കുടലിൽ തടസ്സമുണ്ടാക്കിയ നൂഡിൽസ് ശസ്ത്രക്രീയയിലൂടെ പുറത്തെടുക്കുന്ന വീഡിയോയാണോ ഇത്..?
വിവരണം
ചേപ്പാടൻസ് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 12 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ഒരു ശസ്ത്രക്രീയയുടെ വീഡിയോ ആണ് ഇവിടെ നൽകിയിരിക്കുന്നത്. ഡോക്ടർമാർ ഒരു വ്യക്തിയുടെ വയറ്റിൽ ശസ്ത്രക്രീയ നടത്തി അയാൾ കഴിച്ച നൂഡിൽസ് പുറത്തെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ കൂടെ “നൂഡിൽസ് കഴിച്ചിട്ട് ദഹന പ്രക്രിയ നടക്കാത്തതിനാൽ അപ്പോളോ ഹോസ്പിറ്റലിൽ ഓപ്പറേഷൻ നടത്തിയപ്പോൾ എല്ലാവർക്കും വേണ്ടി ഡോക്ടർ എടുത്ത വീഡിയോ” എന്ന വിവരണവും നൽകിയിട്ടുണ്ട്.
archived link | FB post |
അപ്പോളോ ഹോസ്പിറ്റലിൽ ഇങ്ങനെയൊരു ശാസ്തക്രീയ നടന്നിരുന്നോ...? എന്താണ് നൂഡിൽസ് കഴിച്ച അതേ രൂപത്തിൽ തന്നെ വയറ്റിൽ അവശേഷിച്ചത്..? ഇത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നോ...? എല്ലാ സംശയങ്ങൾക്കും നമുക്ക് ഉത്തരം തേടാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വീഡിയോ invid ഉപയോഗിച്ച് വിവിധ കീ ഫ്രയിമുകളായി തിരിച്ച ശേഷം അവ എല്ലാം തന്നെ google reverse image, yandex എന്നീ ഇമേജ് അനലൈസിങ് ടൂളുകളുപയോഗിച്ച് തിരഞ്ഞു നോക്കി. നിരവധി വിവരങ്ങൾ ഈ വീഡിയോയുടെ മേൽ ഇന്റെർനെറ്റിൽ ലഭ്യമാണ്. യൂട്യൂബിൽ നിരവധിപ്പേർ ഇന്ത്യയിലെ വിവിധ ഭാഷകളിലും മറ്റ് വിദേശ ഭാഷകളിലും ഇതേ വിവരണവുമായി നൽകിയിട്ടുണ്ട്. നൂഡിൽസിന്‍റെ ദോഷവശങ്ങൾ കുറിച്ച് ബോധവൽക്കരണം നടത്തുന്നവയാണ് ഏറെയും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി റഷ്യൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ചില വെബ്‌സൈറ്റുകൾ ഞങ്ങൾക്ക് ലഭിച്ചു. ഇത് വെറും കള്ളക്കഥ എന്നുള്ള തലക്കെട്ടുമായി പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളും വീഡിയോകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഏതാണ്ട് 2015 മുതലാണ് ഈ വീഡിയോ പ്രചരിച്ചു തുടങ്ങിയത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
അവയിൽ പ്രസക്തമായ ഒരു ലേഖനം ഇങ്ങനെ പറയുന്നു. " കുറച്ചുനാൾ മുമ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്ന ഒരു വീഡിയോ മനുഷ്യന്‍റെ കുടലിൽ നിന്നും ന്യൂഡിൽസ് നീക്കം ചെയ്യുന്ന ദൃശ്യങ്ങളുടേതാണ്. അപ്പോളോ ആശുപത്രിയിലെ ഹരീഷ് ശുക്ല എന്ന ഡോക്ടർ ഓപ്പറേഷന്‍റെ വീഡിയോ എടുത്ത് ഫേസ്‌ബുക്ക് വഴി പ്രചരിപ്പിക്കുന്നു എന്നാണ് വിവരണം.
ഇൻഡോനേഷ്യയിലെ വസ്തുത പരിശോധിക്കുന്ന ഒരു ഗ്രൂപ്പ് ഇതേ വീഡിയോ പരിശോധിച്ചിരുന്നു. 2013 ൽ പുറത്തുവന്ന, പരാന്ന ഭോജികളായ വിരകളെ കുടലിൽ നിന്ന് നീക്കം ചെയ്യുന്ന വീഡിയോ ആണിത് എന്നവർ കണ്ടെത്തി." പരിശോധനയിൽ കണ്ടത് 1.16 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ സ്പാഗട്ടിയോ നൂഡിൽസോ വയറ്റിലുണ്ടാക്കിയ തടസ്സം നീക്കുന്നതിന്‍റെതല്ല. മറിച്ച് പരാന്നഭോജികളായ വിരകളെ വന്‍ കുടലിൽ നിന്ന് നീക്കം ചെയ്യുന്നതിന്റേതാണ്. 2017 ഒക്ടോബർ 17 നാണ് ഇൻഡോനേഷ്യൻ ഹോക്‌സസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
നമ്മുടെ ദഹനവ്യൂഹത്തിൽ അണുബാധയുണ്ടാക്കുന്നവയാണ് ഇന്‍റസ്റ്റിനൽ പാരാസൈറ്റ്സ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കും. കുടൽഭിത്തികളിൽ പറ്റിപ്പിടിച്ചാണ് വളരുന്നത്. മെരിലാന്‍റ് മെഡിക്കൽ സെന്‍ററിന്‍റെ കീഴിലുള്ള വെബ്‌സൈറ്റായ umms.org വില്‍ പറയുന്നത് ഇവ രണ്ടുതരത്തിൽ ഉണ്ടെന്നാണ്. അവ വിരകൾ, പ്രോട്ടോസോവ എന്നിവയാണ്. എല്ലാ വിരകളും പ്രോട്ടോസോവകളും ഇന്‍റസ്റ്റിനൽ പാരാസൈറ്റ്സ് അല്ല.
