വിവരണം

ശബരിമല മണ്ഡലകാല കീര്‍ത്ഥാടനം വലിയ ഭക്തജന തിരക്കോടെ നടന്നുകൊണ്ടിരിക്കുകയാണ്. പോലീസിന് പോലും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍ ഇവിടേക്ക് എത്തുന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ പാളി എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്ക് നിയന്ത്രണ വിധേയമായി എന്ന വാര്‍ത്തയാണ് ഒടുവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. വാട്‌സാപ്പിലാണ് ഇന്നിലയും ഇന്നുമായി ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു വരുന്നത്. ശബരിമലയില്‍ പോലീസ് അതിക്രമം.. അയ്യപ്പഭക്തന്‍റെ തല അടിച്ച് പൊട്ടിച്ചു.. എന്ന തലക്കെട്ട് നല്‍കി ശ്രീകുമാര്‍ ശ്രീകുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ കാണാം-

Facebook Post Archived Screen Record

വാട്‌സാപ്പ് പ്രചരണത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശബരിമലയില്‍ പോലീസ് ഭക്തര്‍ക്ക് നേരെ ഇത്തരത്തിലൊരു അതിക്രമം കാണിച്ചിട്ടുണ്ടോ? പ്രചരിക്കുന്ന വീഡിയോ ശബരിമലയില്‍ ഭക്തന്‍റെ തല പോലീസ് അടിച്ചു പൊട്ടിച്ചതിന്‍റേത് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വസ്‌തുത ഇതാണ്

Sabarimala, devotee, fight, police എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും സംഭവവുമായി ബന്ധപ്പെട്ട ദ് ഹിന്ദുവിന്‍റെ വാര്‍ത്ത ലേഖനവും ന്യൂസ് 18 തമിഴ്‌നാട് യൂട്യൂബില്‍ പങ്കുവെച്ച വാര്‍ത്ത വീഡിയോയും കണ്ടെത്താന്‍ കഴിഞ്ഞു. വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്-

സംഭവം നടന്നത് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലാണ്. ചൊവ്വാഴ്ച്ച രാവിലെയോടെയാണ് സംഘര്‍ഷമുണ്ടായത്. ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ 30 പേര്‍ അടങ്ങുന്ന ശബരിമല തീര്‍ത്ഥാടന സംഘം ക്ഷേത്രദര്‍ശനത്തിനായി എത്തുകയായിരുന്നു. വൈകുണ്ഡ ഏകദശി ഉത്സവ സമയമായതിനാല്‍ ക്ഷേത്രത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്തു. ആന്ധ്രയില്‍ നിന്നുമെത്തിയ സംഘത്തിലൊരാള്‍ ക്ഷേത്രത്തിന് കാണിക്ക വഞ്ചി ഇടിച്ച് നീക്കാന്‍ ശ്രമിച്ചതോടെ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഇയാളെ നിയന്ത്രിക്കാനായി ഇടപെട്ടു. തുടര്‍ന്ന് അയ്യപ്പ ഭക്തരുടെ സംഘവും ക്ഷേത്രം ജീവനക്കാരുമായി കയ്യാങ്കളിയില്‍ കലാശിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ക്ഷേത്രം ജീവനക്കാര്‍ക്കും അയ്യപ്പ ഭക്തര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്ന് ദ് ഹിന്ദുവും ന്യൂസ് 18 തമിഴ്‌നാടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദ് ഹിന്ദു വാര്‍ത്ത ലേഖനം ഇവിടെ വായിക്കാം..

ന്യൂസ് 18 തമിഴ്‌നാട് വാര്‍ത്തയുടെ പൂര്‍ണ്ണരൂപം-

News 18 Tamilnadu

നിഗമനം

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തില്‍ ആന്ധ്രപ്രദേശില്‍ നിന്നുമെത്തിയ അയ്യപ്പ ഭക്തരും ക്ഷേത്രം ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. ശബരിമല ക്ഷേത്രമോ കേരളപോലീസോ ആയി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ശബരിമലയില്‍ അയ്യപ്പ ഭക്തന്‍റെ തല പോലീസ് അടിച്ചുപൊട്ടിച്ചു എന്ന സമൂഹമാധ്യമങ്ങളിലെ വീഡിയോ പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Written By: Dewin Carlos

Result: False