കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളില്‍ സജീവമായ കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീർ പരസ്യമായി മദ്യം ഉപയോഗിക്കുന്നതായി ആരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം

ബി ആർ എം ഷഫീർ ഒരു ബെഞ്ചിൽ ഇരുന്ന് ആഹാരം കഴിക്കുന്നതിന് സമീപം ഒരു മദ്യകുപ്പിയും അതില്‍ നിന്നും കുടിക്കാനായി ഗ്ലാസില്‍ പകര്‍ന്ന നിലയില്‍ കുറച്ച് മദ്യം സമീപത്ത് വെച്ചിരിക്കുന്നതുമായ ഒരു ചിത്രമാണ് പ്രചരിക്കുന്നത്. ഷഫീർ പരസ്യമായി മദ്യപിക്കുകയാണ് എന്ന് പരിഹസിച്ചുകൊണ്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഒറ്റയ്ക്ക് എങ്കിൽ ഒറ്റയ്ക്ക് 🤣ഇക്ക മാസ്സാണ് ട്ടോ😁😁”

FB postarchived link

എന്നാൽ ഈ ചിത്രം എഡിറ്റഡാണെന്നും ഷെഫീറിന്‍റെ സമീപം ഇരിക്കുന്ന മദ്യകുപ്പിയും മദ്യഗ്ലാസും ചിത്രത്തിൽ പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

അന്വേഷണത്തിന്‍റെ ഭാഗമായി ഞങ്ങൾ ബിആർ എം ഷഫീറിന്‍റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വിശദീകരിക്കുന്ന കുറിപ്പ് അദ്ദേഹം നല്‍കിയിരിക്കുന്നത് കണ്ടു.

അദ്ദേഹം പതിവായി ഭക്ഷണം കഴിക്കുന്ന ഒരു കടയിൽ കയറി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു സുഹൃത്ത് ചിത്രം പകര്‍ത്തുകയും പിന്നീട് ഷെരീഫിന് അയച്ചു കൊടുക്ക്ലുകയും ചെയ്യുകയുണ്ടായി. ഈ ചിത്രം ആരോ എടുത്ത് എഡിറ്റ് ചെയ്ത് മദ്യക്കുപ്പിയുടെ ചിത്രം കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുകയാണ് എന്നും പോസ്റ്റില്‍ വിശദമാക്കുന്നു.

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ 2022 ജൂലൈ 26ന് ഇതേ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു

ചിത്രത്തിൽ അദ്ദേഹം ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് കൂടാതെ ചായ ഗ്ലാസ് മാത്രമാണ് സമീപത്തുള്ളത്. മദ്യക്കുപ്പി ഇല്ല ഇതേ ചിത്രം എഡിറ്റ് ചെയ്താണ് മധ്യ കുപ്പി കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായി.

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ബി‌ആര്‍‌എം ഷെഫീറുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിക്ക് നല്കിയ മറുപടി ഇങ്ങനെയാണ്: “ഞാന്‍ ഒരു ചായക്കടയില്‍ കയറി ദോശ കഴിക്കുന്ന ചിത്രമാണ് ഈ വിധം വികൃതമാക്കി പ്രചരിപ്പിക്കുന്നത്. ഇത് വിശ്വസിച്ചു പോയവരും ഉണ്ടാവും. ഒരു വ്യക്തിയുടെ സ്വകാര്യതയായ ഭക്ഷണം പോലുള്ള കാര്യങ്ങളില്‍ പോലും കടന്നുകയറി ഇതരത്തില്‍ നീചമായ പ്രചരണം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെ പിതുശൂന്യത എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ.രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് എതിരിടാന്‍ കഴിവില്ലാത്തവരാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്.”

താരതമ്യ ചിത്രം ശ്രദ്ധിക്കുക:

നിഗമനം

പോസ്റ്റിലെ ചിത്രം എഡിറ്റ് ചെയ്തതാണ്. ബിആർഎം ഷഫീർ ഭക്ഷണശാലയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന ഒരു പഴയ ചിത്രം എടുത്ത് അതിൽ മദ്യക്കുപ്പി എഡിറ്റ് ചെയ്ത് ചേർത്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥ ചിത്രത്തിൽ മദ്യക്കുപ്പിയല്ല ചായ ഗ്ലാസ് ആണ് കാണാൻ സാധിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീറിന്‍റെ സമീപം മദ്യക്കുപ്പി – പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വ്യാജ ചിത്രം

Written By: Vasuki S

Result: Altered