
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ സ്ഥാപനത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂപപ്പെട്ട വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. പ്രതിമ സ്ഥാപിച്ച ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പൊതുജനങ്ങള്‍ നിത്യവും അഭിമുഖീകരിക്കുന്ന പ്രശ്നമായ അടിസ്ഥാന സൌകര്യങ്ങളുടെ വികസനം കണക്കാക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിമ നിര്‍മ്മാണത്തിന് പിന്നാലെ പോയത് എന്നാണ് തുടക്കം മുതലേയുള്ള ആക്ഷേപം. ഗുജറാത്തിലെ ആശുപത്രിയുടെ ശോചനീയാവസ്ഥ എന്നവകാശപ്പെട്ട് ഒരു ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
രോഗിയായ മകളുടെ ശരീരത്തില്‍ കയറ്റുന്ന ബ്ലഡ് ബാഗ് കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് പ്രചരിക്കുന്നത്. രോഗിയായ കുട്ടി ആശുപത്രിയുടെ തറയില്‍ ഇരിക്കുകയാണ്. ഇത്രയും ശോച്യാവസ്ഥയിലുള്ള ആശുപത്രി ഗുജറാത്തിലാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “3000 ₹ കോടി രൂപയുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ കാഴ്ച.👇
ഞങ്ങൾ ഇന്ത്യയെ നശിപ്പിക്കുന്ന തിരക്കിലാണ് ഇത്രയൊക്കെ ചെയ്യാനേ കഴിഞ്ഞുള്ളൂ”

എന്നാല്‍ ചിത്രത്തിന് ഗുജറാത്തുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രം ഉള്‍പ്പെടുത്തി എന്‍ഡിടിവി പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു. “മധ്യപ്രദേശിൽ നിന്നുള്ള മെഡിക്കൽ അനാസ്ഥയുടെ നേര്‍ചിത്രം. നിലത്തിരിക്കുന്ന മകളുടെ കൈയിൽ കാനുല ഘടിപ്പിച്ച്, കൈയിൽ രക്ത സഞ്ചിയുമായി ഒരു സ്ത്രീ നിൽക്കുന്നു. സത്‌ന ജില്ലയിലെ ആശുപത്രിയിൽ കിടക്കകൾ ഒഴിവില്ലാത്തതിനാൽ 15 വയസ്സുകാരിയെ രക്തപ്പകർച്ചയ്‌ക്കായി തറയിൽ ഇരുത്തി.
അമ്മയ്‌ക്കൊപ്പം മൈഹര്‍ സിവില്‍ ആശുപത്രി സന്ദർശിച്ച സന്തോഷി കേവാത്തിന് ഹീമോഗ്ലോബിന്‍റെ അളവ് കുറവായതിനാലാണ് രക്തം കയറ്റേണ്ടി വന്നത്. എന്നാൽ, ആശുപത്രി ജീവനക്കാർ ഒഴിഞ്ഞ കിടക്കകളില്ലെന്ന് പറഞ്ഞതിനെ തുടർന്ന് പെൺകുട്ടിയെ നിലത്ത് ഇരുത്തി നടപടിക്രമങ്ങൾ നടത്തി.”

അതായത് മദ്ധ്യപ്രദേശിലെ സത്ന ജില്ലയില്‍ ഒരു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. മറ്റ് ചില മാധ്യമങ്ങളും ഈ സംഭവം വാര്‍ത്ത ആക്കിയിരുന്നു. ലഭ്യമായ വിവരങള്‍ പ്രകാരം സംഭവം മധ്യപ്രദേശില്‍ നടന്നതാണ്. ഗുജറാത്തിലല്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. രോഗിയായ പെണ്‍കുട്ടിയെ തറയിലിരുത്തിയശേഷം അമ്മയുടെ കൈകളില്‍ രക്തസഞ്ചി ഉയര്‍ത്തിപ്പിടിപ്പിച്ച് കുട്ടിക്ക് രക്തം കയറ്റുന്ന ചിത്രം ഗുജറാത്തിലെതല്ല. മധ്യപ്രദേശിലെ സത്ന ജില്ലയിലെ മൈഹര്‍ സിവില്‍ ആശുപത്രിയില്‍ 2022 സെപ്റ്റംബര്‍ 15 നു പുറത്തു വന്നതാണ് ചിത്രം.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:അമ്മ രക്തസഞ്ചി കൈയ്യില്‍ ഉയര്‍ത്തി പിടിച്ച് നിലത്തിരിക്കുന്ന മകള്‍ക്ക് രക്തം നല്‍കുന്ന ചിത്രം ഗുജറാത്തിലെ ആശുപത്രിയില്‍ നിന്നല്ല…
Written By: Vasuki SResult: False
