പഴയ വാഹനറാലിയുടെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

രാഷ്ട്രീയം | Politics

വിവരണം 

ബിന്ദു മുകുന്ദൻ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 27  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 15 മണിക്കൂറുകൾ കൊണ്ട് 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “Bjp മണ്ഡലം പ്രസിഡണ്ടിനെ പീഢന കേസിൽ പിടികൂടിയതിൽ പ്രതിഷേധിച്ച് ലിസിതാ പാലക്കലിന്‍റെ നേത്യത്വത്തിൽ പ്രതിഷേധ ബൈക്ക് റാലി” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ബിജെപിയുടെ പതാകകളുമേന്തി സ്ത്രീകളുടെ ഇരുചക്ര വാഹന റാലിയാണ്. 

archived linkFB post

ബിജെപി കോട്ടയം ഞീഴൂർ മണ്ഡലം പ്രസിഡണ്ട് ജോസ്പ്രകാശ് എന്നയാളുടെ പേരിൽ ചിത്രങ്ങൾ സഹിതം ചില ഫേസ്‌ബുക്ക് പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിൽ ഇയാൾ അറസ്റ്റിൽ എന്നാണ് വാർത്ത. ഈ വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിഞ്ഞിട്ടില്ല. ഈ വ്യക്തിയെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ ദുർഗാവാഹിനി കണ്ണൂർ വിഭാഗ് സംയോജക ലസിതാ പാലക്കൽ ഇരുചക്ര വാഹന റാലി നടത്തി എന്നാണ് പോസ്റ്റിലെ അവകാശവാദം. നമുക്ക് പോസ്റ്റിന്റെ യാഥാർഥ്യം അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയ ചിത്രം ഞങ്ങൾ വിശദമായി പരിശോധിച്ച് നോക്കിയപ്പോൾ വാഹനത്തിന്‍റെ രജിസ്‌ട്രേഷൻ പാലക്കാട് ആണെന്ന് കണ്ടു. അതിനാൽ ഞങ്ങൾ ബിജെപിയുടെ പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസുമായി ബന്ധപ്പെട്ടു. ഓഫീസ് സെക്രട്ടറി സനിൽ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയൊരു റാലി അവിടെ നടന്നിട്ടില്ല എന്നാണ്. മാത്രമല്ല, ലസിത പാലയ്ക്കലിന്‍റെ സ്വദേശം കണ്ണൂരാണ്. അവരുടെ പ്രവർത്തന മേഖലയും അവിടെയാണ്.  പോസ്റ്റിന്‍റെ ലിങ്ക് ആവശ്യപ്പെട്ടതിനെ തുടർന്ന് അവർക്ക് പരിശോധിക്കാനായി അയച്ചു കൊടുക്കുകയും ചെയ്തു. 

ഇത്  2017 ൽ ‘ജിഹാദി – ചുവപ്പു ഭീകരതക്കെതിരെ എല്ലാവര്‍ക്കും ജീവിക്കണം’ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിൽ ഒക്ടോബർ 3-ാം തിയ്യതി പയ്യന്നൂരില്‍ നിന്നും ആരംഭിച്ച ജനരക്ഷായാത്ര 9,10 തിയ്യതികളില്‍ പാലക്കാട് ജില്ലയില്‍ പര്യടനം നടത്തുന്നതിന് മുന്നോടിയായി പാലക്കാട്‌ ടൗണിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ  നടത്തിയ ബൈക്ക് റാലിയിൽ നിന്നുമുള്ള ചിത്രമാണ് എന്ന് പിന്നീട് ഓഫീസ് സെക്രട്ടറി സനിൽ വ്യക്തമാക്കി. ചിത്രത്തില്‍ കാണുന്നത് പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനാണ്. 

ഇത് സംബന്ധിച്ച് ബിജെപിയുടെ പാലക്കാട് ജില്ലാ ഓഫീസില്‍ നിന്നും നല്കിയ വാര്‍ത്ത താഴെ കൊടുക്കുന്നു. 

