പിണറായി വിജയന് യൂറോപ്പിലെ തെരുവിൽ വമ്പൻ സ്വീകരണം ലഭിച്ചോ..?
വിവരണം
ചെമ്പട സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും "കേരളത്തിന്‍റെ ചങ്കിനെ തോളിലേറ്റി യൂറോപ്പ്" എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. 2019 മെയ് 8 ന് പ്രസിദ്ധീകരിച്ച പോസ്റ്റിന് ഇപ്പോൾ 138 ഷെയറുകളാണുളളത്. "യൂറോപ്പിലെത്തിയ സഖാവിന് രാജകീയ സ്വീകരണം. എയർപോർട്ടിൽ നിന്നും വെളിയിലിറങ്ങിയ സഖാവിനെ എയർപോർട്ടിന് വെളിയിൽ കാത്തുനിന്ന വൻജനാവലി വലിയ ആഘോഷത്തോടെ തോളിലേറ്റി.യൂറോപ്പിൽ ഏതൊരു രാഷ്ട്ര നേതാവിനും കിട്ടാത്ത രീതിയിലുള്ള സ്വീകരണവും ഏറ്റുവാങ്ങി സഖാവ്." ഈ വാചകങ്ങൾക്കൊപ്പം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ജനക്കൂട്ടം ചുമലിലേറ്റി ആഹ്ളാദ പ്രകടനം നടത്തുന്നതിന്റെ ചിത്രം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന യൂറോപ്യൻ യാത്രയ്ക്ക് തിരിച്ച കാര്യം നാം വാർത്താ മാധ്യമങ്ങൾ വഴി അറിഞ്ഞിരുന്നു. അദ്ദേഹത്തിന് പോസ്റ്റിൽ പറയുന്ന പോലെയുള്ള സ്വീകരണം വിദേശത്ത് ലഭിച്ചിരുന്നോ ..? നമുക്ക് ഒന്ന് അറിയാൻ ശ്രമിക്കാം.
വസ്തുതാ പരിശോധന
ഞങ്ങൾ ഇതിനുമുമ്പ് സമാനമായ ഒരു പോസ്റ്റിന്റെ വസ്തുതാ പരിശോധന നടത്തിയിരുന്നു. വായനക്കാർക്ക് ഇവിടെ പരിശോധിക്കാവുന്നതാണ്. ഈ ചിത്രം ഞങ്ങൾ google reverse image ഉപയോഗിച്ച് പരിശോധിച്ചു. ഇതേ ചിത്രത്തെപ്പറ്റി വിവരണമൊന്നും ലഭ്യമായില്ല. എന്നാൽ സമാനമായ മറ്റൊരു ചിത്രം ഞങ്ങൾക്ക് ലഭിച്ചു.
ഈ ചിത്രം ഉപയോഗിച്ച് ബ്രസീലിലെ ഒരു വാർത്താ മാധ്യമം അവരുടെ ഭാഷയിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്. " ബ്രസീലിൽ തീവ്രവാദ വിരുദ്ധ നിയമം നടപ്പിലാക്കൽ നീട്ടിവയ്ക്കാൻ സാധ്യത. ബ്രസീലിൽ രാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ട ജയർ ബോൾസനാരോ (Jair Bolsonaro) യുടെ സഖ്യത്തിലുള്ള പാർലമെന്റേറിയൻ രൂപരേഖ തയ്യാറാക്കിയ തീവ്രവാദ വിരുദ്ധ നിയമം സെനറ്റ് തത്വത്തിൽ ഉടൻ അംഗീകരിക്കാൻ സാധ്യതയില്ല. രാഷ്ട്രീയ-ആശയപര-സാമൂഹികമായ കാര്യങ്ങൾ ചെയ്യാനോ ചെയ്യാതിരിക്കാനോ ഗവണ്മെന്റിനെ സമ്മർദ്ദം ചെലുത്തി തീവ്രവാദത്തിനെതിരെ പ്രവർത്തിക്കാൻ അനുശാസിക്കുന്നതാണ് നിയമം. നിയമം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞു ജയർ ബോൾസനാരോ നിയമത്തെ എതിർത്തിരുന്നു. ജനങ്ങൾക്ക് വേണ്ടി സംസാരിച്ച പ്രസിഡണ്ടിനെ "ഭയമില്ലാത്ത ജനത" എന്ന മുദ്രാവാക്യത്തോടെ ആഹ്ളാദാരവം മുഴക്കി അവർ നിരത്തിൽ തോളിലേറ്റിയ സന്ദർഭത്തിലെടുത്ത ചിത്രമാണിത്. 2018 ഒക്ടോബർ 31 നാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്
വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.
archived link | fontecredibile |
ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് പിണറായി വിജയൻറെ ചിത്രം എഡിറ്റിങ് നടത്തി പുനഃസൃഷ്ടിച്ചതാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം. കൂടാതെ പിണറായി വിജയനെ യൂറോപ്യൻ ജനത നിരത്തിലിറങ്ങി സ്വീകരിച്ചതായി യാതൊരു വാർത്തയും ഇതുവരെ പുറത്തു വന്നിട്ടില്ല. അതിനാൽ ഈ ചിത്രവും അതോടൊപ്പം നൽകിയ വിവരണവും പൂർണമായും തെറ്റാണ്.
രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കുക... ഒരേ പശ്ചാത്തലം തന്നെയാണ് രണ്ടിനുമുള്ളത്.
യഥാർത്ഥ ചിത്രത്തിൻറെ ദർപ്പണ രൂപമാണ് (mirror image) വ്യാജചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രകടനം നടന്ന സ്ഥലവും പങ്കെടുത്ത ആളുകളെയും ശ്രദ്ധിച്ച് നോക്കിയാൽ വായനക്കാർക്ക് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്നത് വ്യാജ ചിത്രമാണ്. വാർത്തയും വ്യാജമാണ്. പിണറായി വിജയൻ യൂറോപ്പിലെത്തിയപ്പോൾ ഇത്തരത്തിൽ അദ്ദേഹത്തിന് സ്വീകരണം ലഭിച്ചിട്ടില്ല. പഴയ ഒരു ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് ഉപയോഗിച്ചിരിക്കുകയാണ് പോസ്റ്റിൽ. അതിനാൽ വസ്തുതയറിയാതെ പ്രീയ വായനക്കാർ ചിത്രം ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
Title:പിണറായി വിജയന് യൂറോപ്പിലെ തെരുവിൽ വമ്പൻ സ്വീകരണം ലഭിച്ചോ..?
Fact Check By: Deepa MResult: False