വിവരണം

സംസ്ഥാന സര്‍ക്കാരിന്‍റെ പുതുക്കിയ മദ്യനയം ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ നിലവില്‍ വന്നിരന്നു. ഇത് സംബന്ധിച്ച് വന്ന മാറ്റങ്ങള്‍ എക്‌സൈസ് വകുപ്പ് മാധ്യമങ്ങള്‍ മുഖാന്തരം വാര്‍ത്ത നല്‍കുകയും ചെയ്തതാണ്. എന്നാല്‍ എല്ലാ മാസവും ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ അവധി തുടരുമെന്ന് തന്നെയായിരുന്നു മദ്യനയം. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കി ആ ദിവസവും പ്രവര്‍ത്തി ദിവസമാക്കിയുമെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്ത് ഉടനീളം ലഹരിക്കെതിരെ മനുഷ്യ ചങ്ങലയും വിവിധ ലഹരിവിരുദ്ധ പരിപാടികളും സംഘടിപ്പിച്ച ശേഷം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഡ്രൈ ഡേ ഒഴിവാക്കാന്‍ ഉത്തരവ് വന്നു എന്ന ആക്ഷേപമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഞങ്ങളുടെ ഫാക്‌ട് ലൈന്‍ നമ്പറിലേക്ക് പ്രചരണത്തിന്‍റെ വസ്‌തുത അറിയാന്‍ നിരവധി പേരാണ് ഈ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്തത്.

പ്രചരണം ഇങ്ങനെയാണ്-

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മാസം തോറുമുള്ള ഡ്രൈ ഡേ ഒഴിവാക്കി ഉത്തരവിറക്കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

2022 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ മദ്യം നയം പ്രഖ്യാപിച്ച ശേഷം ഇതെ പ്രചരണം അന്നും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുഖ്യാധാര മാധ്യമങ്ങള്‍ വരെ എല്ലാ മാസവുമുള്ള ഡ്രൈ ഡേ ഒഴിവാക്കി എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഫാക്‌ട് ക്രെസെന്‍ഡോ മലയാളം അന്ന് ഇത് വ്യാജ പ്രചരണമാണെന്ന് കണ്ടെത്തി പ്രസിദ്ധീകരിച്ച ഫാക്‌ട് ചെക്ക് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടും അന്നത്തെ വാര്‍ത്തയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എക്‌സൈസ് മന്ത്രിയുടെ ഓഫിസുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലവില്‍ ഒരു തീരുമാനവും ഉത്തരവും ഇറക്കിയിട്ടില്ലെന്നും വ്യാജ പ്രചരണമാണെന്നും പ്രതകരിച്ചു. ന്യൂസ് 18 കേരളയുടെ പ്രതിനിധിയോട് ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും അവരും ഇത്തരത്തിലൊരു വാര്‍ത്ത നിലവില്‍ നല്‍കിയിരുന്നില്ലെന്നും പറഞ്ഞു.

നിഗമനം

2022 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ഡ്രൈ ഡേ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി എന്ന തരത്തില്‍ പ്രചരിച്ച അതെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് തന്നെയാണ് ഇപ്പോഴും പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഡ്രൈ ഡേ ഒഴിവാക്കാന്‍ നിര്‍ദേശിച്ചട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ഓഫിസ് പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:RAPID FC: സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കി എന്ന വ്യാജ പ്രചരണം വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു..

Fact Check By: Dewin Carlos

Result: False