ഈ ചെറിയ പക്ഷി എത്ര ദാഹിച്ചാലും വേറെ വെള്ളം കുടിക്കില്ല, മഴവെള്ളം മാത്രമേ കുടിക്കൂ- പ്രചരണത്തിന്‍റെ സത്യാവസ്ഥ…

കൌതുകം

ഭൂമിയിലെ ജീവജാലങ്ങൾക്കെല്ലാം സവിശേഷമായ ചില പ്രത്യേകതകളുണ്ട്.  ചില ജീവജാലങ്ങളുടെ രീതികളെ കുറിച്ച് കേൾക്കുമ്പോൾ നമുക്ക് അത്ഭുതവും വിസ്മയവും തോന്നാറുണ്ട്. വെള്ളം കുടിക്കാത്ത ഒരു പക്ഷിയെ കുറിച്ച് ഒരു ലേഖനത്തില്‍ പ്രതിപാദിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. 

പ്രചരണം 

ജാക്കോബിൻ കുക്കൂ അഥവാ കൊമ്പൻ കുയിൽ എന്ന പക്ഷി വെള്ളം കുടിക്കാറില്ല എന്നാണ് ലേഖനത്തിൽ അവകാശപ്പെടുന്നത്. ഈ ചെറു പക്ഷി എത്ര ദാഹിച്ചാലും വെള്ളം കുടിക്കില്ലെന്നും മഴ പെയ്യുമ്പോൾ മഴ വെള്ളം മാത്രമേ കുടിക്കൂ എന്നുമാണ് പറയുന്നത്.  ഇത് സൂചിപ്പിച്ച് ലേഖനത്തിന്‍റെ ഉള്ളടക്കം ഇങ്ങനെ: 

“ഈ പ്രത്യേക പക്ഷി ദാഹത്താൽ കഷ്ടപ്പെടുന്നു. പക്ഷേ നദിയിൽ നിന്നോ കുളത്തിൽ നിന്നോ വെള്ളം കുടിക്കുന്നില്ല. ഇതോടൊപ്പം ഏതെങ്കിലും പാത്രത്തിൽ വെള്ളം കുടിക്കാൻ കൊടുത്താലും കുടിക്കില്ല. ഈ പക്ഷി ഏത് വെള്ളമാണ് കുടിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിരിക്കണം. കാരണം വെള്ളം കുടിക്കാതെ ആർക്കും അതിജീവിക്കാൻ കഴിയില്ല. ഈ പ്രത്യേക പക്ഷിയുടെ പേര് എന്താണെന്നും അത് കുടിക്കുന്ന വെള്ളം എന്താണെന്നും നമുക്ക് നോക്കാം.

ഈ പക്ഷി തടാകത്തിൽ നിന്നോ കുളത്തിൽ നിന്നോ നദിയിൽ നിന്നോ വെള്ളം കുടിക്കുന്നില്ല. ഈ പക്ഷി മഴവെള്ളം മാത്രമേ കുടിക്കൂ എന്നറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. മഴ പെയ്താൽ ദാഹം ശമിക്കും. ചതക് (Jacobin Cuckoo) എന്നാണ് ഈ പ്രത്യേക പക്ഷിയുടെ പേര്. ദാഹിക്കുമ്പോള്‍ ഈ പക്ഷി വെള്ളം കുടിക്കില്ല. മഴ പെയ്യുമ്പോള്‍ മഴവെള്ളം മാത്രമേ കുടിക്കൂ.

ചാതകിന് ദാഹിച്ച് വെള്ളം നിറഞ്ഞ തടാകത്തിൽ എറിഞ്ഞാൽ അത് വെള്ളത്തിൽ വായ തുറക്കില്ലെന്ന് പറയപ്പെടുന്നു. ഈ പക്ഷി ഈ കാര്യത്തിൽ വളരെ ആത്മാഭിമാനമുള്ളതാണ്.”

archived linkFB post

entertainmentportal | archived link

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പൊള്ളയായ പ്രചരണമാണ് ഇതെന്ന് വ്യക്തമായി 

വസ്തുത  ഇങ്ങനെ

ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ ചില മാധ്യമങ്ങൾ    ജാക്കോബിൻ കുക്കുവിന് ഇത്തരത്തിൽ ഒരു സവിശേഷതയുണ്ട് എന്ന മട്ടിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കാണാൻ കഴിഞ്ഞു. എന്നാൽ ഇവയെ പറ്റി ആധികാരികമായി നൽകിയ പഠന ലേഖനങ്ങളിലൊന്നും എത്ര ദാഹിച്ചാലും മഴവെള്ളമല്ലാതെ മറ്റൊന്നും ജാക്കോബിൻ കുക്കു കുടിക്കില്ല എന്നൊരു സവിശേഷത പരാമർശിക്കുന്നില്ല. 

