തണ്ണീര്‍മുക്കം ബണ്ടിന്‍റെ പുതിയ പാലത്തിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികള്‍ തെളിഞ്ഞ് വന്നോ?
വിവരണം
"തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം" "
ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞിട്ടില്ല.
പാലത്തിലെ കമ്പികൾ തെളിഞ്ഞു.Sയറ് പോകാതെ നോക്കുക: ...
എല്ലാവരും രാഷ്ട്രീയം നോക്കാതെ Share ചെയ്യൂ." എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിലായി ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. തണ്ണീര്‍മുക്കം ബണ്ടിന്‍റെ പുതിയ പാലത്തിലെ കോണ്‍ക്രീറ്റ് ഇളകി പാലത്തിന്‍റെ കമ്പികള്‍ തെളിഞ്ഞു എന്ന പേരിലാണ് പോസ്റ്റ് വ്യാപകമായി ചിലര്‍ പ്രചരിപ്പിക്കുന്നത്. Vechoor Gramam വെച്ചൂർ ഗ്രാമം എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഒക്ടോബര്‍ 8ന് റിതേഷ് കുമാര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് ഇതുവരെ 1,600ല്‍ അധികം ഷെയറുകളും 371ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-
Archived Link |
എന്നാല്‍ ചിത്രത്തില്‍ കാണുന്നത് പാലത്തിന്‍റെ നിര്‍മാണത്തിലെ അപാകത മൂലം തകര്‍ന്ന കോണ്‍ക്രീറ്റ് പാളികളും നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന കമ്പികളുമാണോ? ചിത്രത്തിലെ പൊളിഞ്ഞ ഭാഗം പാലത്തിന്‍റെ ബലക്ഷയം സൂചിപ്പിക്കുന്നതാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് തണ്ണീര്‍മുക്കം പുതിയ പാലം ഗതാഗതസജ്ജമായത്. അതിനിടയില്‍ പാലത്തിന്‍റെ കമ്പികള്‍ തെളിഞ്ഞു എന്ന പേരില്‍ ചിത്രം പ്രചരിച്ചതോടെ എന്താണ് വസ്‌തുത എന്നറിയാന്‍ ഞങ്ങളുടെ പ്രതിനിധി പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-
പുതിയ പാലം തുടങ്ങുകയും തീരുകയും ചെയ്യുന്ന ഭാഗത്ത് പ്രധാന റോഡുമായി ചേരുന്ന ഇടത്ത് അകല്‍ച്ചയുണ്ടാകാറുണ്ട്. ഇത് അടയ്ക്കാന്‍ വേണ്ടി അല്ലെങ്കില്‍ ഒരു കുഴിവോ ഉയരവ്യത്യാസമോ വരാതിരിക്കാന്‍ വേണ്ടി സാധാരണ ചിക്കന്‍ മെഷ് ഉപയോഗിച്ച് ഉപരിതലത്തില്‍ കോണ്‍ക്രീറ്റ് പ്ലാസ്ടറിങ് ചെയ്യാറുണ്ട്. ഇത് നിരന്തരമായി ഭാരമേറിയ വാഹനങ്ങള്‍ കയറി ഇറങ്ങുമ്പോള്‍ ഇളകിപോകാറുണ്ട്. എന്നാല്‍ അത് ഇടയ്ക്കിടെ വീണ്ടും പ്ലാസ്ടര്‍ ചെയ്ത് അറ്റകുറ്റപ്പണികള്‍ നടത്തി പരിഹരിക്കും. പാലത്തിന്‍റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന കമ്പിയുമായോ പാലത്തിന്‍റെ ബലവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ചിക്കന്‍ മെഷ് എന്നാല്‍ സാധാരണ ഇരുമ്പ് വേലികെട്ടാന്‍ വളര്‍ത്തുമൃഗങ്ങളുടെ കൂട് നിര്‍മ്മിക്കാനുമൊക്കെ ഉപയോഗിക്കുന്ന വസ്‌തുവാണ്. ഉപരിതലത്തില്‍ സിമിന്‍റ് പ്ലാസ്ടര്‍ ചെയ്യാന്‍ നിര്‍മ്മാണ മേഖലയിലും ചിക്കന്‍ മെഷ് ഉപയോഗിക്കാറുണ്ട്. ചിത്രത്തില്‍ കാണുന്നത് ഇത്തരത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിക്കന്‍ മെഷ് സിമിന്‍റിളകി തെളിഞ്ഞ് നില്‍ക്കുന്നത് മാത്രമാണ്. റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് ചുമതലയുള്ള ഇറിഗേഷന്‍ വകുപ്പ് അധികൃതരോട് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും നിസാരമായ പ്രശ്നമായതിനാല്‍ അത് ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്നും പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ പറഞ്ഞു.
ചിക്കന്‍ മെഷ് ഉപയോഗിച്ച് സിമിന്‍റ് പ്ലാസ്ടറിങ് ചെയ്യുന്ന രീതി (യൂ ട്യൂബ് വീഡിയോ)-
നിഗമനം
തണ്ണീര്‍മുക്കം പാലത്തിന്‍റെ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികള്‍ തെളിഞ്ഞു എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് തികച്ചും വസ്‌തുത വിരുദ്ധമാണെന്ന് ഇതോടെ കണ്ടെത്താന്‍ കഴിഞ്ഞു. വിടവ് നികത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ചിക്കന്‍ മെഷ് സിമിന്‍റ് ഇളകിയപ്പോള്‍ തെളിഞ്ഞത് മാത്രമാണ് ചിത്രത്തിലുള്ളതെന്ന് അധികൃതര്‍ പ്രതകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:തണ്ണീര്‍മുക്കം ബണ്ടിന്‍റെ പുതിയ പാലത്തിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികള്‍ തെളിഞ്ഞ് വന്നോ?
Fact Check By: Dewin CarlosResult: False