ലോകത്ത് എല്ലാ മേഖലകളിലും സാങ്കേതികത അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ്. യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നതിൽ പല രാജ്യങ്ങളും സാങ്കേതികതയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിക്കുന്നു. ഇസ്രായേൽ കൊതുകിന്റെ രൂപത്തിലുള്ള ഒരു ഡ്രോൺ വികസിപ്പിച്ചു എന്നവകാശപ്പെട്ട് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഒരു വിരൽത്തുമ്പിൽ ഇരിക്കുന്ന കൊതുകിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. കൊതുകിന്റെ ആകൃതിയിൽ നിർമ്മിച്ച ഉപകരണത്തിൽ ക്യാമറ, മൈക്രോഫോൺ, ഡിഎൻഎ സാമ്പിളുകൾ എടുക്കാനോ സബ്ക്യുട്ടേനിയസ് ട്രാക്കിംഗ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യാനോ ഉള്ള സൂചി വരെ വിവിധതരം മറ്റ് സാങ്കേതിക ഉപകരണങ്ങൾ ഉണ്ടെന്ന് പോസ്റ്റിൽ വിവരിക്കുന്നു.
എന്നാൽ ഒരു യഥാര്‍ത്ഥ പ്രാണിയുടെ രൂപം അതേപോലെ തന്നെ അനുകരിച്ചുള്ള ഡ്രോണുകള്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത. തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിത്.
എന്താണ് യാഥാര്‍ത്ഥ്യം
ഞങ്ങൾ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2012 മുതൽ പ്രചരിക്കുന്ന ഡ്രോൺ മോഡലാണിതെന്ന് വ്യക്തമായി. പ്രാണികളെ പോലെ തോന്നിക്കുന്ന ചാര ഉപകരണങ്ങൾ നിരീക്ഷണത്തിനും ചാരവൃത്തിക്കും ഉപയോഗിക്കുന്നുവെന്ന വിവരണവുമായി ഒരു യുട്യൂബ് ചാനലിൽ ഇതേ ചിത്രമടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തേനീച്ച, വണ്ട്, തുമ്പി പോലുള്ള പ്രാണികളുടെ രൂപത്തിലുള്ള ഡ്രോണുകളുടെ ചിത്രം പല വെബ്സൈറ്റുകളും നല്കിയിട്ടുണ്ട്. പ്രാണികളുടെ രൂപത്തിലുള്ള ഡ്രോണ്‍ ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളിൽ എത്ര പേർ വിശ്വസിക്കും. ചിലവ യഥാർത്ഥ പ്രാണികളോട് വളരെ അടുത്ത് കാണപ്പെടുന്നു, വ്യത്യാസം കണ്ടെത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. എന്ന വിവരണത്തോടെയാണ് വീഡിയോ കൊടുത്തിട്ടുള്ളത്.
ചിത്രത്തിൽ കാണുന്നത് റെക്കോർഡുചെയ്യാനും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനും ട്രാക്കിംഗ് ചിപ്പുകൾ തിരുകാനും കഴിവുള്ള ഒരു ചാര ഡ്രോണാണെന്ന് യാതൊരു തെളിവുകളുമില്ല. ഇത്തരം ഡ്രോണുകള്‍ 5G യിൽ പ്രവർത്തിക്കുന്നുവെന്നതിനും തെളിവുകളൊന്നുമില്ല. ഇത്തരത്തിലുള്ള ഡ്രോണുകൾ ഏതെങ്കിലും രാജ്യം ചാര പ്രവർത്തനത്തിനോ യുദ്ധമുഖത്തോ ഉപയോഗിക്കുന്നതായി വിശ്വസനീയമായ വാർത്തകളോ റിപ്പോർട്ടുകളോ ഇതുവരെയില്ല. “INSECT SPY DRONE 5G” എന്ന പേരിൽ ഒരു പ്രോജക്റ്റും അന്വേഷണത്തിൽ ഞങ്ങൾക്ക് ലഭ്യമായില്ല. പ്രസ്തുത ഡ്രോണിന്റെ പ്രവർത്തനം കാണിക്കുന്ന വീഡിയോകൾ ഒന്നുംതന്നെ ലഭ്യമല്ല. വർഷങ്ങളായി പ്രചരിക്കുന്ന ഈ ചിത്രം പലരും കൊതുക് രൂപത്തിലെ യഥാര്‍ത്ഥത്തില്‍ ഉപയോഗത്തിലുള്ള ഡ്രോണ്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നു എന്നുമാത്രം.
