
വിവരണം
Madhump Madhump എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഏപ്രിൽ 23 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പോസ്റ്റിന് ഇതിനോടകം 5000 ഷെയറുകളായിട്ടുണ്ട്. “സുരേഷ്‌ഗോപിക്ക് പിന്തുണ അറിയിച്ച വിഎസ് അച്ചുതാനന്ദൻ. നന്മയുള്ള മനുഷ്യനാണ് സുരേഷ് ഗോപിയെന്നും ഇത്തരം മനുഷ്യർ ഭാവി രാഷ്ട്രീയത്തിന് ഗുണമാണെന്നും വിഎസ്…” വിഎസ് അച്യുതാനന്ദന്‍റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്‍റെ പ്രസ്താവന എന്ന മട്ടിലാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്.
സിപിഎമ്മിന്‍റെ കേരളത്തിലെ ആചാര്യനായ വിഎസ് രാഷ്ട്രീയ എതിരാളികളായ ബിജെപിയുടെ സ്ഥാനാർത്ഥിയായി തൃശൂരിൽ നിന്നും മത്സരിക്കുന്ന പ്രശസ്ത സിനിമാ നടൻ സുരേഷ് ഗോപിയെ പുകഴ്ത്തി ഇങ്ങനെ സംസാരിച്ചോ.. നമുക്ക് അന്വേഷിച്ചു നോക്കാം…
വസ്തുതാ പരിശോധന
ഞങ്ങൾ പ്രസ്താവനയെ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമാണോയെന്നറിയാൻ പ്രമുഖ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലും സാമൂഹ്യ മാധ്യമങ്ങളിലും നിരവധി തവണ തിരഞ്ഞു. കീ വേഡ്‌സ് ഏറെ തവണ മാറ്റി നോക്കിയെങ്കിലും യാതൊരു സൂചനകളും ലഭിച്ചില്ല. സുരേഷ് ഗോപിയെയും വിഎസ്സിനേയും ബന്ധിപ്പിക്കുന്ന ഒരു വാർത്തയുടെ സ്ക്രീൻഷോട്ടാണ് താഴെ കൊടുത്തിരിക്കുന്നത്. അതിന് യഥാർത്ഥത്തിൽ പോസ്റ്റിൽ പറഞ്ഞിട്ടുള്ള പ്രസ്താവനയുമായി യാതൊരു ബന്ധവുമില്ല.

archived link | dailyhunt |
സുരേഷ് ഗോപി വിഎസ് അച്യുതാനന്ദന് വേണ്ടി പ്രചാരണത്തിനിറങ്ങിയതിനെപ്പറ്റി indiatoday പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് താഴെ കൊടുക്കുന്നു. 2006 മെയ് 15 നു പ്രസിദ്ധീകരിച്ച വാർത്തയിൽ പോലും ഇത്തരമൊരു പരാമർശത്തിന്‍റെ സൂചനകളൊന്നുമില്ല.
archived link | indiatoday |
കൂടുതലറിയാനായി ഞങ്ങൾ വിഎസ് അച്യുതാനന്ദന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിച്ചു. എന്നാൽ ഇത് സംബന്ധിച്ച സൂചനകളൊന്നും ഒരു പോസ്റ്റുകളിലും കാണാനില്ല. തുടർന്ന് അദ്ദേഹത്തിൻറെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗം ഉദയകുമാറിനെയാണ് ലഭിച്ചത്. വിഎസ് അച്യുതാനന്ദൻ ഇത്തരത്തിലൊരു പരാമർശം എവിടെയും നടത്തിയിട്ടില്ലെന്നും ഇത് വെറും വ്യാജ പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളോട് പറയാനുള്ളതൊക്കെ ഫേസ്‌ബുക്ക് വഴി അപ്പപ്പോൾ തന്നെ പറയാറുണ്ട്. അദ്ദേഹത്തിൻറെ ഫേസ്‌ബുക്ക് അക്കൗണ്ട് സജീവമാണെന്നാണ് ഉദയകുമാർ അഭിപ്രായപ്പെട്ടത്.
ഞങ്ങൾ നടത്തിയ പരിശോധനയിൽ നിന്നും വ്യക്തമാകുന്നത് ഈ പോസ്റ്റിൽ പറയുന്നത് തെറ്റായ കാര്യമാണെന്നാണ്.
നിഗമനം
ഈ പോസ്റ്റ് പ്രചരിപ്പിക്കുന്നത് പൂർണമായും വ്യാജമായ വാർത്തയാണ്. വിഎസ് അച്യുതാനന്ദൻ സുരേഷ് ഗോപിയേപ്പറ്റി പോസ്റ്റിൽ ഉന്നയിക്കുന്നത് പോലെയുള്ള പരാമർശം എവിടെയും നടത്തിയിട്ടില്ല. അതിനാൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഈ പോസ്റ്റിനോട് പ്രതികരിക്കാതിരിക്കാൻ ശ്രദ്ധിക്കുക
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Title:വി എസ് അച്യുതാനന്ദൻ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചോ….?
Fact Check By: Deepa MResult: False
