വിവരണം

മദ്യത്തിനായി ഇനി അലച്ചലില്ല.. മൊബൈല്‍ ആപ്പ് വഴി മദ്യം വീട്ടിലെത്തും.. എന്ന തമ്പ്‌നെയില്‍ നല്‍കി ഒരു വാര്‍ത്ത വീഡിയോ കര്‍മ്മ ന്യൂസ് എന്ന ഫെയ്‌സ്ബുക്ക് പേജിലും അവരുടെ യൂ ട്യൂബ് ചാനലിലും ജനുവരി 18 മുതല്‍ പ്രചരിക്കുന്നുണ്ട്. മദ്യപാനികളുടെ സമയം തെളിഞ്ഞു; മുക്കിന് മുക്കിനുള്ള മദ്യശാലകൾക്കൊപ്പം മൊബൈൽ ആപ്പുകളും സുലഭമാക്കുന്നതോടെ ഇനി മദ്യപാനികൾക്ക് മദ്യത്തിനായുള്ള അലച്ചിൽ ഒഴിവാക്കാം.. എന്നതാണ് വീഡിയോയുടെ തലക്കെട്ട്. വാര്‍ത്തയുടെ തുടക്കത്തില്‍ തന്നെ അവതാരിക പറയുന്നതിങ്ങനെയാണ്- ഇതാ മദ്യപാനികള്‍ക്കൊരു സന്തോഷ വാര്‍ത്ത.. മദ്യം വാങ്ങാന്‍ മൊബൈല്‍ ആപ്പിലും സൗകര്യമൊരുക്കി പിണറായി സര്‍ക്കാര്‍.. പിന്നീട് ആപ്പ് നിര്‍മ്മിച്ച കമ്പനിയെ കുറിച്ചും ഇതിനു വേണ്ടിവന്ന ചെലവിനെ കുറിച്ചും ഏപ്രില്‍ മുതല്‍ ആപ്പ് സൗകര്യം ലഭ്യമാകുമെന്നും തുടങ്ങിയതാണ് വാര്‍ത്തയിലെ വിശദവിവരങ്ങള്‍. വാര്‍ത്തയ്ക്ക് 175ല്‍ അധികം ഷെയറുകളും 226ല്‍ അധികം റിയക്ഷനുകളും ലഭിച്ചിട്ടുണ്ട്-

Archived-

Facebook News VideoArchived Video

എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് മാതൃകയില്‍ ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ നിന്നും വീട്ടിലിരുന്ന് മദ്യം വാങ്ങാന്‍ കഴിയുന്ന ആപ്പ് തന്നെയാണോ സര്‍ക്കാര്‍ തുടങ്ങുന്നത്? മദ്യം വാങ്ങനുള്ള സൗകര്യമാണോ ആപ്പ് വഴി ലഭ്യമാകുന്നത്? വീട്ടില്‍ മദ്യം ഡെലിവറി ചെയ്യാനുള്ള സജ്ജീകരണം ആപ്പിലുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ഇത്തരമൊരു മൊബൈല്‍ ആപ്പ് സര്‍ക്കാര്‍ പുറത്തിറക്കുന്നതിനെ കുറിച്ച് മാധ്യമങ്ങല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നാണ് ഞങ്ങള്‍ അന്വേഷിച്ചത്. അന്വേഷണത്തില്‍ കേരള കൗമുദി ഓണ്‍ലൈനിന്‍റെയും ജനം ടിവിയുടെയും രണ്ട് റിപ്പോര്‍ട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ആലപ്പുഴ ഡേറ്റ്‌ലൈന്‍ നല്‍കിയായരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ട് തന്നെ വിശദമായ വിവരങ്ങള്‍ അറിയാന്‍ ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്‍ഡ് കമ്മീഷണറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെയാണ്-

സര്‍ക്കാര്‍ ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും ഇത് എന്ന് നിലവില്‍ വരുമെന്നതിനെ കുറിച്ച് അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. പക്ഷെ ഫെയ്‌സ്ബുക്കിലെ വാര്‍ത്തിയിലെ പ്രചരിക്കുന്നത് പോലെ ഇതൊരു ഹോം ഡെലിവെറി ഷോപ്പിങ് ആപ്പ് അല്ല. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കണ്ടെത്താന്‍ സഹായകരമാക്കുന്ന ഒരു ആപ്പ് മാത്രമാണിത്. സ്റ്റോക്ക് സംബന്ധിച്ചും വിലവിവരം സംന്ധിച്ചും വിവരങ്ങല്‍ ആപ്പില്‍ ലഭ്യമാകും. അല്ലാതെ വീട്ടിലിരുന്നു മദ്യം ഓര്‍ഡര്‍ ചെയ്ത് എത്തിക്കാനുള്ള ഒരുതരത്തിലുള്ള ഒപ്ഷനും ആപ്പിലില്ല. മാത്രമല്ല വീട്ടില്‍ മദ്യം ഡെലിവെറി ചെയ്യുകയെന്നത് നിയമവിരുദ്ധമായ കാര്യമാണെന്നും അങ്ങനെയൊരു സാധ്യത ആപ്പ് പുറത്തിറങ്ങുന്നതിനില്ലെന്നും എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ വ്യക്തമാക്കി.

ജനം ടിവി, കേരള കൗമുദി എന്നീ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ വാര്‍ത്തയില്‍ എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കിയ അതെ വിവരങ്ങള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. ഒന്നിലും മദ്യം വീട്ടിലെത്തിച്ച് നല്‍കുന്ന ആപ്പ് ആണ് പുറത്തിറങ്ങുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജനം ടിവി വാര്‍ത്ത റിപ്പോര്‍ട്ട്-

കേരള കൗമദി ന്യൂസ് റിപ്പോര്‍ട്ട്-

Janam TV ReportArchived Link
Kerala Kaumadi News ReportArchived Link

നിഗമനം

സര്‍ക്കാര്‍ ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നുണ്ടെന്നത് വസ്‌തുതയാണെങ്കിലും അത് മദ്യം വീട്ടിലെത്തിക്കാനുള്ള ഉപയോഗിത്തിന് വേണ്ടിയുള്ളതല്ലെന്ന് എക്‌സൈസ് അധികൃതരും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യധാരമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദ്യം വീട്ടിലെത്തിച്ച് നല്‍കാനുള്ള ആപ്പ് എന്ന പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം. പക്ഷെ വാര്‍ത്തയിലെ ബാക്കി വിവരങ്ങള്‍ സത്യമായതുകൊണ്ട് തന്നെ ഭാഗികമായി തെറ്റാണ് കര്‍മ്മ ന്യൂസ് വാര്‍ത്ത വീഡിയോ എന്ന് അനുമാനിക്കാം.

Avatar

Title:മദ്യം വീട്ടിലെത്തിക്കാന്‍ പിണറായി സര്‍ക്കാര്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുമോ?

Fact Check By: Dewin Carlos

Result: Partly False