നാടവിര, വട്ടവീര, കൃമി തുടങ്ങിയ മനുഷ്യ ദഹനവ്യൂഹത്തിൽ ജീവിക്കുന്ന അനേക കോശ ജീവികൾക്ക് മനുഷ്യ ശരീരത്തിൽ പ്രജനനം അസാധ്യമാണ്. ഇവ ഉണ്ടാക്കുന്ന അണുബാധയെ ഹെൽമിന്‍റിയാസിസ് എന്ന് വിളിക്കുന്നു.
പ്രോട്ടോസോവ ഏകകോശ ജീവിയാണ്. ഇവയ്ക്ക് മനുഷ്യ ശരീരത്തിൽ പ്രജനനം ചെയ്യാൻ കഴിയും. ഗുരുതരമായ അണുബാധയുണ്ടാക്കാനും കഴിയും. മണ്ണ്, വെള്ളം, ഭക്ഷണം തുടങ്ങിയവയിലൂടെ പ്രോട്ടോസോവ ശരീരത്തിലെത്തും.
യൂണിവേഴ്സിറ്റി ഓഫ് ഇന്തോനേഷ്യയുടെ ഫാക്കൽറ്റി ഓഫ് മെഡിസിൻ ആയ ഡോ. ആരി ഫാരിയൽ ശ്യാം നൽകിയ വിശദീകരണ പ്രകാരം നൂഡിൽസ് മനുഷ്യ ദഹനവ്യൂഹത്തിലെത്തിയാൽ ദഹിക്കപ്പെടുകയും രൂപമാറ്റം വരികയും ചെയ്യും.മാവ്, കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങിയവ ഉപയോഗിച്ചാണ് നൂഡിൽസ് നിർമിച്ചിട്ടുള്ളത്. എന്നാൽ ന്യൂഡിൽസിനെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു."
കൂടാതെ altnews എന്ന വസ്തുതാ പരിശോധന വെബ്‌സൈറ്റ് ഇതേ വീഡിയോയുടെ പരിശോധന നടത്തിയിരുന്നു. അവരും വീഡിയോയുടെ വിവരണം തെറ്റാണ് എന്ന നിഗമനത്തിലാണ് എത്തിയത്. വാർത്ത altnews വായിക്കാം.
apbnews അവരുടെ വസ്തുത പരിശോധന പരിപാടിയായ 'വൈറൽ സച്ചി'ൽ ഇതേ വീഡിയോയുടെ വസ്തുത പരിശോധന നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അവരും വീഡിയോയുടെ വിവരണം തെറ്റാണ് എന്ന നിഗമനത്തിലാണ് എത്തി ചേർന്നത്. thequint എന്ന വെബ്സൈറ്റും വസ്തുതാ പരിശോധന നടത്തി വീഡിയോയുടെ വിവരണം തെറ്റാണെന്ന് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
archived link | health.detik |
archived link | revolvy |
archived link | hah.life |
archived link | medscape |
archived link | ivnarmed |
archived link | turnbackhoax |
കൂടാതെ ഞങ്ങൾ അപ്പോളോ ആശുപത്രിയുടെ വെബ്‌സൈറ്റിലും ട്വിറ്റർപേജിലും പരിശോധിച്ചു. ഇത്തരത്തിൽ ഒരു വാർത്ത കാണാൻ സാധിച്ചില്ല.
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് മനുഷ്യ ശരീരത്തിൽ 'കുടലിൽ തടസ്സമുണ്ടാക്കിയ നൂഡിൽസ് നീക്കം ചെയ്യുന്ന വീഡിയോ അല്ല മറിച്ച് ഇന്‍റസ്റ്റിനൽ പാരാസൈറ്റ്സിനെ നീക്കം ചെയ്യുന്ന വീഡിയോ ആണ്. ഈ വീഡിയോ ആരാണ് ആദ്യം പോസ്റ്റ് ചെയ്തത് എന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഡോ. പരേഷ് രൂപറേൽ എന്നയാൾ 2015 ഒക്റ്റോബർ 24 നാണ് ആദ്യം പ്രസിദ്ധീകരിച്ചത് എന്ന ഫലമാണ് yandex ലൂടെ ലഭിച്ചത്. എന്നാൽ ഏതു രാജ്യത്താണ് ശസ്ത്രക്രീയ നടത്തിയത്, ആരാണ് വിധേയനായത്, എപ്പോഴാണ് നടന്നത് എന്നിങ്ങനെയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.
നിഗമനം
ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യം തെറ്റാണ്.ഇതിൽ നല്കിയിരിക്കുന്നത് കുടലിൽ നിന്നും നൂഡിൽസ് നീക്കം ചെയ്യുന്നത് അപ്പോളോ ആശുപതിയിലെ ഡോക്ടർ ചിത്രീകരിച്ച വീഡിയോ അല്ല. മറിച്ച് കുടലിൽ വളർന്ന പരാന്നഭോജികളായ വിരകളെ ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്യുന്ന വീഡിയോയാണ്. അതിനാൽ തെറ്റിധാരണ പരത്തുന്ന വിവരണമുള്ള ഈ വീഡിയോ പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു
Title:കുടലിൽ തടസ്സമുണ്ടാക്കിയ നൂഡിൽസ് ശസ്ത്രക്രീയയിലൂടെ പുറത്തെടുക്കുന്ന വീഡിയോയാണോ ഇത്..?
Fact Check By: Vasuki SResult: False