ബംഗ്ലാദേശിൽ ബുർഖ ധരിക്കാത്ത ഹിന്ദു സ്ത്രീകൾക്ക് നേരെ ആക്രമണമോ ? സത്യാവസ്ഥ ഇതാണ്...
ബംഗ്ലാദേശിൽ ബുർഖ ധരിക്കാത്ത ഹിന്ദു സ്ത്രീകളെ റോഡിൽ മർദിക്കുന്നത്തിന്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചില ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ പ്രചാരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്റെ യാഥാർഥ്യം നമുക്ക് അറിയാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു യുവാവ് ചില സ്ത്രീകളെ മർദിക്കുന്നത്തിന്റെ ദൃശ്യങ്ങൾ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇസ്ലാമിക മതഭ്രാന്തന്മാർ ഭരണം പിടിച്ചെടുത്ത ബംഗ്ലാദേശിലെ ഒരു നഗരത്തിൽ നിന്നുള്ള ദയനീയമായ കാഴ്ച🤦♀️🤦♀️.
ബുർക്ക ഇടാതെ നടന്ന ഹിന്ദു സ്ത്രീകളെ ഒരു മതഭ്രാന്തൻ നഗരത്തിലൂടെ ഓടിച്ചിട്ട് തല്ലുകയാണ്🙄🙄.
ആരും തന്നെ എതിർക്കുന്നില്ല 😔😔.ആ പെൺകുട്ടിയോട് ഇത്രയൊക്കെ ചെയ്തിട്ടും കൂടി നിന്ന ഒരാൾ പോലും ഈ ജിഹാദിക്കെതിരെ പ്രതികരിക്കുന്നില്ല!!!.
ജിഹാദികൾ ഭൂരിപക്ഷം ആയിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലും സമീപഭാവിയിൽ ഇതൊക്കെ പ്രതീക്ഷിക്കാം🤔.”
എന്നാൽ എന്താണ് ഈ സംഭവത്തിന്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
സംഭവത്തെ കുറിച്ച് അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ബംഗ്ലാദേശിലെ മാധ്യമ വെബ്സൈറ്റ് പ്രഥമലോയുടെ ഒരു വാർത്ത ലഭിച്ചു.
വാർത്ത വായിക്കാൻ - Prothom Alo | Archived
വാർത്ത പ്രകാരം ഈ സംഭവം ധാക്കയിലെ ശ്യാമോലി പ്രദേശത്തിലാണ് ഉണ്ടായത്. ഈ ഭാഗത്ത് പ്രവർത്തിക്കുന്ന ലൈംഗിക തൊഴിലാളികളെ എച്.എം. രാസേൽ സുൽത്താൻ എന്ന യുവാവ് മർദിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവർ ഈ തൊഴിൽ ഉപേക്ഷിച്ച് വേറെ ജോലി ചെയ്യണം എന്ന് പറഞ്ഞിട്ടാണ് ഇയാൾ ലൈംഗിക തൊഴിലാളികളെ ഇപ്രകാരം മർദിച്ചത്.
ഞങ്ങൾക്ക് ദി ഡെയിലി സ്റ്റാർ പ്രസിദ്ധികരിച്ച ഒരു വാർത്തയും ലഭിച്ചു. വാർത്തയിൽ വീഡിയോയിൽ കാണുന്ന നീല സാരി അഴിഞ്ഞ സ്ത്രീയുടെ പ്രതികരണമുണ്ട്. ഈ സ്ത്രീയുടെ പേര് ഷാഹിദ എന്നാണ്. ഈ സ്ത്രീ ഒരു എൻ.ജി.ഓക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ലൈംഗിക തൊഴിലാളികൾക്ക് കോണ്ഡം വിതരണം ചെയ്യുന്നതിനിടെയാണ് രാസേൽ ഇവരെ ആക്രമിച്ചത്. ഞാൻ ഇവിടെ വ്യഭിചാരം നടത്തുന്നില്ല എന്ന് പറഞ്ഞിട്ട് പോലും എന്തിനാണ് ലൈംഗിക തൊഴിലാളികളുമായി സംസാരിക്കുന്നത് എന്ന് ചോദിച്ച് രാസേൽ തന്നെ മർദിച്ചു എന്ന് ഷാഹിദ പറയുന്നു. പച്ച നിറത്തിലുള്ള പൈപ്പ് വെച്ച് തന്നെ 9 തവണ മർദിച്ചത്തിന് ശേഷം മറ്റു ലൈംഗിക തൊഴിലാളികളുടെ പിന്നാലെ ഇയാൾ ഓടി എന്നും ഷാഹിദ പറയുന്നു. ഈ സംഭവം നടന്നത് ഓഗസ്റ്റ് 29നാണ് .
ഞങ്ങൾ രാസേൽ സുൽത്താനിന്റെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ചു. ഈ പേജിൽ ഓഗസ്റ്റ് 29ന് ഇയാൾ ഈ സംഭവത്തിനെ കുറിച്ച് ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയിൽ ഇയാൾ ലൈംഗിക തൊഴിലാളികളെ മർദിച്ചത്തിനെ കുറിച്ച് പറയുന്നു. ഇവരെ എല്ലാവരെ ഇയാൾ വേറെ നല്ല തൊഴിലുണ്ടാക്കി നൽകും എന്നും പറയുന്നുണ്ട്.
നിഗമനം
ബംഗ്ലാദേശിൽ ജിഹാദികൾ ബുർഖ ധരിച്ചില്ല എന്ന കാരണത്തിന് ഹിന്ദു സ്ത്രീകളെ റോഡിൽ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥത്തിൽ രാസേൽ സുൽത്താൻ എന്ന വ്യക്തി ധാക്കയിൽ ലൈംഗിക തൊഴിലാളികളെ മർദിക്കുന്നത്തിന്റെ ദൃശ്യങ്ങളാണ്. ഈ സംഭവത്തിൽ യാതൊരു വർഗീയതയില്ല.