വിവരണം

ഇന്ത്യാ തദ്ദേശമായി വികസിപ്പിച്ച തേജസ് വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയുടെ യുദ്ധവിമാനത്തില്‍ യാത്ര ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം മാറുകയും ചെയ്തു. എന്നാല്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് ആകാശത്തില്‍ ഉയര്‍ന്ന് പറക്കുന്ന വിമാനത്തിലരുന്ന് അദ്ദേഹം വിദൂരതയിലേക്ക് കൈവീശി അഭിവാദ്യം അര്‍പ്പിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ആകാശത്ത് അദ്ദേഹം ആരെയാണ് കൈവീശി കാണിക്കുന്നതെന്നാണ് ട്രോളുകളായും മറ്റും പ്രചരിക്കുന്നത്. വിഎസ് അച്യുതാനന്ദന്‍ ഫാന്‍സ് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോക്ക് ഇതുവരെ 5,200ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരെയാണ് യുദ്ധവിമാനത്തിലിരുന്ന് കൈ വീശി കാണിക്കുന്നതും തമ്പ്‌സ് അപ് കാണിക്കുന്നതും? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാ.

വസ്‌തുത ഇതാണ്

ആദ്യം തന്നെ നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനലാണ് ഞങ്ങള്‍ പരിശോധിച്ചത്. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ചാനലില്‍ നവംബര്‍ 25ന് യുദ്ധവിമാനത്തില്‍ സഞ്ചരിച്ചതുമായി ബന്ധപ്പെട്ട ഒരു വീഡിയോ അപ്‌ലോഡ് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞു. ബംഗളുരുവിലെ ഡിഫന്‍സ് പിഎസ്‌യു ഹിന്ദുസ്ഥാന്‍ എയിറോനോട്ടിക്‌സില്‍ എത്തിയാണ് നരേന്ദ്ര ജി സ്യൂട്ട് ധരിച്ച് തേജസ് യുദ്ധവിമാനത്തില്‍ യാത്ര ചെയ്തത്. ഇതിന്‍റെ 1.39 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ പരിശോധിച്ചതില്‍ നിന്നും മറ്റൊരു യുദ്ധ വിമാനവും പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടി വരുന്നതായി കാണാന്‍ സാധിക്കും. വീഡിയോയുടെ 47ാം സെക്കന്‍ഡിലാണ് വിമാനം കാണാന്‍ കഴിയുന്നത്. ഈ വിമാനത്തിലുള്ള പൈലറ്റിനാണ് അദ്ദേഹം കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നത്. വീഡിയോയുടെ ഒരു മിനിറ്റ് മുതല്‍ അകമ്പടി വാഹനത്തില്‍ നിന്നും ചിത്രീകരിച്ച വീഡിയോ ഷോട്ടുകളും കാണാന്‍ സാധിക്കും.

നരേന്ദ്ര മോദി സഞ്ചരിച്ച തേജസ് യുദ്ധവിമാനത്തിനൊപ്പം സഞ്ചരിച്ച അകമ്പടി വിമാനം-

വീഡിയോയുടെ പൂര്‍ണ്ണരൂപം ഇവിടെ കാണാം-

YouTube Video

നിഗമനം

തേജസ് യുദ്ധവിമാനത്തില്‍ യാത്ര ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് അകമ്പടിയായി വന്ന സമീപത്തെ യുദ്ധവിമാനത്തിലേക്കാണ് കൈ വീശി അഭിവാദ്യം ചെയ്തതെന്ന് യഥാര്‍ത്ഥ വീഡിയോ പരിശോധിച്ചതില്‍ നിന്നും വ്യക്തമാണ്. പ്രചരിക്കുന്നത് യഥാര്‍ത്ഥ വീഡിയോയുടെ ഏതാനം സെക്കന്‍ഡുകള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ശൂന്യതയിലേക്ക് നോക്കി കൈവീശുന്ന പ്രധാനമന്ത്രിയുടെ വീഡിയോയാണോ ഇത്? വസ്തുത അറിയാം..

Written By: Dewin Carlos

Result: False