ഉത്തര്‍പ്രദേശിലെ ആശുപതികള്‍ ഇപ്പോഴും അപരിഷ്കൃത അവസ്ഥയിലാണെന്ന് സൂചിപ്പിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പതിവായി കാണാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

പ്രചരണം

രോഗിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ വെറും നിലത്ത് കിടത്തിയിരിക്കുന്നതും ബോട്ടില്‍ സ്റ്റാന്‍റ് ഇല്ലാത്തതിനാല്‍ പെൺകുട്ടിക്ക് വേണ്ടി രക്തം നിറച്ച ബാഗ് പിടിച്ച് ഒരു സ്ത്രീ നിൽക്കുന്നതുമായ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ഹോസ്പിറ്റലിൽ രക്തം വാർന്നു കിടക്കുന്ന പെൺകുട്ടിക്ക് കിടക്കയോ ബ്ലഡ് ബാഗോ സ്റ്റാൻഡോ കിട്ടിയില്ല എന്നാരോപിച്ച് നിരവധി ഉപയോക്താക്കൾ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. യുപി ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ വിമര്‍ശനം നടത്താനാണ് പലരും ചിത്രം ഉപയോഗിക്കുന്നത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “*ഒറ്റ നോട്ടത്തിൽ ആരും തെറ്റിദ്ധരിച്ച് പോവും...* *പക്ഷേ ഇത് നിങ്ങളുദ്ദേശിച്ചതല്ല..* *ഡ്രിപ്പ് സ്റ്റാന്റിന് പകരം അമ്മമാരുടെ മെഴുകു പ്രതിമകൾ ഉണ്ടാക്കി* *അതിൽ ഡ്രിപ്പ് കെട്ടിതൂക്കി ഗ്ലൂക്കോസും ബ്ലഡും കുഞ്ഞുങ്ങൾക്ക് നൽകുന്ന പുതിയ തരം ചികിത്സയാണ് യുപി പരീക്ഷിക്കുന്നത്* 🧡* *മാതൃ സ്നേഹം തുളുമ്പുന്ന ചികിത്സ.* *ആശുപത്രി ബെഡിൽ കിടത്തി രോഗി ആണെന്ന തോന്നൽ കുഞ്ഞിനുണ്ടാകാതി രിക്കാൻ സർവ സ്വാതന്ത്ര്യത്തോടും കൂടി കുഞ്ഞുങ്ങളെ തറയിൽ കളിക്കാൻ വിടുന്നു..*

*ഇതൊക്കെയല്ലേ നമ്പർ വൺ ആയി വിലയിരുത്തേണ്ടതും അനുകരിക്കേണ്ടതും..*

*#യോഗിജിയുടെ രാമരാജ്യം.. ജയ് ഗോമാതാ.. ജയ് മോദിജി..*”

FB postarchived link

എന്നാല്‍ തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങളാണ് ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ളതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ 2022 സെപ്തംബർ 14-ന് ഡൽഹിയിൽ നിന്നുള്ള എഎപി എംഎൽഎ നരേഷ് ബല്യന്‍ ഇതേ ചിത്രം ട്വീറ്റ് ചെയ്തത് ഞങ്ങള്‍ക്ക് ലഭിച്ചു.

ഇത് മധ്യപ്രദേശിൽ നിന്നുള്ളതാണെന്ന് അടിക്കുറിപ്പില്‍ വിവരിക്കുന്നു. സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ ട്വീറ്റില്‍ ബല്യാൻ വിമർശിച്ചിട്ടുണ്ട്. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ 2022 സെപ്റ്റംബർ 15-ന് NDTV-യിലെ ഒരു ലേഖനത്തിൽ, “രോഗിയായ മകൾ ആശുപത്രി തറയിൽ ഇരിക്കുമ്പോൾ, സ്ത്രീ രക്തം കയറ്റുന്ന ബാഗ് ഉയര്‍ത്തി പിടിക്കുന്നു” എന്ന തലക്കെട്ടില്‍ വാർത്ത നല്‍കിയതായി കണ്ടു.

മധ്യപ്രദേശിലെ സത്‌നയിലെ ആശുപത്രിയിലാണ് സംഭവം നടന്നതെന്നും കിടക്കകൾ ഒഴിവില്ലാത്തതിനാലാണ് കുട്ടിക്ക് തറയിൽ ഇരിക്കേണ്ടി വന്നതെന്നും വിവരണമുണ്ട്. വൈറലായ അതേ ചിത്രം തന്നെയാണ് ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്നത് , സംഭവം നടന്ന സ്ഥലം മധ്യപ്രദേശാണെന്ന് ലേഖനം സ്ഥിരീകരിക്കുന്നു. ഡെക്കാൻ ഹെറാൾഡ് പ്രസിദ്ധീകരിച്ച ലേഖനത്തിലും സംഭവം നടന്ന സ്ഥലം മധ്യപ്രദേശാണെന്ന് അറിയിക്കുന്നുണ്ട് .

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ആശുപത്രി തറയിൽ ഇരിക്കുന്ന മകൾക്ക് രക്ത ബാഗ് ഉയര്‍ത്തി പിടിച്ച് ഒരു അമ്മ നിൽക്കുന്നതായി അവകാശപ്പെടുന്ന ചിത്രം ഉത്തര്‍പ്രദേശില്‍ നിന്നുള്ളതല്ല. മദ്ധ്യപ്രദേശിലെ സത്നയില്‍ നിന്നുള്ള ചിത്രമാണിത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആശുപത്രി തറയില്‍ രോഗിയായ പെണ്‍കുട്ടിക്ക് രക്ത ബാഗ് ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന അമ്മയുടെ ചിത്രം ഉത്തര്‍പ്രദേശിലെതല്ല... സത്യമറിയൂ

Fact Check By: Vasuki S

Result: MISLEADING