മനുഷ്യ ജീവിതങ്ങള്‍ അഭിമുഖീകരിക്കുന്ന ദൈന്യതയുടെ വിവിധ ഭാവങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇരകളായവരുടെ ജീവിതങ്ങളില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ വഴി നിരവധി നാം കണ്ടിട്ടുണ്ട്. ആദ്യ കാഴ്ചയില്‍ തന്നെ നെഞ്ചില്‍ നീറ്റലുണ്ടാക്കുന്ന അത്തരത്തിലുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം

വെള്ളക്കെട്ട് നിറഞ്ഞ മലിനമായ സ്ഥലത്ത് കെട്ടിയ ടെന്‍റിനുള്ളില്‍ നിസ്സഹായരായ രണ്ടു കുട്ടികള്‍ ചെളിവെള്ളത്തിൽ പുതച്ചുറങ്ങുന്ന ചിത്രമാണ് പ്രചരിക്കുന്നത്. മനുഷ്യ ജീവിതത്തിന്‍റെ നിസ്സഹായതയെ സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “നമുക്ക് അഹങ്കാരം തോന്നുമ്പോൾ ഇതുപോലുള്ള ചിത്രങ്ങൾ ഓർക്കുക... സഹജീവികളെ ബഹുമാനിക്കുക, സ്നേഹിക്കുക, പരിഗണിക്കുക, വാക്കുകൾ കൊണ്ട് മുറിപ്പെടുത്താതിരിക്കുക ഇതൊക്കെയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന വലിയ കാര്യങ്ങൾ.....”

FB postarchived link

എന്നാല്‍ ചിത്രങ്ങൾ യഥാർത്ഥമല്ലെന്നും എ‌ഐ ജനറേറ്റഡ് ആണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രം ഉള്‍പ്പെടുന്ന ഒരു ഇന്‍സ്റ്റഗ്രാം പേജ് ലഭിച്ചു. ചിത്രത്തിൽ 'BingAi by LB' എന്നുള്ള വാട്ടർമാർക്ക് കാണാം.

ലീനാ ബങ്കേഴ്‌സ് എന്നാണ് പ്രൊഫൈല്‍ പേര് കാണുന്നത്. "#bingimagecreator", "#crazyimaginations" തുടങ്ങിയ ഹാഷ്ടാഗുകൾക്കൊപ്പം മറ്റ് നാല് ചിത്രങ്ങളും പേജില്‍ പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. മറ്റ് എ‌ഐ ചിത്രങ്ങളും പേജില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. പ്രൊഫൈലിന്‍റെ ഉടമയാണ് ചിത്രങ്ങളുടെ സൃഷ്ടാവ് എന്ന് അനുമാനിക്കുന്നു.

കൂടുതൽ സ്ഥിരീകരണത്തിനായി, ഞങ്ങൾ ഇൻസ്റ്റാഗ്രാം ഉപയോക്താവായ ലീനാ ബങ്കേഴ്‌സിന് സന്ദേശം അയച്ചിട്ടുണ്ട്. മറുപടി കിട്ടിയാലുടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. ചിത്രം പരിശോധിച്ചപ്പോൾ, ഒറിജിനൽ ഫോട്ടോഗ്രാഫുകളിൽ സാധാരണ കാണാത്ത വിവിധ അപാകതകളും അതില്‍ കാണുന്നുണ്ട്.

കുട്ടികളിലൊരാളുടെ ചെവി സാധാരണ പോലെയല്ല കാണപ്പെടുന്നത്. ശരീര വലിപ്പത്തിന് ആനുപാതികമല്ലാത്ത വിധം വലിയ കാലുകളാണ് കാണുന്നത്. രണ്ട് കാലുകൾക്കിടയിലുള്ള ഭാഗത്ത് അസാധാരണമായ മിനുസവും മങ്ങലും കാണാം. ടെന്‍റിന് പുറത്ത് കാണുന്ന പച്ചപ്പ് വ്യക്തമല്ല, ദൃശ്യ വികലമായ ഒരു തോന്നൽ സൃഷ്‌ടിക്കുന്നതായും കാണാം. ടെക്സ്റ്റ് ഇൻപുട്ടുകളെ അടിസ്ഥാനമാക്കി ചിത്രങ്ങൾ സൃഷ്ടിക്കുന്ന കൃത്രിമ ഇമേജ് ജനറേഷൻ ടൂളുകൾ ഉപയോഗിച്ചാണ് ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.

എ‌ഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ചിത്രങ്ങളിൽ പലതിലും ഇത്തരം അപാകതകൾ പലപ്പോഴും കാണപ്പെടുന്നു, കാരണം ഈ ടൂളുകൾ ടെക്സ്റ്റ് ഇൻപുട്ടുകളെ അടിസ്ഥാനമാക്കി ഫോട്ടോകൾ നിർമ്മിക്കുകയും യഥാർത്ഥ സാഹചര്യങ്ങൾ പകർത്താൻ പലപ്പോഴും പാടുപെടുകയും ചെയ്യുന്നു. ചിത്രം എ‌ഐ നിര്‍മ്മിതമാണോ എന്നറിയാന്‍ ചില ടൂളുകള്‍ ലഭ്യമാണ്. അത്തരത്തില്‍ ഒന്നുപയോഗിച്ച് (Hive AI Detector) പരിശോധിച്ചപ്പോള്‍ 100% എ‌ഐ നിര്‍മ്മിതമാണെന്ന ഫലമാണ് ലഭ്യമായത്.

ചിത്രം എ‌ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രം യഥാര്‍ത്ഥമല്ല, എ‌ഐ ജനറേറ്റഡ് ആണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കുട്ടികള്‍ ചെളിവെള്ളത്തിൽ പുതച്ചുറങ്ങുന്ന ചിത്രം എ‌ഐ നിര്‍മ്മിതമാണ്, യഥാര്‍ത്ഥമല്ല...

Written By: Vasuki S

Result: ALTERED