
വിവരണം
ഇക്കാലത്ത് പുതുതായി നടപ്പാക്കിയ കർഷക ബില്ലിനെതിരെ ആയിരക്കണക്കിന് കർഷകർ ദില്ലിയിൽ പ്രക്ഷോഭം നടത്തുകയാണ്. കർഷകരുടെ സമരവുമായി ബന്ധപ്പെട്ട് അനേകം തെറ്റായ വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇങ്ങനെയുള്ള പല പ്രചരണങ്ങളുടെയും മുകളില്‍ ഞങ്ങള്‍ നടത്തിയ വസ്തുതാ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റിലും ഞങ്ങളുടെ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. അടുത്തിടെ, സാമൂഹ്യ മാധ്യമങ്ങളില്‍ ഞങ്ങൾ ഒരു വൈറൽ വീഡിയോ കണ്ടു. ഒരു ടോൾ പ്ലാസ കടന്നുപോകുന്ന സൈനികരുടെ ഒരു സംഘത്തിന്‍റെ വാഹനങ്ങളാണ് വീഡിയോയിലുള്ളത്.. ദില്ലിയിലെ നിലവിലെ സ്ഥിതി നിയന്ത്രിക്കാൻ സമരം ചെയ്യുന്ന കർഷകർക്കെതിരെ ഇന്ത്യൻ സർക്കാർ സൈന്യത്തെ വിന്യസിക്കാന്‍ പോകുന്നു എന്നും സൈന്യ വ്യൂഹം ഗാസിയാബാദില്‍ എത്തിയെന്നും വീഡിയോ ചിത്രീകരിച്ച വ്യക്തി ശബ്ദ വിവരണം നല്‍കുന്നുണ്ട്. വീഡിയോയുടെ അടിക്കുറിപ്പായി *ഇനി എല്ലാരും പിരിഞ്ഞു പോകേണ്ടതാണ്*…..
*ഡൽഹിയിലെ കർഷക സമരങ്ങളെ നേരിടാൻ പട്ടാളത്തെ വിളിച്ച് കേന്ദ്ര സർക്കാർ. ഗാസിയാബാദിലെ നാഷണൽ ഹൈവേ വഴി പട്ടാളം ഡൽഹിയിലേക്ക് പ്രവേശിക്കാൻ തുടങ്ങി* എന്നും നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ക്ക് പോസ്റ്റിലെ വാദവുമായി യാതൊരു ബന്ധവുമില്ലെന്നും വീഡിയോ മറ്റൊരു സന്ദര്‍ഭത്തിലെതാണെന്നും ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി. വിശദാംശങ്ങള്‍ ഇങ്ങനെയാണ്:
വസ്തുതാ വിശകലനം
ഫേസ്ബുക്കില്‍ നിരവധി പേര് ഇതേ വിവരണത്തോടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
വൈറൽ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണം നടത്തി ഇംഗ്ലീഷില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിനായി ഞങ്ങളുടെ പ്രതിനിധി കേന്ദ്ര സര്‍ക്കാരിന്‍റെ ഔദ്യോഗിക ഏജന്‍സികളുമായി ബന്ധപ്പെട്ടിരുന്നു. ആദ്യം അതിനായി ആഭ്യന്തര മന്ത്രാലയത്തിലെ മീഡിയ കമ്മ്യൂണിക്കേഷൻസ് ഡയരക്ടര്‍ ജെനറല്‍ നിതിൻ വകങ്കറുമായി ഫാക്റ്റ് ക്രെസെൻഡോ ബന്ധപ്പെട്ടു.
“സൈനിക വിന്യാസം ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയിൽ വരില്ല, പക്ഷേ എന്‍റെ അറിവനുസരിച്ച് ദില്ലിയിൽ സമരം ചെയ്യുന്ന കർഷകർക്കെതിരെ സൈന്യത്തെ വിന്യസിച്ചിട്ടില്ല.”
ഫാക്റ്റ് ക്രെസെൻഡോ പിന്നീട് പ്രതിരോധ മന്ത്രാലയ വക്താവ് എ. ഭരത് ഭൂഷൺ ബാബുവുമായി ബന്ധപ്പെട്ടു.
ദില്ലിയില്‍ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ സൈന്യത്തെ വിന്യസിച്ചതായി അവകാശപ്പെടുന്ന വീഡിയോ വൈറലാകുന്നത് ശ്രദ്ധയില്‍ പെട്ടു. പീരങ്കികൾ വഹിച്ചു കൊണ്ട് പോകുന്ന സൈനിക സംഘമാണ് വീഡിയോയിൽ യഥാർത്ഥത്തിൽ ഉള്ളത്. ഇത് സേനയുടെ ഒരു പതിവ് യാത്ര മാത്രമാണ്. കോൺവോയിക്ക് പീരങ്കി മാത്രമേ ഉണ്ടായിരുന്നുള്ളൂ, സൈനിക ട്രക്കുകളില്‍ യഥാര്‍ഥത്തില്‍ സൈനികര്‍ ഇല്ല. ഇതാണ് അദ്ദേഹം നല്‍കിയ മറുപടി.
വൈറൽ വീഡിയോയെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചതിന് ശേഷം പിഐബി ഫാക്റ്റ് ചെക്ക് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രചാരണത്തെ കുറിച്ച് വിശദീകരണം പ്രസിദ്ധീകരിച്ചു.
കർഷക സമരത്തിനെതിരായി ദില്ലിയിൽ സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്ന് ട്വീറ്റിൽ വ്യക്തമാക്കുന്നു. പരിഭാഷ: ഇത് തെറ്റായ പ്രചാരണമാണ്. വീഡിയോയില്‍ കാണുന്നത് സൈന്യ സംഘത്തിന്‍റെ ഒരു പതിവ് യാത്ര മാത്രമാണ്. കര്‍ഷക സമരത്തിതിരെ സൈന്യത്തെ വിന്യസിപ്പിക്കുന്നു എന്നത് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രചാരണമാണ്.
കര്‍ഷക സമരത്തിനെതിരെ ഡല്‍ഹിയില്‍ സൈന്യത്തെ വിന്യസിപ്പിക്കുന്നു എന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം തെറ്റാണ്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ഡല്‍ഹിയില്‍ ഏതാനും ആഴ്ചകളായി തുടരുന്ന കര്‍ഷക സമരത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ വിന്യസിക്കാന്‍ പോകുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തുന്ന പ്രചരണം തെറ്റാണ്. പീരങ്കികള്‍ വഹിച്ചു കൊണ്ട് പോകുന്ന വാഹന വ്യൂഹമാണ് പോസ്റ്റിലുള്ളത്.

Title:കര്‍ഷക സമരത്തിനെതിരെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിപ്പിക്കുന്നു എന്ന പ്രചരണം തെറ്റാണ്…
Fact Check By: Vasuki SResult: False
