
സിപിഎം പാർട്ടി 23 മത് സമ്മേളനം കണ്ണൂരിൽ ഏപ്രില്‍ 6 മുതല്‍ 10 വരെ നടക്കുകയുണ്ടായി. തിരുവനന്തപുരം എംപി ശശിതരൂരിന് സെമിനാറിൽ പങ്കെടുക്കാൻ പ്രത്യേകം ക്ഷണം ലഭിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് മൂലം അദ്ദേഹം ക്ഷണം നിരസിച്ചുവെന്ന് വാർത്തകൾ വന്നിരുന്നു. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്.
പ്രചരണം
ഇ ടി മുഹമ്മദ് ബഷീർ എംപി, ബിജെപി ദേശീയ സെക്രട്ടറി അബ്ദുള്ളക്കുട്ടി തുടങ്ങിയവരുമായി ശശി തരൂർ എംപി വേദിയിലിരിക്കുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്. ബിജെപി-ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതിന് ശശി തരൂരിന് വിലക്കില്ല എന്നും സിപിഎമ്മിന്‍റെ സെമിനാറിൽ പങ്കെടുക്കാൻ മാത്രമാണ് വിലക്ക് എന്നും സൂചിപ്പിച്ച് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ശശി തരൂരിനെ ക്ഷണിച്ചത് ഒമ്പതാം തീയതിയിലെ സെമിനാറിനായിരുന്നു,
(പാർട്ടി സമ്മേളനത്തിനല്ല).
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്നതായിരുന്നു സെമിനാറിലെ പ്രധാന വിഷയം.
കുമ്പക്കുടി സുധാകരനും സോണിയയും അത് വിലക്കി.
അതേ ദിവസം ദേശീയ സംഘി മുസ്ലിം അബ്ദുള്ളക്കുട്ടിയുടെകൂടെ വേദി പങ്കിട്ടു ശശി തരൂർ ,
സോണിയക്കും കുമ്പക്കുടിക്കും അതൊരു പ്രശ്നമേയല്ല.
BJP യുടെ B Team ആണ് CongRSS എന്നതിന് വേറെ തെളിവു വേണോ?!
(തെളിവിനായി ഒരു വീഡിയോ കമന്റിലിടുന്നു)”

ഞങ്ങൾ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് ചിത്രം ഉപയോഗിച്ച് നടത്തുന്നതെന്ന് വ്യക്തമായി. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുമായും യാതൊരു ബന്ധവുമില്ലാത്ത ഒരു പരിപാടിയിൽ നിന്നുള്ള ചിത്രമാണ്.
വസ്തുത ഇതാണ്
ഞങ്ങൾ ഗൂഗിളില്‍ തിരഞ്ഞപ്പോൾ ശശി തരൂർ എംപി ട്വിറ്റർ പേജില്‍ ഇതേ ചിത്രം പങ്കുവച്ചതായി കാണാന്‍ കഴിഞ്ഞു.
കേരള മുസ്ലിം വെൽഫയർ അസോസിയേഷൻ ഡൽഹി സംഘടിപ്പിച്ച സെമിനാറില്‍ ശശി തരൂർ എംപി പങ്കെടുക്കുന്ന സന്ദർഭത്തിലേതാണ് ചിത്രം. ശശി തരൂർ എംപിയുടെ ഓഫീസിൽ നിന്നും ഇതേക്കുറിച്ച് ലഭിച്ച വിവരം ഇങ്ങനെയാണ്: “സെമിനാറിന് രാഷ്ട്രീയ പാർട്ടികളുമായി യാതൊരു ബന്ധവുമില്ല. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവരും വിവിധ മതത്തിൽ നിന്നുള്ളവരും വിവിധ സാമൂഹ്യ തലങ്ങളിൽ നിന്നുള്ളവരും സെമിനാറില്‍ ക്ഷണിതാക്കൾ ആയിരുന്നു.”
പ്രസ്തുത പരിപാടിയെക്കുറിച്ച് മീഡിയവൺ ചാനൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു.
കൂടാതെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഡൽഹിയുടെ ഫേസ്ബുക്ക് പേജില്‍ പരിപാടിയിൽ നിന്നും ഇതോടനുബന്ധിച്ചുള്ള മറ്റു ചിത്രങ്ങളും നൽകിയിട്ടുണ്ട്.
സംഘടനയെ കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ മുസ്ലിംലീഗ് സംസ്ഥാന ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവിടെനിന്നും അറിയിച്ചത് ഇങ്ങനെയാണ്: “ഈ സംഘടന സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒന്നാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി സംഘടനയ്ക്ക് ബന്ധമില്ല. രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയോ അല്ലെങ്കിൽ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയോ അല്ല സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിൽ എല്ലാ വിഭാഗത്തിൽ നിന്നുള്ളവരെയും സംഘാടകർ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.”
കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയിൽ നിന്നും എപി അബ്ദുള്ളക്കുട്ടിയും മുസ്ലിംലീഗിൽ നിന്നും പി ടി മുഹമ്മദ് ബഷീറും കോൺഗ്രസിൽ നിന്നും ശശി തരൂരും പരിപാടിയിൽ പങ്കെടുത്തിരുന്നു. കൂടാതെ സുപ്രീം കോടതി ജഡ്ജി, ക്രിസ്ത്യന്‍ പുരോഹിതന്‍ തുടങ്ങിയവരും പരിപാടിയിൽ ക്ഷണിതാക്കൾ ആയിരുന്നു.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ശശി തരൂർ എംപി രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സെമിനാറിലാണ് പങ്കെടുത്തത്. കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഡൽഹി ചാപ്റ്റർ സംഘടിപ്പിച്ചതാണ് സെമിനാർ. പല രാഷ്ട്രീയ പാർട്ടിയിൽ നിന്നുള്ളവരും പല മതവിഭാഗത്തിൽ നിന്നുള്ളവരും സെമിനാറിൽ ക്ഷണിതാക്കൾ ആയിരുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ശശി തരൂര്‍ അബ്ദുള്ളക്കുട്ടിയോടൊപ്പം വേദിയിലിരിക്കുന്ന ചിത്രം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ നിന്നുള്ളതല്ല…
Fact Check By: Vasuki SResult: Misleading