“ജിഹാദി – ചുവപ്പു ഭീകരതക്കെതിരെ എല്ലാവര്‍ക്കും ജീവിക്കണം”
 എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ.കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര  3-ാം തിയ്യതി പയ്യന്നൂരില്‍ നിന്നും ആരംഭിച്ച യാത്ര  9,10 തിയ്യതികളില്‍ പാലക്കാട് ജില്ലയില്‍ പര്യടനം നടത്തുന്നതിന് മുന്നോടിയായി മഹിളാമോർച്ച പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടത്തിയ ബൈക്ക് റാലി മഹിളാമോർച്ച ജില്ലാ അദ്ധ്യക്ഷ ശ്രീമതി.കെ.എം.ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. പാലക്കാട് വിക്ടോറിയ കോളേജ്ജിൽ നിന്ന് തുടങ്ങി  കോട്ടമൈതാനത്ത് സമാപിച്ചു. സമാപനയോഗത്തിൽ   മഹിളാമോർച്ച പാലക്കാട് മണ്ഡലം പ്രസിഡണ്ട് ശ്രീമതി.പ്രിയ അജയൻറെ  അധ്യക്ഷതയിൽ നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി: പ്രമീള ശശിധരൻ ഉദ്‌ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്  ശ്രീമതി. അജിതാമേനോൻ, ഭാരവാഹികളായ മഞ്ജു, ബേബിഎന്നിവർ ആശംസ പ്രസംഗം നടത്തുകയും, അശ്വതി,സ്വാഗതം, ഷീബ നന്ദിയും പറഞ്ഞു

തുടർന്ന് ഞങ്ങൾ ഫേസ്‌ബുക്കിൽ ഇതേ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോൾ ഇതേ ചിത്രം 2017 ഒക്ടോബർ 6 ന് ബിജെപി ജില്ലാ ഓഫീസില്‍ നിന്നും ലഭിച്ച വിവരണവുമായി പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.

അവ താഴെ കൊടുക്കുന്നു.

archived linkfacebook

രണ്ടു ചിത്രങ്ങളും ഒന്നുതന്നെയാണ് എന്ന് എളുപ്പം മനസ്സിലാകും. 2017 ലെ ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട ചിത്രം “Bjp മണ്ഡലം പ്രസിഡണ്ടിനെ പീഢന കേസിൽ പിടികൂടിയതിൽ പ്രതിഷേധിച്ച് ലിസിതാ പാലക്കലിന്‍റെ നേത്യത്വത്തിൽ പ്രതിഷേധ ബൈക്ക് റാലി” എന്ന വിവരണം ചേർത്ത് തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. 

ഞങ്ങൾ ബിജെപി കണ്ണൂർ ജില്ലാ കാര്യാലയവുമായി ബന്ധപ്പെട്ടു. “ലസിതാ പാലയ്ക്കൽ ദുർഗാവാഹിനിയുടെ കണ്ണൂർ വിഭാഗ് സംയോജക് ആണ്. അവർ ബിജെപിയുടെ ഭാരവാഹിയല്ല. ബിജെപിയുടെ കൊടിയേന്തി പ്രകടനം നടത്താൻ ഔദ്യോഗികമായി അവർക്ക് അധികാരമില്ല.” ഇതാണ് ഓഫീസ് സെക്രട്ടറി ആർകെ ഗിരിധരൻ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത്. ലസീതാ പാലക്കലിന്‍റെ ഫേസ്ബുക്ക് പേജില്‍ ഈ പോസ്റ്റ് സംബന്ധിച്ച വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.  

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പഴയ ചിത്രം തെറ്റായ വിവരണം ചേർത്ത് തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. അതിനാൽ പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പ് വസ്തുത അറിഞ്ഞിരിക്കാൻ മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു 

Avatar

Title:പഴയ വാഹനറാലിയുടെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

Fact Check By: Vasuki S 

Result: False