
വിവരണം
ദ് കേരള സ്റ്റോറി എന്ന വിവാദ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. കേരളത്തില്‍ നിന്നും 32,000 ഹിന്ദു പെണ്‍കുട്ടികള്‍ മതം മാറി മുസ്‌ലിം മതം സ്വീകരിച്ച് സിറിയയിലേക്ക് ഐഎസില്‍ ചേരാന്‍ പോയി എന്ന് അവകാശപ്പെട്ടാണ് സിനിമയുടെ ട്രയിലര്‍ പുറത്തിറക്കിയതും. ഇതോടെ സിനിമ സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗമായിട്ടുള്ളതാണെന്നും സിനിമയുടെ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. സുപ്രീം കോടതി സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. നാളെയാണ് (മെയ് 5) സിനിമ പാന്‍ ഇന്ത്യ റിലീസിനെത്തുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ സിനിമയുടെ പ്രദര്‍ശനം അനുവദിക്കില്ലായെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചു എന്നതാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രചരണം. വർഗ്ഗീയ വിഷം വമിക്കുന്ന ട്രു കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ എന്ന തലക്കെട്ട് നല്‍കി ബദറി കൈതപ്പൊയ്യില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 391ല്‍ അധികം റിയാക്ഷനുകളും 216ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ദ് കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനം നിരോധിച്ച് ഇത്തരമൊരു ഉത്തരവ് ഇറക്കിയിട്ടുണ്ടോ? എം.കെ.സ്റ്റാലിന്‍ ഇത് പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഫാക്ട് കെസെന്‍ഡോ തമിഴ് ടീമിന്‍റെ സഹായത്തോടെ വാര്‍ത്ത വസ്‌തുതാപരമാണോ എന്ന അന്വേഷണമാണ് ഞങ്ങള്‍ നടത്തിയത്. എന്നാല്‍ സിനിമ പ്രദര്‍ശനം തമിഴ‌്നാട്ടില്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജില്ലാ കളകര്‍ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സിനിമയുടെ റിലീസ് തടയുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങില്ലായെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍. ഇതിനെ ശരിവയ്ക്കുന്ന തരത്തില്‍ മലയാളം മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയിലും സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയെന്നും പ്രദര്‍ശനം തടയില്ലായെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. കേരളത്തിലും നിലവില്‍ സിനമയ്ക്ക് നിരോധനമില്ലാത്ത സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചതെന്നുമാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്.
കൂടാതെ ബുക്ക് മൈ ഷോ എന്ന സിനിമ ബുക്കിങ് വെബ്‌സൈറ്റ് പരിശോധിച്ച് ചെന്നൈ ലൊക്കേഷനിലെ തീയറ്ററുകളില്‍ സിനിമ നാളെ റിലീസ് ചെയ്യുന്നുണ്ടോയെന്നും മുന്‍കൂട്ടി ബുക്കിങ് ആരംഭിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചു. ബുക്ക് മൈ ഷോയില്‍ നാളെ റീലീസ് ആകുന്ന ദ് കേരള സ്റ്റോറി ചെന്നൈയില്‍ മാത്രം 16 തീയറ്ററുകളിലാണ് പ്രദര്‍ശനമുണ്ടെന്ന് കാണിക്കുന്നത്. അതയാത് തമിഴ്‌നാട്ടില്‍ സിനിമയുടെ പ്രദര്‍ശനം നിരോധിച്ചു എന്ന അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്നതാണിത്.
മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

ബുക്ക് മൈ ഷോയില്‍ ദ് കേരള സ്റ്റോറി ചെന്നൈയില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളുടെ വിവരങ്ങള്‍-

നിഗമനം
തമിഴ്‌നാട്ടില്‍ ദ് കേരള സ്റ്റോറി എന്ന വിവാദ സിനിമ നാളെ (മെയ് 5) തന്നെ റിലീസ് ചെയ്യുമെന്നത് ഇതോടെ വ്യക്തമായിട്ടുണ്ട്. സിനിമ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ ക്രമസമാധന പ്രശ്നമുണ്ടാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിനും ജില്ലാ പോലീസ് മേധാവികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തടയുമെന്ന നിലപാട് സ്വീകരിച്ചിട്ടില്ലായെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായത്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
