ഗാസയിലെ ജനങ്ങള്‍ ഭക്ഷണത്തിനായി തിരക്ക് കൂട്ടുന്ന ദൃശ്യങ്ങള്‍ പാകിസ്താന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…  

അന്തര്‍ദേശിയ൦ | International

ഐറിഷ് മാനുഷിക സംഘടനയായ കൺസർൺ വേൾഡ്‌വൈഡും ജർമ്മൻ എയ്‌ഡ് ഏജൻസിയായ വെൽത്തംഗർഹിൽഫും പ്രസിദ്ധീകരിച്ച 2024 ലെ ഗ്ലോബൽ ഹംഗർ ഇൻഡക്‌സില്‍ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയ്‌ക്കൊപ്പം 105 മത് സ്ഥാനത്ത്  ‘ഗുരുതര’ വിഭാഗത്തിലാണ് ഇന്ത്യയുടെ റാങ്ക് കാണിക്കുന്നത്. പാകിസ്താനും അഫ്ഗാനിസ്താനും ഇന്ത്യയെക്കാള്‍ ഏതാനും റാങ്കിന് മുന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയെക്കാള്‍ റാങ്കിംഗില്‍ മുന്നിലുള്ള പാകിസ്താനില്‍ പട്ടിണിയുണ്ടെന്ന് സൂചിപ്പിച്ച് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പ്രചരണം 

ഇസ്ളാമിക രീതിയില്‍ വേഷം ധരിച്ച ഒരു കൂട്ടം സ്ത്രീകളും കുട്ടികളും ഭക്ഷണ വിതരണം നടത്തുന്ന സ്ഥലത്ത് പാത്രങ്ങളും പിടിച്ച് തിക്കും തിരക്കും ബഹളവും കൂട്ടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് പാകിസ്താനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: 

FB postarchived link

എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ലെന്നും പാകിസ്താനില്‍ നിന്നുള്ള പഴയ ദൃശ്യങ്ങളാണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ പങ്കുവച്ച പല ഇന്‍സ്റ്റഗ്രാം പേജുകളും ലഭ്യമായി. സദാഖ വെൽഫെയർ ഫണ്ട് എന്ന ഇസ്ലാം ചാരിറ്റി ഓർഗനൈസേഷന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഈ വീഡിയോ 2024 ജൂലൈ 22ന് പങ്കുവച്ചിട്ടുണ്ട്. ‘നിങ്ങളുടെ സഹായത്തോടെ പലസ്തീനിൽ തുടര്‍ന്നും നമുക്ക് ഭക്ഷണമെത്തിക്കാൻ സാധിക്കും, നമുക്കൊരുമിച്ച് ഭക്ഷ്യക്ഷാമത്തെ നേരിടാം’ എന്ന അടിക്കുറിപ്പിലാണ് ദൃശ്യങ്ങള്‍ നല്‍കിയിട്ടുള്ളത്.

കൂടാതെ പേജിലെ ഓഡിയോയുടെ പേരില്‍ sana_aljamal എന്ന ഇന്‍സ്റ്റഗ്രാം പേജിന് ക്രെഡിറ്റ് നല്കിയിട്ടുണ്ട്. പലസ്തീനില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്ഫ്ലുവന്‍സറാണ് സന എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതേ അകൗണ്ടിൽനിന്നും വൈറൽ വീഡിയോയിലെ ദൃശ്യങ്ങൾ റീൽസ് ആയി 2024 ജൂലൈ 21ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രയേൽ യുദ്ധം തുടരുകയും സഹായം ലഭിക്കുന്നതിന് തടയിടുകയും ചെയ്യുന്നത് കൊണ്ട് ജി-സ്ട്രിപ്പിലെ ജനങ്ങൾ പ്രത്യേകിച്ച് കുട്ടികളും സ്ത്രീകളും ഒരു നേരത്തെ ആഹാരം ലഭിക്കാൻ നേരിടുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ച  എന്ന വിവരണത്തോടെയാണ് വീഡിയോ കൊടുത്തിട്ടുള്ളത്. 

സന അൽജമാൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ  ahmed_ali_14 എന്ന അക്കൌണ്ടിന് ക്രെഡിറ്റ് നൽകിയിട്ടുണ്ട്. ഇത് അഹമ്മദ് അലി മൂസ എന്ന പലസ്തീൻ ഫോട്ടോഗ്രാഫറുടേതാണ്. പലസ്തീനിലെ ജനങ്ങളുടെ ദുരിത ജീവിതത്തിൻറെ നിരവധി ചിത്രങ്ങളും വീഡിയോകളും അഹമ്മദ് അലി തന്‍റെ പേജിൽ പങ്കുവെച്ചിട്ടുണ്ട്. വൈറൽ വീഡിയോ 2024 ജൂലൈ 18ന് അഹമ്മദലി റീൽസ്` ആയി പങ്കുവെച്ചിട്ടുണ്ട്. 

ഗാസയിൽ നിന്നുള്ള ദൃശ്യങ്ങളാണ്  പാക്കിസ്ഥാന്‍റെ പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഭക്ഷണ വിതരണം നടത്തുന്ന സ്ഥലത്ത് പാത്രങ്ങളുമായി സ്ത്രീകളും കുട്ടികളും തിരക്കുകൂട്ടുന്ന ദൃശ്യങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളതല്ല, ഗാസയില്‍ നിന്നുള്ളതാണ്. ദൃശ്യങ്ങള്‍ക്ക് പാകിസ്താനുമായി യാതൊരു ബന്ധവുമില്ല.