വിവരണം

ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ പോര്‍ച്ചുഗള്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇസ്രയേലീ ചാനൽ മൈക്ക് പറിച്ചെറിഞ്ഞ് റൊണാൾഡോ എന്ന തലക്കെട്ട് നല്‍കി ക്രിസ്റ്റ്യാനോ ഒരു ചാനല്‍ റിപ്പോര്‍ട്ടറിന്‍റെ മൈക്ക് സമീപമുള്ള ജലാശയത്തിലേക്ക് വലിച്ചെറിയുന്നതാണ് വീഡിയോ. കെസി ഫൈസല്‍ കുറ്റ്യാടി എന്ന വ്യക്തിയുടെ പ്രൊഫൈല്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 101ല്‍ അധികം റിയാക്ഷനുകളും 124ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screen Record

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇസ്രയേല്‍ ന്യൂസ് റിപ്പോര്‍ട്ടറിന്‍റെ മൈക്രോഫോണ്‍ തന്നെയാണോ റോണാള്‍ഡോ വലിച്ചെറിയുന്നത്? വീഡിയോയ്ക്ക് ഇസ്രായേല്‍-പലസ്തീന്‍ യുദ്ധവുമായി ബന്ധമുണ്ടോ? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

Cristiano Ronaldo throws microphone എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും യൂട്യൂബില്‍ നിന്നും വീഡിയോയുടെ പൂര്‍ണ്ണരൂപം കണ്ടെത്താന്‍ കഴിഞ്ഞു. ബീനിമാന്‍ സ്പോര്‍ട്‌സ് എന്ന വേരിഫൈ‍ഡ് യൂട്യൂബ് ചാനലില്‍ നിന്നും പങ്കുവെച്ച വീഡിയോ 2016 ജൂണ്‍ 23നാണ് യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. Cristiano Ronaldo Throws Reporter's Microphone Into Lake!! എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരക്കുന്ന വീഡിയോയെ കുറിച്ചുള്ള വിശദീകരണം ഡിസ്ക്രിപ്ഷനായി യൂട്യൂബില്‍ നല്‍കിയിട്ടുണ്ട്. അതായത് പോര്‍ച്ചുഗലിലെ മുന്‍നിര പത്രസ്ഥാപനത്തിന്‍റെ ചാനലായ സിഎംടിവി റിപ്പോര്‍ട്ടര്‍ ഡിയോഗോ ടോറസാണ് ക്രിസ്റ്റ്യാനോ റോണാ‍ള്‍ഡോയുടെ പ്രതികരണം തേടാന്‍ മൈക്കുമായി എത്തിയത്. ഹങ്കറിക്കെതിരായ യൂറോ 2016 ഗ്രൂപ്പ് എഫ് മത്സരത്തിന് വേണ്ട തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഡിയോഗോ ടോറസ് ക്രിസ്റ്റ്യാനോയോട് ചോദിച്ചത്. ഉടന്‍ തന്നെ ക്രിസ്റ്റ്യാനോ പ്രകോപികനായി മൈക്ക് തടാകത്തിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് സംഭവത്തിന്‍റെ സത്യാവസ്ഥ. എന്നാല്‍ തന്നോടുള്ള വ്യക്തി വൈരാഗ്യം ഒന്നും തന്നെയല്ലാ കാരണമെന്നാണ് വിശ്വസിക്കുന്നതെന്നും പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീമിനെയും ക്രിസ്റ്റ്യാനോയെയും കുറിച്ച് ധാരാളം വാര്‍ത്തകള്‍ സിഎംടിവി നല്‍കാറുണ്ടെന്നും ഇതില്‍ ചിലത് അദ്ദേഹത്തിന് ഇഷ്ടമായിട്ടുണ്ടാകില്ലെന്നും റിപ്പോര്‍ട്ടറായ ഡിയോഗോ ടോറസ് വിശദീകരിച്ചതായും ബീനിമാന്‍ സ്പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സംഭവത്തെ കുറിച്ചുള്ള സ്പോര്‍ട്‌സ് വാര്‍ത്ത-

ബീനിമാന്‍ സ്പോര്‍ട്‌സ് നല്‍കിയ വാര്‍ത്ത വിരവണം-

YouTube Video

നിഗമനം

യൂറോ 2016 ഹങ്കറിക്കെതിരായ ഗ്രൂപ്പ് എഫ് മത്സരത്തിനായി തയ്യാറെടുത്തുണ്ടോയെന്ന് പോര്‍ച്ചുഗല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎംടിവി എന്ന ടിവി ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ ഡിയോഗോ ടോറസ് ചോദ്യം ചെയ്തതില്‍ പ്രകോപിതനായി ക്രിസ്റ്റ്യാനോ മൈക്ക് പിടിച്ച് വാങ്ങി ജലാശയത്തില്‍ വലിച്ചെറിയുന്ന വീഡിയോയാണിത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവത്തിന് പാലസ്തീന്‍-ഇസ്രായേല്‍ യുദ്ധവുമായി യാതൊരു ബന്ധവുമില്ലായെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാനല്‍ റിപ്പോര്‍ട്ടറിന്‍റെ മൈക്ക് വലിച്ചെറിയുന്ന ഈ വീഡിയോയ്ക്ക് ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധവുമായി യാതൊരു ബന്ധവുമില്ലാ.. വസ്‌തുത ഇതാണ്..

Written By: Dewin Carlos

Result: False