
മനുഷ്യത്വത്തിന്‍റെ, മാനവീകതയുടെ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് തുടരുന്ന ഇസ്രയേല്‍ ഹമാസ് യുദ്ധം ഇതുവരെ പതിനായിരക്കണക്കിന് പേരുടെ ജീവനെടുത്തു കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെയും മറ്റ് ലോകരാജ്യങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ കൂട്ടാക്കാതെ ഇരുകൂട്ടരും യുദ്ധം തുടരുകയാണ്. ഇസ്രായേല്‍ അനുകൂലികളും ഹമാസ് അനുകൂലികളും സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. ഗാസയിലെ സൈനിക നടപടികള്‍ക്ക് പുറമെ ലെബനനിലും ഇസ്രയേല്‍ ആക്രമണം നടത്തി. തുടര്‍ന്ന് ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തുകയുണ്ടായി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്. ഇതിനിടെ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
ഒരാള്‍ ഏതാനും പേരെ ഒരു കുഴിയുടെ സമീപത്ത് കൊണ്ട് ചെന്നു നിര്‍ത്തി നിഷ്ക്കരുണം വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹമാസ്, ഹിസ്ബുള്ള, ഇറാന്‍ എന്നിവരുടെ ചെയ്തികള്‍ ഇങ്ങനെ ആയിരുന്നുവെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവരോട് മറുപടി പറയുക മാത്രമാണ് ചെയ്യുന്നത് എന്നും സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇവനൊക്കെ ചെയ്തു കൂട്ടുന്ന കൊടും ക്രൂരതക്കുള്ള പ്രതികാരമാണ് ഇന്ന് നെതാന്യാഹു എന്ന ഒരു മനുഷ്യൻ വഴി ദൈവം ഇടപെട്ടുകൊണ്ടിരിക്കുന്നത്”
https://archive.org/details/screencast-www_facebook_com-2024_10_08-08_58_36
എന്നാല്‍ സിറിയയില്‍ നിന്നുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വീഡിയോ ആണിതെന്നും ഇസ്രയേല്‍, പാലസ്തീന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഇസ്രായേൽ പട്ടാളക്കാർ പാലസ്തീൻ ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരത എന്ന പേരില്‍ ഇതേ വീഡിയോ 2022 മെയ് മാസം പ്രചരിച്ചിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് ചെയ്ത് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 2013ല്‍ സിറിയയിൽ നടന്ന കൂട്ടക്കൊലയുടെ ദൃശ്യങ്ങളാണിത്. ഏകദേശം 41 പേരെയാണ് അന്ന് കൊന്നുതള്ളിയത്. 2013 നടന്ന കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ 2019 ലാണ് പുറത്തുവന്നത്. സിറിയന്‍ ഇന്‍റലിജന്‍സ് ഓഫീസര്‍ അംജദ് യൂസഫാണ് കൂട്ടക്കൊല നടത്തുന്നതെന്ന് ഗാര്‍ഡിയന്‍ വാര്‍ത്തയില്‍ പറയുന്നു.
ഏഴ് സ്ത്രീകളും 12 കുട്ടികളും ഉൾപ്പെടെ 288 സിവിലിയന്മാരെ 2013-ൽ സിറിയൻ സൈനിക ഉദ്യോഗസ്ഥർ കൂട്ടക്കൊല ചെയ്തുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

2019-ൽ ചോർന്ന കൂട്ടക്കൊലയുടെ ദൃശ്യങ്ങളിൽ, സൈനിക ഉദ്യോഗസ്ഥർ ക്യാമറയ്ക്ക് മുന്നിൽ മുഖം കാണിക്കുകയും തങ്ങളുടെ സിവിലിയൻ ബന്ദികളെ വധിക്കുന്നതിന് മുമ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. സിറിയൻ സേന ഉദ്യോഗസ്ഥന്‍റെ ലാപ്ടോപ്പ് പരിശോധിക്കുന്നതിനിടയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. രണ്ട് വർഷത്തെ അന്വേഷണത്തിനുശേഷം 2013 ഏപ്രിൽ 16-ന് ഡമാസ്കസിലെ ടാഡമൺ ജില്ലയില്‍ കൂട്ടക്കൊല അരങ്ങേറിയതായി കണ്ടെത്തുകയായിരുന്നു.
പല മാധ്യമങ്ങളിലും ഈ ക്രൂരതയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സിറിയയിലെ സൈനിക ഓഫീസര്‍മാര്‍ തദ്ദേശീയരെ കൂട്ടക്കൊല ചെയ്ത 2013 ലെ ഈ സംഭവത്തിന് ഇസ്രയേല്‍, പലസ്തീന്‍, ഇറാന്‍, ലെബനന്‍ തുടങ്ങിയ രാജ്യങ്ങളുമായി യാതൊരു ബന്ധവുമില്ല.
