കെഎസ്ഇബി ഫ്രീ ഇന്റർനെറ്റ് കണക്ഷൻ തരാൻ പോകുന്നു എന്ന വാർത്തയുടെ യാഥാർഥ്യം..
വിവരണം
Ottamoolikal എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. "ഞെട്ടിച്ചു KSEB, ഇനി ഫ്രീ ഇന്റർനെറ്റ് കെ.എസ്.ഇ.ബി. തരും ! കറന്റ് കണക്ഷന് ഒപ്പം നെറ്റും അറിയൂ...!" എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോയുടെ ലിങ്കാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. വീഡിയോയിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്. സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്നും വൈദ്യുതിക്ക് പുറമെ ഇന്റർനെറ്റ് കണക്ഷൻ കൂടി ലഭിക്കും. വീഡിയോയുടെ വിവരണം ഇങ്ങനെ: കെഎസ്ഇബി എന്ന് കേൾക്കുമ്പോൾ കറണ്ട് ബില്ലിനെ കുറിച്ചാണ് ഓർമ വരുന്നത്. കറണ്ട് ബില്ലിലൂടെ നമ്മളെ ഞെട്ടിക്കുന്ന കെഎസ്ഇബി നമ്മളെ തലോടാൻ പോവുകയാണ്. സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്നും വൈദ്യുതിക്ക് പുറമേ ഇനി വരാൻ പോകുന്നത് ഇന്റർനെറ്റ് കണക്ഷൻ കൂടിയാണ്. ബിപിഎൽ കാർഡുകാർക്ക് കണക്ഷൻ സൗജന്യമായി ലഭിക്കും. മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ലഭ്യമാകും. ആറ് മാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാകുമെന്നാണ് വിലയിരുത്തൽ. കേരളം ഫൈബർ ഒപ്റ്റിക് നെറ്റുവർക്ക് അഥവാ കെ-ഫോണുമായി സഹകരിച്ചു കൊണ്ടാണ് ഇത്തരമൊടു പദ്ധതി യാഥാർഥ്യമാകുന്നത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ സർക്കാർ ഓഫീസുകളിലും സ്‌കൂളുകളിലും കണക്ഷൻ ലഭിക്കും. പുതിയ വൈദ്യുതി കണക്ഷനോടൊപ്പംഇന്‍റർനെറ്റ് കണക്ഷൻ നൽകാനുള്ള പദ്ധതിയുമുണ്ട്. കേരളത്തിലെ എല്ലാ 220 കെവി സ്റ്റേഷനുകളെയും ഒപ്റ്റിക് ഫൈബർ നെറ്റ്‌വർക്കിൽ ബന്ധിപ്പിച്ച് 110, 66 കെവി കെവി ഒപ്റ്റിക് ഫൈബർ ശൃംഖലയാക്കുന്ന ജോലി പുരോഗമിക്കുകയാണ്..." ഇങ്ങനെ വിവരണം തുടരുന്നു.
archived link | FB post |
archived link | live24x7 |
പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്ന് ഇന്‍റർനെറ്റ് കണക്ഷൻ ലഭിക്കാൻ പോകുന്നു എന്നതാണ്. നമുക്ക് വാർത്തയുടെ വിശദാംശങ്ങൾ അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഈ പോസ്റ്റിലെ വാർത്തയുടെ വിവിധ കീ വെഡ്സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞു നോക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും നിരവധി മാധ്യങ്ങളുടെ വെബ്‌സൈറ്റിലും പ്രസ്തുത വാർത്ത നൽകിയിട്ടുണ്ട്. എന്നാൽ വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഈ പദ്ധതി കെഎസ്ഇബിയുടെ സ്വതന്ത്ര പദ്ധതി അല്ല എന്നാണ്. 2018 മെയ് 9 നാണ് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജിൽ ഇതേപ്പറ്റി ലേഖനം വന്നിട്ടുള്ളത്. കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡും കെ.എസ്.ഇ.ബി.യും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നതായിരിക്കും സംയുക്ത സംരംഭം എന്നാണ് അതിൽ നൽകിയിരിക്കുന്നത്.
archived link | CMO Kerala FB page |
2017 ഒക്ടോബർ 16 ന് മനോരമ പ്രസിദ്ധീകരിച്ച വാർത്തയിൽ പദ്ധതിയെ പറ്റിയുള്ള മന്ത്രിസഭാ തീരുമാനം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വാർത്തകളിലൊന്നും കെഎസ്ഇബിയുടെ പദ്ധതിയാണിത് എന്ന് നൽകിയിട്ടില്ല.
അതിനാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ വ്യക്തതയ്ക്കായി ഞങ്ങൾ കെഎസ്ഇബിയുടെ പബ്ലിക്ക് റിലേഷൻസ് ഓഫീസറായ പ്രിൻസിനോട് വിശദീകരണം തേടി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്," ഇത് പൂർണ്ണമായും സംസ്ഥാന സർക്കാരിന്‍റെ പദ്ധതിയാണ്. കെഎസ്ഇബിയുടെ പോസ്റ്റുകൾ ഇതിനായി നൽകും. അതിനു ചെറിയ നിരക്കിൽ വാടക പോലെ തുക ഈടാക്കാനാണ് ഇപ്പോഴുള്ള തീരുമാനം. കണക്ഷൻ കൊടുക്കുന്നതും തകരാറ് പരിഹരിക്കുന്നതുമെല്ലാം കെ ഫോൺ എന്ന കമ്പനി ആണ്. കെഎസ്ഇബിയ്ക്ക് ഇത്തരം കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. കെഎസ്ഇബിയുടെ പോസ്റ്റുകളിലൂടെയാണ് കേബിളുകൾ നൽകുക എന്ന കാര്യത്തിൽ മാത്രമേയുള്ളു കെഎസ്ഇബിയുമായി പദ്ധതിയ്ക്കുള്ള ബന്ധം. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കും എന്നത് ശരിയാണ്."
archived link | emerging kerala |
archived link | mathrubhumi |
കെഎസ്ഇബി ഇന്റർനെറ്റ് കണക്ഷൻ നൽകുന്നു എന്ന വാർത്ത ശരിയല്ല എന്ന് ഇതിൽ നിന്നും നമുക്ക് ഉറപ്പിക്കാം.കണക്ഷന്‍ സൌജന്യവുമല്ല. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമാണ് സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
നിഗമനം
ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും ശരിയല്ല. സംസ്ഥാന വൈദ്യുതി ബോർഡ് നേരിട്ട് ഇന്റർനെറ്റ് കണക്ഷൻ നൽകുന്നില്ല. കെ-ഫോൺ എന്ന സർക്കാർ കമ്പനി നൽകുന്ന ഇന്റർനെറ്റ് കണക്ഷൻ കെഎസ്ഇബി പോസ്റ്റുകൾ വഴിയാണ് നൽകുന്നത് എന്നതാണ് യഥാർത്ഥ വസ്തുത. കെഎസ്ഇബി പദ്ധതിയാണിത് എന്ന് പോസ്റ്റിലെ വീഡിയോ കാണുന്നവർ തെറ്റിദ്ധരിക്കാനിടയുണ്ട്. അതിനാൽ മുകളിലെ വസ്തുതകൾ മനസ്സിലാക്കിയ ശേഷം മാത്രം പോസ്റ്റ് ഷെയർ ചെയ്യുക.
Title:കെഎസ്ഇബി ഫ്രീ ഇന്റർനെറ്റ് കണക്ഷൻ തരാൻ പോകുന്നു എന്ന വാർത്തയുടെ യാഥാർഥ്യം..
Fact Check By: Vasuki SResult: Mixture