
വിവരണം
സിപിഎം രാജ്യ സഭാംഗം ഋതബ്രത ബാനർജി ബിജെപിയിൽ ചേർന്നു. കോൺഗ്രസുകാരെ സംഘികളാക്കുന്ന കമ്മികൾ കാണുന്നുണ്ടല്ലോ അല്ലേ… ഇന്നലെ സിന്ധ്യ പോയപ്പോൾ പൊട്ടിച്ചിരിച്ച കമ്മികൾ ഇന്ന് കുറച്ചു പൊട്ടിക്കരഞ്ഞോളു. എന്ന വിവരണത്തോടെ റിതബ്രത ബാനർജിയുടെ ചിത്രവുമായി പ്രചരിക്കുന്ന പോസ്റ്റിന് 24 മണിക്കൂർ കൊണ്ട് 5000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.

archived link | FB post |
സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനർജി ബിജെപിയിൽ ചേർന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. ഋതബ്രത ബാനർജിയെ 2017 ൽ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും സിപിഎമ്മുമായി ഋതബ്രതയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ആദ്യമേ തന്നെ അറിയിക്കട്ടെ. വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഋതബ്രതയ്ക്കെതിരെയുള്ള ആരോപണങ്ങൾക്ക് മുകളിൽ സിപിഎം 2017 ജൂൺ മാസം മുതൽ ചർച്ച ആരഭിക്കുകയും ഒക്ടോബർ മാസം പുറത്താക്കുകയുമായിരുന്നു. 2014 ൽ സിപിഎം ടിക്കറ്റിലാണ് ഋതബ്രത രാജ്യസഭയിലെത്തിയത്. സിപിഎമ്മിന് രാജ്യസഭയിൽ അഞ്ച് എംപിമാരാണുള്ളത്. കേരളത്തില്‍ നിന്നുമുള്ള എളമരം കരീം, കെ കെ രാഗേഷ്, കെ സോമപ്രസാദ് എന്നിവരും ത്രിപുരയില്‍ നിന്നുമുള്ള ജർണാ ദാസും തമിഴ്നാട്ടില്‍ നിന്നുമുള്ള ടികെ രംഗരാജനുമാണ് അവർ.
ധാർമ്മിക വ്യതിയാനം, പാർട്ടി രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന ആരോപണം ആഡംബര ജീവിതം എന്നിവയെ തുടർന്ന് 3 മാസത്തേക്ക് 2017 ജൂൺ 2 ന് ഋതബ്രതയെ സിപിഎം പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാരോപിച്ച് 2017 ഒക്ടോബർ 10 ന് നമ്രത്ത ദത്ത എന്ന സ്ത്രീ ബലൂർജട്ട് പോലീസ് സ്റ്റേഷനിൽ റിതബ്രതയ്‌ക്കെതിരെ പരാതി നൽകി. എബിപി ആനന്ദ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ റിതബ്രത സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മുഹമ്മദ് സലിം എന്നിവർക്കെതിരെ സംസാരിച്ചു. തുടർന്നാണ് അദ്ദേഹത്തെ പാർട്ടി പുറത്താക്കിയത്.
ഋതബ്രതയെ പുറത്താക്കിയ വാര്‍ത്ത ദേശീയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനുശേഷം 2018 ൽ മമത ബാനർജി പുതുതായി രൂപീകരിച്ച ട്രൈബൽ വെൽഫെയർ കമ്മിറ്റിയുടെ കൺവീനറായി ഋതബ്രതയെ നിയമിച്ചിരുന്നു. നിലവിൽ ഋതബ്രത സ്വതന്ത്രനാണ്. ഒരു പാർട്ടിയുടെയും ഭാഗമല്ല. അദ്ദേഹം ബിജെപിയിൽ ചേർന്നതായി വാർത്തകളില്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം പൂർണ്ണമായും തെറ്റാണ്. ഋതബ്രത ബാനർജി സിപിഎം നിലവിൽ രാജ്യസഭാ എംപിയല്ല. സ്വതന്ത്രനാണ്. ഋതബ്രതയെ രണ്ടു വർഷം മുമ്പ് സിപിഎം പുറത്താക്കിയിരുന്നു. അദ്ദേഹം ബിജെപിയിൽ ചേർന്നതായി വാർത്തകളില്ല . പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ വാർത്തയാണ്

Title:സിപിഎം മുന്‍രാജ്യ സഭാംഗം ഋതബ്രത ബാനർജി ബിജെപിയിൽ ചേർന്നു എന്ന വാർത്ത തെറ്റാണ്….
Fact Check By: Vasuki SResult: False

I am sorry to share a false post, posted by somebody .