
പണവിനിമയത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഡിജിറ്റല്‍ രീതിയിലുള്ള തട്ടിപ്പുകളും വ്യാപകമായി. ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ജോലികള്‍ ചെയ്ത് ദിവസേന നല്ല വരുമാനമുണ്ടാക്കാം എന്ന ചില തട്ടിപ്പ് സന്ദേശങ്ങള്‍ വ്യാപകമായി വാട്ട്സ് അപ്പ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. സാധാരണക്കാരായ പല മൊബൈല്‍ ഉപയോക്താക്കളും ഇപ്പോള്‍ പണവിനിമയത്തിനായി ഡിജിറ്റല്‍ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.
പ്രചരണം
ഹോട്ടലുകളുടെ റിവ്യൂവും റേറ്റിംഗും ഗൂഗിളില്‍ ചെയ്തു നല്‍കിയാല്‍ ദിവസേന 1000 രൂപയിലധികം സമ്പാദിക്കാം എന്ന തൊഴില്‍ അവസര സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഇത്തരത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ലഭിച്ച സന്ദേശത്തിന്‍റെ ആധികാരികത ഉറപ്പാക്കാന്‍ ഒരാള്‍ ഫാക്റ്റ് ക്രെസന്‍ഡോയെ സമീപിച്ചു. താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ടുകള്‍ ശ്രദ്ധിക്കുക.

ജോലിക്കുള്ള അറിയിപ്പ് വാട്ട്സ് ആപ്പില്‍ ലഭിക്കും. മറുപടി അയക്കുന്നവര്‍ക്ക് ആദ്യം, ട്രെയിനിംഗ് എന്ന നിലയില്‍ ഗൂഗിളില്‍ റേറ്റ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. റേറ്റ് ചെയ്തശേഷം അതിന്‍റെ സ്ക്രീന്‍ഷോട്ട് പകര്‍ത്തി അയച്ചു കൊടുക്കാന്‍ സന്ദേശം ലഭിക്കും. അയച്ചു കൊടുത്തു കഴിയുമ്പോള്‍ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ആവശ്യപ്പെടുകയും അത് നല്‍കിക്കഴിഞ്ഞാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പറഞ്ഞുറപ്പിച്ച പ്രതിഫലം അയച്ചു തരികയും ചെയ്യും. പിന്നീടുള്ള ദിവസങ്ങളില്‍ റിവ്യൂ ചെയ്യാനുള്ള കൂടുതല്‍ ലിങ്കുകള്‍ അയച്ചു തരും. അതിനും അവര്‍ പ്രതിഫലം നല്‍കി ഉപയോക്താവിന്‍റെ വിശ്വാസം നേടിയെടുക്കും.
ഏകദേശം ഒരാഴ്ച കഴിയുമ്പോള്‍ ഇത് പ്രീപെയ്ഡ് രീതിയാണെന്നും 500 രൂപ അവരുടെ അക്കൌണ്ടില്‍ നല്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഈ തുക നല്‍കിക്കഴിഞ്ഞാല്‍ വീണ്ടും ടാസ്ക് അയക്കുകയും നല്കിയ 500 രൂപ 650-700 രൂപയായി മടക്കി നല്കുകയും ചെയ്യുന്നു. വീണ്ടും കൂടുതല്‍ ടാസ്കുകള്‍ക്കായി കൂടുതല്‍ പണം ആവശ്യപ്പെട്ടു തുടങ്ങും. ഇതിനകം ‘കമ്പനി’യെ പൂര്‍ണ്ണമായി വിശ്വസിച്ച ഉദ്യോഗാര്‍ത്ഥി കൂടുതല്‍ പണം നല്കാന്‍ തയ്യാറാകും.
അതേ സമയം തട്ടിപ്പിന്‍റെ പിന്നിലെ സൂത്രധാരന്മാര്‍ ഉദ്യോഗാര്‍ത്ഥികളെ പ്രലോഭിപ്പിക്കുന്ന ഒരു നിർദ്ദേശം മുന്നോട്ട് വയ്ക്കും. വിജയകരമായ കുറച്ച് ടാസ്കുകള്‍ക്ക് ശേഷം, ഗണ്യമായ വരുമാനവും വളർന്നുവരുന്ന കമ്പനിയുടെ ഭാഗമാകാനുള്ള അവസരവും വാഗ്ദാനം ചെയ്ത് കമ്പനിയിൽ നിക്ഷേപം നടത്താന്‍ അവരെ വശീകരിച്ചെടുക്കും.
തുക കൂടുതലായി നല്‍കി കഴിഞ്ഞാല്‍ അതായത് തട്ടിപ്പ് കമ്പനി ഉദ്ദേശിച്ച തുക അവരുടെ അക്കൌണ്ടില്‍ ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ ടാസ്കുകള്‍ക്ക് പ്രതിഫലം നല്‍കില്ല. അപ്പോഴേയ്ക്കും ഉദ്യോഗാര്‍ത്ഥിയുടെ 1000 മുതല്‍ ലക്ഷങ്ങള്‍ വരെ ഇങ്ങനെ നഷ്ടപ്പെട്ടിരിക്കും. ഇതാണ് ഇത്തരക്കാരുടെ തട്ടിപ്പ് രീതി.
