വിവരണം

ലോകകപ്പ് ഏകദിന ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടക്കുമ്പോള്‍ മത്സരം നടക്കുന്ന ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ കളി കാണാന്‍ കാണികളില്ലായെന്ന ആക്ഷേപമാണ് തുടക്കം തന്നെ ചര്‍ച്ചയായിരിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ന്യൂസിലന്‍ഡ്-ഇംഗ്ലിണ്ട് ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് ഒഴിഞ്ഞ ഗ്യലറിയാണ് കാണാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. സൗജന്യ ടിക്കറ്റ് നല്‍കി ആളെ നിറയ്ക്കാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ലായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതെ സമയം വിഷയത്തില്‍ വിചിത്രമായ പ്രതികരണവുമായി ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന എന്ന പേരിലൊരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കാണികള്‍ കുറഞ്ഞത് സ്റ്റേഡിയത്തിന്‍റെ പേരിന്‍റെ പ്രശ്നമല്ലാ. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ജനങ്ങളുടെ പോക്കറ്റില്‍ ടിക്കറ്റെടുക്കാനുള്ള കാശില്ലാത്തതുകൊണ്ടാണെ്.. എന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന പേരിലാണ് പ്രചരണം.

പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ തോമസ് ചാക്കോ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,500ല്‍ അധികം റിയാക്ഷനുകളും 363ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Fecebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.സുരനേദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കെ.സുരേന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ ഗൂഗിളില്‍ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും ഇത്തരത്തിലൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്-

ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ. വ്യാജ പ്രചരണം മാത്രമാണിത്. സിപിഎം സൈബര്‍ സംഘങ്ങള്‍ നിരന്തരമായി തന്‍റെ പേരില്‍ വ്യാജ പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

നിഗമനം

തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയാണെന്നും ലോക കപ്പ് മത്സരം നടക്കുന്ന സ്റ്റേഡിയത്തെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും കെ.സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടനത്തിന് കാണികള്‍ കുറഞ്ഞതിനെ കുറിച്ച് കെ.സുരേന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False