കൊതുക് ആകൃതിയുള്ള മൈക്രോ ഏരിയൽ വെഹിക്കിളിന്റെ (MAV) രൂപകൽപ്പന മാത്രമാണ് ഇതെന്ന് കരുതുന്നു. ഡിഎൻഎ സാമ്പിളുകൾ എടുക്കുകയോ ആളുകളുടെ ചർമ്മത്തിന് കീഴിൽ മൈക്രോ-ആർഎഫ്ഐഡി ട്രാക്കറുകൾ തിരുകുകയോ ചെയ്യുന്നത് ഒരു കാലത്ത് സാധ്യമായേക്കാം എങ്കിലും മൈക്രോ ഡ്രോണുകളുടെ ഈ നിര്‍മ്മിതി സാങ്കൽപ്പികം മാത്രമാണ് എന്നാണ് പാലക്കാട് എന്‍എസ്‌എസ് എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസറായ ഡോ.ശ്രീലജ അറിയിച്ചത്.
പ്രാണികളുടെ വലിപ്പമുള്ള ഡ്രോണുകൾ നിർമ്മിക്കുന്നതിനുള്ള ഗവേഷണം നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ തിരഞ്ഞാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. പക്ഷേ അവ അത്ര പുരോഗമിച്ചിട്ടില്ല. വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഓട്ടോണമസ് ഇൻസെക്‌റ്റ് റോബോട്ടിക്‌സ് ലബോറട്ടറി, കഴിഞ്ഞ വർഷം ഒരു പ്രാണിയുടെ വലിപ്പമുള്ള വയർലെസ് റോബോട്ടിന്‍റെ നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന പരീക്ഷണ പറക്കൽ അവതരിപ്പിച്ചു.
19 സെന്‍റിമീറ്റർ നീളവും 29 സെന്‍റിമീറ്റർ വീതിയുമുള്ള മെറ്റാഫ്ലൈ എന്ന ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ഡ്രോൺ ആണ് ഈ മേഖലയിലെ മറ്റൊരു മുന്നേറ്റം. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി അതിൻ്റെ കമ്പനിയായ അനിമൽ ഡൈനാമിക്‌സ് വഴി സ്‌കീറ്റർ പ്രോജക്‌റ്റിൽ പ്രവർത്തിക്കുന്നു, ഒരു ഡ്രാഗൺഫ്ലൈയുടെ പറക്കലിനെ അനുകരിക്കുന്ന 12-സെന്‍റിമീറ്റർ റോബോട്ട് വികസിപ്പിക്കാന്‍ യുകെ പ്രതിരോധ മന്ത്രാലയം ധനസഹായം നൽകുന്നു. നിലവിൽ “ഗവേഷണം വാഹനങ്ങൾ നിർമ്മിക്കുന്നതിലും പരീക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് വീഡിയോ പറയുന്നു
ചെറുപ്രാണികളുടെ രൂപത്തിലുള്ള ഡ്രോണുകള്‍ വികസിപ്പിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നു എന്നു വിവരിക്കുന്ന ലേഖനങ്ങള്‍ 2012 മുതല്‍ ലഭ്യമാണ്. എന്നാല്‍ ഇവ വികസിപ്പിച്ചുവെന്നോ രാജ്യസുരക്ഷക്കായി സൈന്യം ഉപയോഗിക്കുന്നുവെന്നോ ആധികാരികമായ തെളിവുകളില്ല.
വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്‍റിന് ഒരു സ്വയംഭരണ പ്രാണികളുടെ റോബോട്ടിക്സ് ലബോറട്ടറി ഉണ്ട്. അവരുടെ ഏറ്റവും പുതിയ മോഡലുകൾ പോലും പ്രചരിക്കുന്ന ചിത്രത്തില്‍ നിന്ന് ഒരുപാട് അകലെയാണ്. വിവര സാങ്കേതിക രംഗത്ത് നാഴികക്കല്ലായേക്കാവുന്ന ഇത്തരത്തില്‍ ഒരു റോബോട്ട് ഏതെങ്കിലും കമ്പനി വികസിപ്പിച്ചിട്ടുണ്ടെങ്കില്‍ ഉറപ്പായും അത് മാധ്യമ ശ്രദ്ധ നേടുമായിരുന്നു. കൊതുകിന്‍റെ അതേ രൂപത്തിലുള്ള ഡ്രോണുകള്‍ ഇതുവരെ ഒരു രൂപകല്‍പ്പന മാത്രമാണ്, യഥാര്‍ത്ഥമല്ല.

Title:ചാരവൃത്തിക്കായി കൊതുകിന്‍റെ യഥാര്‍ത്ഥ രൂപത്തിലുള്ള ഡ്രോണ്‍ ഇസ്രയേല്‍ വികസിപ്പിച്ചെന്നു പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം…?
Fact Check By: Vasuki SResult: Insight
