക്കാരാണോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Misleading