വസ്തുത അന്വേഷണം
ഞങ്ങള്‍ സന്ദേശത്തെ കുറിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞപ്പോള്‍ 2021 മുതല്‍ ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ക്കെതിരെ പല മാധ്യമങ്ങളും മുന്നറിയിപ്പ് വാര്‍ത്ത നല്കിയിരിക്കുന്നത് കണ്ടു. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗോവ തുടങ്ങി പല സംസ്ഥാനങ്ങളിലും ഇതേ തട്ടിപ്പ് കേസുകള്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്.
ഹോട്ടല്‍ റിവ്യൂ ജോലി തട്ടിപ്പ് കേസുകള്‍ കേരളത്തില്‍ നടന്നിട്ടുണ്ടോ എന്നറിയാനായി ഞങ്ങള്‍ തിരുവനന്തപുരം സൈബര്‍ സെല്ലുമായി സംസാരിച്ചു. “അന്‍പതിലധികം കേസുകള്‍ തിരുവനന്തപുരത്ത് മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എസ്‌ഐ റാങ്കിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതുപോലെ മിക്കവാറും എല്ലാ ജില്ലകളിലും ഇതേ തട്ടിപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെ ടാസ്ക് നല്‍കി പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങളുടെ പിടിയില്‍ പെട്ട് അനേകം പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഓണ്‍ലൈന്‍ ജോലി തട്ടിപ്പിനിരയായി 50 ലക്ഷം നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ ഇവിടെ കേസ് ലഭിച്ചിരുന്നു.
ഓൺലൈൻ റേറ്റിംഗുകളെ അടിസ്ഥാനമാക്കിയാണ് പലരും റെസ്റ്റോറന്‍റുകളോ ഹോട്ടലുകളോ സന്ദർശിച്ചിക്കാന്‍ തീരുമാനിക്കുന്നത്. നല്ല റിവ്യൂസ് കണ്ട് അവിടെ എത്തി കഴിയുമ്പോള്‍ മോശം സേവനം ലഭിച്ച ഇതൊന്നും അറിയാത്ത ഒരു ഉപയോക്താവ് പരോക്ഷമായി ഈ തട്ടിപ്പിന് ഇരയാവുകയാണ്. ഇങ്ങനെയുള്ള ജോലി തട്ടിപ്പിനെതിരെ കേരള പോലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അനേകം മുന്നറിയിപ്പുകള്‍ കാലാകാലങ്ങളായി നല്‍കുന്നുണ്ടെന്ന് കേരള പോലീസ് മീഡിയ സെല്‍ ഡപ്യൂട്ടി ഡയറക്റ്റര്‍ പിവി പ്രമോദ് കുമാര്‍ ഫാക്റ്റ് ക്രെസന്‍ഡോയെ അറിയിച്ചു.
കേരള പോലീസ് നല്‍കിയ മറ്റൊരു മുന്നറിയിപ്പ് സന്ദേശം:
ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈനില്‍ തിരഞ്ഞ് ആധികാരികത ഉറപ്പിക്കാന്‍ ശ്രദ്ധിക്കുക. താഴെ കൊടുത്തിരിക്കുന്ന ഫാക്റ്റ് ക്രെസന്‍ഡോയുടെ വാട്ട്സ് അപ്പ് നമ്പറില്‍ സന്ദേശം അയച്ചാല്‍ ഞങ്ങള്‍ അന്വേഷണം നടത്തി മറുപടി നല്‍കുന്നതാണ്.
നിഗമനം
ഹോട്ടല്‍ റിവ്യൂ/റേറ്റിംഗ് നടത്തി ദിവസേന ആയിരങ്ങള്‍ സമ്പാദിക്കാമെന്ന തരത്തില്‍ വാട്ട്സ് ആപ്പില്‍ ലഭിക്കുന്ന തൊഴില്‍ അവസരങ്ങള്‍ വന്‍ തട്ടിപ്പാണ്. ഇത്തരം അവസരങ്ങള്‍ക്ക് പിന്നാലെ പോകുന്നവരുടെ കൈയ്യില്‍ നിന്നും പിന്നീട് നിക്ഷേപം എന്ന തരത്തില്‍ 1000 മുതല്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വന്‍ തട്ടിപ്പിന്‍റെ സൂത്രധാരന്‍മാരാണ് ഈ തൊഴിലവസരങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കുക.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ദിവസം ആയിരങ്ങള്‍ സമ്പാദിക്കാവുന്ന ഹോട്ടല്‍ റിവ്യൂ ഓണ്‍ലൈന്‍ ജോലി- വന്‍ തട്ടിപ്പാണ്… പിന്നാലെ പോകല്ലേ… പണി കിട്ടും…
Fact Check By: Vasuki SResult: False
