ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

അന്താരാഷ്ട്ര രാഷ്ട്രീയം | Politics

വിവരണം

മൊസാദിനെ ഞെട്ടിച്ച് ഇസ്രയേയിലെ ടെൽ അവീവിൽ ഇന്നലെ ഇറാൻ തൊടുത്ത് വിട്ട മിസൈൽ മഴ…നക്ഷത്രങ്ങൾ സാക്ഷിയായ ഒരു സുദിനം കൂടി..ഗസ്സ ചിരിക്കാതെ ഈ ലോകം അവസാനിക്കില്ല.. എന്ന തലക്കെട്ട് നല്‍കി വാഹനങ്ങള്‍ കടന്നു പോകുന്ന വലിയ ട്രാഫിക് തിരക്കുള്ള ഒരു നഗരത്തില്‍ ആകാശത്തിലൂടെ ചുവന്ന തീ ജ്വാലകള്‍ പായുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇച്ചായി മാലൂര്‍ (Ichai Malur) എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook PostArchived Screen Record

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇറാന്‍ ഇസ്രായേലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകളായി ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും Abd Ellah Arabdji എന്ന യൂട്യൂബ് ചാനലില്‍ നിന്നും സമാനമായ വീഡിയോ പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു.إحتفالات انصار مولودية الجزائر بمرور 103 سنة على تأسيس العميد എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്ന. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയതില്‍ നിന്നും അറബിക് ഭാഷയില്‍ മൗലൂദിയ അൽജിയേഴ്‌സ് അനുഭാവികൾ 103-ാം വാർഷികം ആഘോഷിക്കുന്നു.. എന്നതായിരുന്നു മലയാളം പരിഭാഷ.

യൂട്യൂൂബ് വീഡിയോ –

എന്താണ് മൗലൂദിയ?

വിക്കിപ്പീഡിയ വിവരങ്ങള്‍ പ്രകാരം ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ് –

അൾജിയേഴ്‌സ് ആസ്ഥാനമായുള്ള ഒരു അൾജീരിയൻ ഫുട്‌ബോൾ ക്ലബ്ബാണ് മൗലൂദിയ ക്ലബ് ഡി അൽഗർ, എംസി അൽജർ അല്ലെങ്കിൽ എംസിഎ എന്ന് ചുരുക്കത്തിൽ അറിയപ്പെടുന്നു. 1921 ലാണ് ക്ലബ്ബ് സ്ഥാപിതമായത്, അതിൻ്റെ നിറങ്ങൾ ചുവപ്പും പച്ചയും വെള്ളയുമാണ്. അവരുടെ ഹോം സ്റ്റേഡിയമായ അലി ലാ പോയിൻ്റ് സ്റ്റേഡിയത്തിന് 40,000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.

മൗലൂദിയ ഫാന്‍സിന്‍റെ വേരിഫൈ‍ഡ് യൂട്യൂബ് പേജായ ഫാന്‍സ് ടിവി എന്ന ചാനലില്‍ നിന്നും الكراكاج الثاني من تنظيم أولترا حب وعقلية الثاني بالسينيال بمناسبة الذكرى 103 كن تأسيس المولودية എന്ന തലക്കെട്ട് നല്‍കി സമാനമായ മറ്റൊരു വീ‍ഡിയോ കൂടെ കണ്ടെത്താന്‍ കഴിഞ്ഞു. മൗലൂദിയ ക്ലബ്ബ് രൂപീകരിച്ചതിന്‍റെ 103-ാം വാര്‍ഷികം ആഘോഷിക്കുന്ന അല്‍ജീരിയന്‍ ആരാധകര്‍ എന്ന പേരിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതായത് ഇസ്രായേല്‍-ഇറാന്‍ യുദ്ധവുമായി വീഡിയോക്ക് യാതൊരു ബന്ധവുമില്ലായെന്ന് ഇതോടെ വ്യക്തമാണ്. വീഡിയോയില്‍ കാണുന്നത് ആഘോഷത്തിന്‍റെ ഭാഗമായി ആകാശത്ത് വിരിഞ്ഞ വെടിക്കെട്ടിന്‍റെ ദൃശ്യങ്ങളാണ്.

ഫാന്‍സ് ടിവി പങ്കുവെച്ച വീഡിയോ –

നിഗമനം

അൾജിയേഴ്‌സ് ആസ്ഥാനമായുള്ള അൾജീരിയൻ ഫുട്‌ബോൾ ക്ലബ്ബായ മൗലൂദിയ ക്ലബ് ഡി അൽഗറിന്‍റെ 103-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിന്‍റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.