വിവരണം

സമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായിരുന്ന സി.ആര്‍.നീലകണ്ഠന്‍റെ പേരില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് ഒരു പ്രചരണം നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരം നടത്തിയ സി.ആര്‍.നീലകണ്ഠന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ ഗെയില്‍ പാചക വാതക കണക്ഷന്‍ എടത്തു എന്നതാണ് പ്രചരണം. കാര്‍ത്തി കെ ദാസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 111ല്‍ അധികം റിയാക്ഷനുകളും 124ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗെയില്‍ പദ്ധതി വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്ത പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍.നീലകണ്ഠന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ ഗെയില്‍ ഗ്യാസ കണക്ഷന്‍ എടുത്തിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

പ്രചരണത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പരിസ്ഥിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സി.ആര്‍.നീലകണ്ഠനുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്-

കഴിഞ്ഞ ആറ് മാസത്തിലധികമായി സിപിഎം സൈബര്‍ സംഘം സമൂഹമാധ്യമങ്ങളില്‍ ഗെയില്‍ പദ്ധതിയുടെ പേരില്‍ തന്‍റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ പ്രചരണം നടത്തുകയാണ്. താമസിക്കുന്ന പ്രദേശത്ത് ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ കടന്നു പോകുന്നുണ്ട്. തൊട്ടടുത്ത വീടുകളിലും പ്രദേശവാസികള്‍ കണക്ഷനെടുത്തിട്ടുണ്ട്. എന്നാല്‍ താന്‍ ഇതുവരെ ഗെയില്‍ കണക്ഷന്‍ എടുത്തിട്ടില്ലെന്നും അത് തന്‍റെ നിലപാടിന് വിരുദ്ധമാകുമെന്ന് വിശ്വസിക്കുന്നയാളാണ് താന്‍ എന്നും ഇപ്പോഴും എല്‍പിജി സിലണ്ടറാണ് വീട്ടില്‍ ഉപയോഗിക്കുന്നതെന്നും സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു. താന്‍ മാത്രമല്ല തന്‍റെ പുരയിടത്തില്‍ തന്നെ മറ്റൊരു വീട്ടില്‍ താമസിക്കുന്ന തന്‍റെ സഹോദരിയും ഗെയില്‍ കണക്ഷനെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിഗമനം

ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തില്‍ മുഖ്യപങ്കാളിയായിരുന്ന സി.ആര്‍.നീലകണ്‌ഠന്‍ തന്‍റെ വീട്ടില്‍ ഗെയില്‍ കണക്ഷന്‍ എടുത്തു എന്ന പ്രചരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ ഇപ്പോഴും വീട്ടില്‍ എല്‍പിജി സിലണ്ടര്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കാളിയായ സി.ആര്‍.നീലകണ്ഠന്‍ തന്‍റെ വീട്ടില്‍ ഗെയില്‍ ഗ്യാസ് കണക്ഷന്‍ എടുത്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: False