
പുതിയ നിയമങ്ങൾ പ്രകാരം നിങ്ങളുടെ വാട്സ്ആപ്പ് കാലുകളും, സന്ദേശങ്ങളും പോലീസ് നിരീക്ഷിക്കും എന്ന് അവകാശപ്പെട്ട് കേരള പോലീസിൻ്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോയിൽ നമുക്ക് ഒരു ഉന്നത കേരള പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതായി കേൾക്കാം: “ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ്, ടെലിഗ്രാം ഉൾപ്പെട്ട എല്ല സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ മോണിറ്റർ ചെയ്യുന്നുണ്ട്. ആരെങ്കിലും ഒരു ഹേറ്റ് ആയിട്ടുള്ള മെസ്സേജ് അല്ലെങ്കിൽ ഫേക്ക് ന്യൂസ് സ്പ്രെഡ് ചെയ്താൽ പോലീസ് ഉടനെ കേസ് എടക്കും. നോൺ-ബേയിലേബൽ കേസ് എടക്കും.വാട്സ്ആപ്പ് അല്ലെങ്കിൽ ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിൻ പ്രതിയാകും.ജില്ലയിൽ വളരെ ശക്തമായ മോണിറ്ററിങ് നടത്തുന്നുണ്ട്. എല്ലാവരുടെ ആക്ടിവിറ്റീസ് ഞങ്ങളുടെ വാച്ചിൽ ഉണ്ട്. ആരെങ്കിലും ഫേക്ക് ന്യൂസ് അല്ലെങ്കിൽ ഹേറ്റ് ഉള്ള മെസ്സേജ് സ്പ്രെഡ് ചെയ്താൽ പോലീസ് കേസ് എടക്കും.” .
ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ (വോയിസ് ആൻഡ് വീഡിയോ കാൾ ) 1. എല്ലാ കോളുകളും റെക്കോർഡ് ചെയ്യും. 2. എല്ലാ കോളുകളും സേവ് ചെയ്യപ്പെടും. 3. വാട്സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും. 4. ഫോൺ മിനിസ്ട്രി സിസ്റ്റംത്തോട് കണക്ട് ചെയ്യപ്പെടും. 5. അനാവശ്യ മെസ്സേജുകൾ ആർക്കും സെന്റ് ചെയ്യരുത്. 6. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികളോടും മുതിർന്നവരോടും വീട്ടുകാരോടും ബന്ധുക്കളോടും ശ്രദ്ധിക്കാൻ പറയുക. 7. ഗവൺമെന്റ് നോ പ്രൈംമിനിസ്റ്റർ നോ എതിരെയും രാഷ്ട്രീയപരമായ കാര്യങ്ങൾക്ക് എതിരെയും ഉള്ള പോസ്റ്റുകൾ ഷെയർ ചെയ്യുകയോ സോഷ്യൽ മീഡിയയിൽ ഇടുകയോ ചെയ്യാതിരിക്കുക. 8. രാഷ്ട്രീയമായ മതപരമായ ഉള്ള മെസ്സേജുകൾ ഈ അവസ്ഥയിൽ അയക്കുന്നത് ശിക്ഷാകരമായ ഒരു പ്രവർത്തിയാണ്. വാറണ്ടില്ലാതെ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാൻ ചാൻസുണ്ട്. 9. സീരിയസ് ആയിട്ടുള്ള സൈബർക്രൈം ഒഫൻസ് ആയി ഇത് കണക്കാക്കുകയും കണക്കാക്കുന്നതാണ്. 10. എല്ലാ ഗ്രൂപ്പ് മെമ്പേഴ്സും മോഡറേറ്റർസും സീരിയസായി എടുക്കേണ്ടതാണ് 11. ആരും തെറ്റായ ഒരു മെസ്സേജും അയക്കരുത്. ഇത് എല്ലാവരെയും പരമാവധി അറിയിക്കുക ഗ്രൂപ്പ് മെമ്പേഴ്സ് ഉള്ള വാട്സാപ്പിലെ പുതിയ റൂൾസ് 1. 1. ✓ = മെസ്സേജ് അയച്ചു 2. ✓✓ = മെസ്സേജ് ഡെലിവറി ആയി 3. Tᴡᴏ ʙʟᴜᴇ ✓✓= മെസ്സേജ് വായിച്ചു Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു 5. Tᴡᴏ ʙʟᴜᴇ ✓✓ ᴀɴᴅ ᴏɴᴇ ʀᴇᴅ ✓= നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കാണുകയും ആക്ഷൻ എടുക്കുകയും ചെയ്തേക്കാം 6. Oɴᴇ ʙʟᴜᴇ✓ ᴀɴᴅ ᴛᴡᴏ ʀᴇᴅ✓✓ = നിങ്ങളുടെ ഇൻഫോർമേഷൻ ഗവൺമെന്റ് ചെക്ക് ചെയ്യുന്നു 7. Tʜʀᴇᴇ ʀᴇᴅ ✓✓✓ = നിങ്ങൾക്ക് എതിരെയുള്ള പ്രൊസീഡിംഗ്സ് ഗവൺമെന്റ് ആരംഭിച്ചു.ഉടനെ തന്നെ നിങ്ങൾക്ക് കോടതിയുടെ സമൻസ് കിട്ടുന്നതായിരിക്കും ഉത്തരവാദിത്വമുള്ള ഒരു പൗരൻ ആവുക. മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.”
