പൗരത്വ രേഖകൾ അപ്ഡേറ്റ് ചെയ്യാത്ത ഇന്ത്യൻ പാസ്സ്പോർട്ടുമായി വിദേശയാത്ര അനുവദിക്കില്ല എന്ന് സർക്കാർ തീരുമാനം വന്നോ…?

ദേശീയം | National

വിവരണം

Renjithkumar R

 എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും  🕉🚩🇮🇳അഘോരി🇮🇳🚩🕉 എന്ന പബ്ലിക്ക് ഗ്രൂപ്പിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. 2020 ജനുവരി 1 മുതൽ പൗരത്വ രേഖകൾ അപ്ഡേറ്റ് ചെയ്യാത്ത ഇന്ത്യൻ പാസ്സ്പോർട്ടുമായി വിദേശയാത്ര അനുവദിക്കില്ല

മോദിജി ഡാ 💪”  എന്നതാണ് വാർത്ത.

archived linkFB post

പൗരത്വ ഭേദഗതി ബില്ലിനും  ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ  ഇന്ത്യ മുഴുവൻ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആരംഭിച്ച പ്രതിഷേധം ഇപ്പോഴും ശക്തമായി പലയിടത്തും തുടരുകയാണ്. എന്നാൽ പൗരത്വ രേഖകൾ എപ്പോൾ മുതലാണ് കൃത്യമായി ഹാജരാക്കേണ്ടി വരുന്നത് എന്ന കാര്യത്തിൽ സർക്കാർ ഉത്തരവ് പുറത്തുവന്നോ..? 2020 മുതൽ പൗരത്വ രേഖകൾ അപ്‌ഡേറ്റ് ചെയ്യാത്ത ഇന്ത്യൻ പാസ്സ്‌പോർട്ട് ഉപയോഗിച്ച് വിദേശയാത്ര ചെയ്യാൻ അനുവദിക്കില്ല എന്ന് സർക്കാർ അറിയിപ്പ് വന്നോ..? നമുക്ക് അന്വേഷിച്ച്  അറിയാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് വാർത്താ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു മാധ്യമ വാർത്തയും ലഭ്യമല്ല. കൂടാതെ ഞങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ ഇത്തരത്തിൽ ഒരു അറിയിപ്പ് നൽകിയിട്ടുണ്ടോ എന്ന് തിരഞ്ഞു. പത്രക്കുറിപ്പുകളായും വക്താവിന്‍റെ പ്രസ്താവനകളായും മന്ത്രാലയം അറിയിപ്പുകൾ വെബ്‌സൈറ്റിൽ നൽകാറുണ്ട്. എന്നാൽ പൗരത്വ രേഖകൾ അപ്‌ഡേറ്റ് ചെയ്യാത്ത ഇന്ത്യൻ പാസ്സ്‌പോർട്ട് ഉപയോഗിച്ച് വിദേശയാത്ര ചെയ്യാൻ അനുവദിക്കില്ല എന്ന ഒരു അറിയിപ്പ് നൽകിയിട്ടില്ല.  

മാത്രമല്ല, പൌരത്വ രെജിസ്റ്റര്‍ ആദ്യം ആസാമിലും പിന്നെ മറ്റ് ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കും എന്നാണ് കേന്ദ്ര അഭ്യന്ത്രമന്ത്രി അമിത് ഷാ പാര്‍ലമെന്‍റില്‍ അറിയിച്ചിട്ടുള്ളത്. ആസ്സാം ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ പൌരത്വ രജിസ്റ്റര്‍ എപ്പോഴാണ് നടപ്പിലാക്കുക എന്ന കാര്യത്തെക്കുറിച്ച്  മന്ത്രാലയത്തില്‍ നിന്ന് ഇതുവരെ തീരുമാനങ്ങള്‍ വന്നിട്ടില്ല. 

2020 ഏപ്രിലില്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് വിക്കിപീഡിയ അറിയിക്കുന്നു. ദേശീയ ജനസംഖ്യ രജിസ്റ്ററിനും പൌരത്വ രജിസ്റ്ററിനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ജനസംഖ്യ രജിസ്റ്ററാണ് ആദ്യം നടപ്പിലാക്കുക എന്നാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്.  

archived linkwikipedia

എന്‍‌ഡി‌ടി‌വി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത പ്രകാരം പൌരത്വ രജിസ്റ്റര്‍  ഉടന്‍ ഇന്‍ഡ്യ മുഴുവന്‍ വ്യാപിപ്പിക്കാന്‍ തീരുമാനമില്ല എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി‌ കെ റെഡ്ഡി അറിയിച്ചതായി പറയുന്നു.  

archived linkndtv

അതിനാൽ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഉദ്യോഗസ്ഥൻ ഞങ്ങളുടെ പ്രതിനിധിയോട് വിശദമാക്കിയത് ഇങ്ങനെയാണ് : ഇത് ഒരു വ്യാജ വാർത്തയാണ്. കേന്ദ്ര മന്ത്രാലയം ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. തെറ്റിദ്ധരിപ്പിക്കാൻ വെറുതെ പ്രചരിപ്പിക്കുന്നതാണ്. 

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തയാണ് എന്ന് വ്യക്തമായിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പൗരത്വ രേഖകൾ അപ്‌ഡേറ്റ് ചെയ്യാത്ത ഇന്ത്യൻ പാസ്സ്‌പോർട്ട് ഉപയോഗിച്ച് വിദേശയാത്ര ചെയ്യാൻ അനുവദിക്കില്ല എന്ന തീരുമാനം കേന്ദ്ര സർക്കാർ ഇതുവരെ എടുത്തിട്ടില്ല. അതിനാൽ തെറ്റിധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു 

Avatar

Title:പൗരത്വ രേഖകൾ അപ്ഡേറ്റ് ചെയ്യാത്ത ഇന്ത്യൻ പാസ്സ്പോർട്ടുമായി വിദേശയാത്ര അനുവദിക്കില്ല എന്ന് സർക്കാർ തീരുമാനം വന്നോ…?

Fact Check By: Vasuki S 

Result: False