FACT CHECK: കെ.സി.വേണുഗോപാലിന് എതിരെ യൂത്ത് കോണ്‍ഗ്രസ്‌ പ്രമേയം പാസാക്കി എന്ന് തെറ്റായ പ്രചരണം…

പ്രാദേശികം | Local രാഷ്ട്രീയം | Politics

മുതിർന്ന കോൺഗ്രസ് നേതാവും സംഘടനാ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി അനിൽകുമാർ തന്‍റെ 43 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്ന വാര്‍ത്ത ഇന്നലെ പുറത്തു വന്നിരുന്നു. ഇതേതുടർന്ന് കോൺഗ്രസിനകത്ത് വീണ്ടും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് വാദിച്ച് മറ്റൊരു വാർത്ത ഇപ്പോൾ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

എ ഐ സിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കേരത്തിലെ യൂത്ത് കോണ്‍ഗ്രസ്‌ നിലപാട് എടുക്കുന്നു എന്ന് സൂചിപ്പിച്ച് പോസ്റ്ററില്‍ നല്‍കിയ വാചകങ്ങള്‍ ഇങ്ങനെ:  “കെ.സി വേണുഗോപാലിനെതിരെ പ്രമേയം പാസാക്കി യൂത്ത് കോൺഗ്രസ് പേടിതൊണ്ടന്‍ സുധാകരന്‍ പ്രസിഡണ്ട്‌ ആയശേഷം വെച്ചടി കയറ്റങ്ങള്‍ ആണല്ലോ കൊങ്കിസ്” ഒപ്പം കെ.സി വേണുഗോപാലിന്‍റെ ചിത്രവും പോസ്റ്ററിൽ നൽകിയിട്ടുണ്ട്.

archived linkFB post

കൂടാതെ ഇങ്ങനെ  വിവരണവും നൽകിയിട്ടുണ്ട്: “എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ്. കെ.സി വേണുഗോപാൽ കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആക്ഷേപം. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കെ.സി. വേണുഗോപാലിനെതിരെ പ്രമേയം പാസാക്കി. സംഘടനയെ കൈപ്പിടിയിൽ ഒതുക്കാൻ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്.”

 യൂത്ത് കോൺഗ്രസ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ പ്രമേയം പാസാക്കി എന്നാണ് പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് വ്യക്തമാവുകയും ചെയ്തു.

വസ്തുത ഇങ്ങനെ 

 ഞങ്ങൾ വാർത്തയെക്കുറിച്ച് ഓൺലൈനിൽ അന്വേഷിച്ചപ്പോൾ ചില ഓൺലൈൻ മാധ്യമങ്ങൾ ഇങ്ങനെ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കൂടാതെ 24 ന്യൂസ് ചാനല്‍  ഇതേ തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. 

അതിനാൽ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “പൂർണമായും വ്യാജപ്രചരണമാണ്. കെ.സി വേണുഗോപാലിന് എതിരെ യൂത്ത് കോണ്‍ഗ്രസ്‌ യാതൊരു പ്രമേയവും പാസാക്കിയിട്ടില്ല. ആരോപണം നേരിട്ട തിരുവനന്തപുരം ജില്ലാ കമ്മറ്റി ഇതിനെതിരെ വിശദീകരണം നല്‍കിയിരുന്നു.” 

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് സുധീർഷാ പാലോട് ഈ പ്രചരണം തെറ്റാണെന്നും ഇങ്ങനെയൊരു ചർച്ചയോ തീരുമാനം ജില്ലാ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നുംവ്യക്തമാക്കി പ്രസ്താവന പുറത്തിറക്കിയിരുന്നു. വർക്കല, നെടുമങ്ങാട് അസംബ്ലി ഭാരവാഹികളുടെ ലിസ്റ്റ് മരവിപ്പിച്ച നടപടി റദ്ദ് ചെയ്യണമെന്ന് മാത്രമാണ് ജില്ലാ കമ്മിറ്റി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും വാർത്താകുറിപ്പിൽ അറിയിക്കുന്നു. 

യൂത്ത് കോണ്‍ഗ്രസ്‌ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

ഞങ്ങള്‍ സുധീര്‍ഷാ പാലോടുമായി സംസാരിച്ചിരുന്നു. വ്യാജ പ്രചരണമാണ് തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസിന്‍റെ പേരില്‍ നടത്തുന്നത് എന്നും ഇങ്ങനെയൊരു പ്രമേയം പാസാക്കുകയോ ചര്‍ച്ചകള്‍ നടത്തുകയോ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കെ സി വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കി എന്ന പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

 നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. എ.ഐ.സി.സി.  ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കി എന്നമട്ടിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം പൂർണമായി തെറ്റാണെന്ന് യൂത്ത് കോൺഗ്രസ് എസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കെ.സി.വേണുഗോപാലിന് എതിരെ യൂത്ത് കോണ്‍ഗ്രസ്‌ പ്രമേയം പാസാക്കി എന്ന് തെറ്റായ പ്രചരണം…

Fact Check By: Vasuki S 

Result: False