എന്നാല്‍ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയിൽ നമുക്ക് DIOKSGD കാണാം. ഇത് കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ കാസർഗോഡ് ഫേസ്‌ബുക്ക് പേജിൻ്റെ വാട്ടർമാർക്ക് ആണ്. ഈ പേജിൽ ഞങ്ങൾക്ക് ഈ വീഡിയോ ലഭിച്ചു. വീഡിയോ കാസർഗോഡ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെതാണ്. ഈ വീഡിയോ ക്ലിപ്പ് ചെയ്തിട്ടാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ജൂലൈ 27, 2023ന് പ്രസിദ്ധികരിച്ച ഈ വീഡിയോയിൽ സക്‌സേന കാഞ്ഞങ്ങാട് റാലിയിൽ നടന്ന വിദ്വേഷ പ്രസംഗത്തിൻ്റെ കേസുമായി ബന്ധപ്പെട്ടാണ് സംസാരിക്കുന്നത്.
പോസ്റ്റിൻ്റെ അടികുറിപ്പിൽ ഈ വിഷയത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “വിദ്വേഷ പ്രസംഗം ; സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കി പൊലീസ് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന കാഞ്ഞങ്ങാട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കി പൊലീസ്. ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം വാട്‌സ് ആപ്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ വിദ്വേഷ പ്രസംഗം , പ്രകോപനപരമായ സന്ദേശങ്ങള്‍, തെറ്റായ വാര്‍ത്തകള്‍ എന്നിവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു. സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സംഘം നിരീക്ഷിക്കുകയാണ്. വാട്‌സ്ആപ് , ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിന് ഗ്രൂപ്പ് അഡ്മിന്‍മാരെയും പ്രതിയാക്കും. ഇതുവരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് പേര്‍ റിമാന്‍ഡിലാണ്. ബാക്കിയുള്ളവരെ പിടികൂടാനായി തിരച്ചില്‍ ശ്ക്തമാക്കിയിട്ടുണ്ടെന്നും വൈഭവ് സക്‌സേന പറഞ്ഞു.”
കൂടാതെ വാട്സ്ആപ്പിനെ കുറിച്ചുള്ള ഈ വ്യാജപ്രചരണം പഴയതാണ്. ഈ പ്രചരണം വ്യാജമാണെന്ന് തെളിയിച്ചിട്ടുള്ള ഞങ്ങളുടെ അന്വേഷണ റിപ്പോർട്ട് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
Also Read | FACT CHECK: വാട്സാപ്പിനെ കുറിച്ച് പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്….
2021 മുതൽ ഈ വ്യാജപ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. കൂടുതൽ വ്യക്തതക്കായി ഞങ്ങൾ സംസ്ഥാന പോലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ വി.പി.പ്രമോദ് കുമാറുമായി ബന്ധപെട്ടു. അദ്ദേഹം ഇതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “പ്രചരണം പൂർണമായും വ്യാജമാണ്. ഇത്തരമൊരു നിർദ്ദേശമോ നിയമമോ പ്രാബല്യത്തിൽ വന്നിട്ടില്ല. കുറച്ചധികം നാളുകളായി ഈ വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.”
നിഗമനം
സമൂഹ മാധ്യമങ്ങളിൽ പോലീസ് നിങ്ങളുടെ വാട്സ്ആപ്പ് സന്ദേശങ്ങളും,കോളുകളും അതെ പോലെ മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരീക്ഷിക്കും എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:കേരള പോലീസ് വാട്സ്ആപ്പ് കാലുകളും സന്ദേശങ്ങളും നിരീക്ഷിക്കും എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം
Written By: Mukundan KResult: False