പ്രചരണത്തിന്‍റെ വസ്തുത അറിയാനായി ഞങ്ങൾ കേരളത്തിലെ പ്രമുഖ പക്ഷി ശാസ്ത്രജ്ഞനായ ഡോ. ആർ സുഗതന്‍റെ സഹായം തേടി.  അദ്ദേഹം ഞങ്ങൾക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്: “തെറ്റായ പ്രചരണമാണ് നടക്കുന്നത്. ഈ പക്ഷിയ്ക്ക് ഇങ്ങനെ ഒരു പ്രത്യേകത ഇല്ല. ഈ പക്ഷിയുടെ സാന്നിധ്യം മഴക്കാലത്തിന്‍റെ സൂചനയായി ചിലയിടത്ത് കണക്കാക്കുന്നുണ്ട്. ഈ പക്ഷി നമ്മുടെ നാട്ടിലും കാണപ്പെടാറുണ്ട്. പൊതുവേ പക്ഷികൾ മറ്റു ജീവജാലങ്ങളെ പോലെ അത്രയും വെള്ളം കുടിക്കാറില്ല.  അവ ഭക്ഷിക്കുന്ന ആഹാരങ്ങളിൽ അവയ്ക്കു ആവശ്യമായ വെള്ളം ഉണ്ടാവും.  ജീവജാലങ്ങളിൽ പക്ഷികൾ ഉഷ്ണരക്ത ജീവികളാണ്. മൃഗങ്ങൾ പൊതുവേ ശീതരക്ത ജീവികളാണ്. വെള്ളത്തില്‍ നനച്ച് ശരീരം തണുപ്പിച്ചാണ് പക്ഷികള്‍ താപനില ക്രമീകരിക്കുന്നത്. അവയ്ക്ക് യൂറിന്‍ ഇല്ല. 

മഴവെള്ളം മാത്രമേ കുടിക്കൂ എന്ന പ്രത്യേകത ഒരു പക്ഷിക്കുമില്ല.  ചൂടു കാലങ്ങളിൽ ഒരു പാത്രത്തിൽ വെള്ളം വീടുകളിൽ വെയ്ക്കണമെന്ന്  പ്രകൃതിസ്നേഹികൾ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്.  ആഹാരങ്ങളിൽ നിന്നും വെള്ളം മതിയാകാതെ വരുമ്പോൾ മാത്രം അവ വേറെ വെള്ളം കുടിക്കും. ശരീരത്തിലെ താപനില നിയന്ത്രിക്കുന്നത് വെള്ളം ശരീരത്തില്‍ നനച്ചാണ്. കുളിക്കുമ്പോൾ പോലും അവ വളരെ കുറഞ്ഞ തോതിൽ മാത്രമേ ചിലപ്പോൾ വെള്ളം കുടിക്കുകയുള്ളൂ. ഉഷ്ണ രക്തമുള്ള ജീവി ആയതിനാൽ അവയ്ക്ക് ശരീര താപനില ക്രമീകരിക്കാൻ മറ്റു മാർഗ്ഗമില്ല

മുമ്പ് വേറൊരു പ്രചരണം നടന്നിരുന്നു. മലമുഴക്കി വേഴാമ്പലിന്‍റെ തലയുടെ മുകളില്‍ ഒരു സുഷിരമുണ്ടെന്നും അതില്‍ മഴവെള്ളം സംഭരിച്ചു വച്ചാണ് ഉപയോഗിക്കുന്നതെന്നും പ്രചരണം വന്നിരുന്നു. ഇതെല്ലാം തെറ്റായ പ്രചരണമാണ്.”

ജാക്കോബിൻ കുക്കു എത്ര ദാഹിച്ചാലും വെള്ളം കുടിക്കൽ എന്നും മഴ പെയ്യുമ്പോൾ മഴ വെള്ളം മാത്രമേ കുടിക്കൂ എന്നത് തെറ്റായ പ്രചരണമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.   

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ജാക്കോബിൻ കുക്കൂ എത്ര ദാഹിച്ചാലും വെള്ളം കുടിക്കില്ലെന്നും മഴ പെയ്യുമ്പോൾ മഴവെള്ളം മാത്രമേ കുടിക്കൂ എന്നതും തെറ്റായ പ്രചരണമാണ്. പക്ഷികൾ പൊതുവെ വളരെ കുറച്ച് വെള്ളം മാത്രമേ കുടിക്കുകയുള്ളൂ, അവരുടെ ശരീര താപനില നിയന്ത്രിക്കാൻ ശരീരത്തിൽ വെള്ളം നനയ്ക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം പ്രമുഖ പക്ഷിനിരീക്ഷകനായ ആർ. സുഗതൻ വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഈ ചെറിയ പക്ഷി എത്ര ദാഹിച്ചാലും വേറെ വെള്ളം കുടിക്കില്ല, മഴവെള്ളം മാത്രമേ കുടിക്കൂ- പ്രചരണത്തിന്‍റെ സത്യാവസ്ഥ…

Fact Check By: Vasuki S 

Result: False