ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് പിന്തുണ യുഡിഎഫിനോ?

രാഷ്ട്രീയം | Politics

വിവരണം

ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ  മാത്രം ബാക്കി നിൽക്കെ  സാമുദായിക നേതാക്കളുടെ പിന്തുണയെ ചൊല്ലിയുള്ള തർക്കങ്ങൾ  മുന്നണികളിൽ  നടക്കുന്നത് പോലെ തന്നെ സാമൂഹ്യമാധ്യമങ്ങളിലും ഇതു ചൂടേറിയ ചര്‍ച്ച വിഷയം ആകുന്നുണ്ട്. അത്തരത്തിൽ  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കിൽ  പ്രചരിക്കുന്ന ഒരു പോസ്റ്റാണ് എന്എസ്എസ് ജനറൽ  സെക്രട്ടറി ജി.സുകുമാരൻ  നായർ  തെരഞ്ഞെടുപ്പിൽ  20 സീറ്റുകളിലും യുഡിഎഫ് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നത്. 2019 മാർച്ച്  31ന് അജികുമാർ  രണ്ടാംകുറ്റി എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ  യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സുകുമാരൻ  നായർക്ക്  അഭിനന്ദനങ്ങൾ  എന്ന തലക്കെട്ടു നല്കിയ ഒരു പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. 1,500 ലധികം ഷെയറുകളും 1,800 ലൈക്കും, അഞ്ഞൂറിലധികം കമന്റുകളും ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. എന്നാൽ  ലോക്സഭ തെരഞ്ഞെടുപ്പിൽ  എന്എസ്എസിന്‍റെ പ്രഖ്യാപിത നയം യുഡിഎഫിനെ പിന്തുണയ്ക്കുമെന്നത് തന്നെയാണോ..സുകുമാരൻ  നായരുടെ പേരിൽ  പ്രചരിക്കുന്ന ഇത്തരം പ്രസ്താവനകൾ  വാസ്തവം തന്നെയാണോയെന്നത് പരിശോധിക്കാം.

Facebook PostArchived Link

വസ്തുത വിശകലനം

മാർച്ച് 16 ന് തന്നെ എന്എസ്എസിന്‍റെ ഔദ്യോഗിക വൈബ്സൈറ്റായ http://nss.org.in തെരഞ്ഞെടുപ്പ് നയപ്രഖ്യാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്എസ്എസ് ജനറൽ  സെക്രട്ടറി സുകുമാരൻ  നായരുടെ പ്രസ്താവന എന്ന നിലയിലുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ പകർപ്പ്  തന്നെയാണിത്. എന്എസ്എസ് ജനറൽ  സെക്രട്ടറി യുഡിഎഫിനെ പിന്തുണച്ചു എന്ന വാദത്തിന്‍റെ നേർ  വിപരീതമാണ് എന്എസ്എസിന്‍റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് നയപ്രഖ്യാപനമെന്നതാണ് വാസ്തവം.

പ്രസ്താവനയുടെ പൂർണ്ണരൂപം (2019 മാർച്ച് 16)

‘’ വരുന്ന പാർലമെന്‍റ  തെരഞ്ഞടുപ്പിലും എന്എസ്എസ് സമദൂര നിലപാട്  തന്നെയാണ് തുടരുന്നത്. ഏതെങ്കിലും കക്ഷിയോട് ചേരാനോ അവരുടെ സ്ഥാനാർത്ഥി  നിർണയത്തിൽ  ഇടപെടാനോ എന്എസ്എസ് ഉദ്ദേശിക്കുന്നില്ല. ഈശ്വരവിശ്വാസം നിലനിർത്താൻ എന്എസ്എസ് എന്നും പ്രതിജ്ഞാബദ്ധമാണ്. അതിനാൽ  ഈശ്വര വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ രാഷ്ട്രീയത്തിന് അതീതമായി നിലപാട് സ്വീകരിക്കുകയെന്നത് സ്വാഭാവികമാണ്.’’

മാത്രമല്ല രാഷ്ട്രീയ വിജയം കൊയ്യാനുള്ള നീക്കമായിട്ടാണ് കോൺഗ്രസും ബിജെപിയും ശബരിമല യുവതി പ്രവേശനത്തെ നോക്കിക്കണ്ട് ഇടപെട്ടതെന്ന വിമർശനവും സുകുമാരൻ  നായർ  നടത്തിയതായി മുഖ്യധാരാ മാധ്യമങ്ങൾ  വാർത്തയാക്കിയിരുന്നു. ഏപ്രിൽ  2 ന് ഇത്തരത്തിൽ  പല ഓൺലൈൻ  മാധ്യമങ്ങളും പത്രങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിൽ  ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കില്ലെന്ന നിലപാടിൽ  എന്എസ്എസ് ഉറച്ചു നില്ക്കുയാണെന്നത് വ്യക്തമായിട്ടുണ്ട്.

NSS.orgArchived Link

യുഡിഎഫിനെതിരെ വിമർശനം  ഉന്നയിച്ചതിനെ കുറിച്ച് റിപ്പോർട്ട്  ചെയ്തിട്ടുള്ള വാർത്ത ലിങ്കുകൾ  :

Manoramaonline.comArchived Link
Uniindia.comArchived Link

നിഗമനം

രാഷ്ട്രീയപരമായ നേട്ടങ്ങൾക്കു  വേണ്ടി വ്യാജപ്രചരണം നടത്തുകമാത്രമാണ് പോസ്റ്റിന്‍റെ ലക്ഷ്യം . എൻഎസ് എസ് തെരഞ്ഞെടുപ്പ് നയം പ്രഖ്യാപിച്ചതുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തിലാണ്  പ്രസ്തുത  ഫേസ്ബുക്ക് പോസ്റ്റിൽ  വ്യാജപ്രചരണം നടത്തിയിരിക്കുന്നത്.  ബിജെപിയോടൊപ്പം കോൺഗ്രസ്സിനെയും വിമർശിച്ചിരിക്കുകയാണ് എൻഎസ് എസ് ജനറൽ  സെക്രട്ടറി. അതുകൊണ്ട് തന്നെ പോസ്റ്റ് വസ്തുത വിരുദ്ധമാണെന്നത് വ്യക്തമാണ്.

ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍, എന്‍.എസ.എസ. വെബ്സൈറ്റ്

Avatar

Title:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് പിന്തുണ യുഡിഎഫിനോ?

Fact Check By: Harishankar Prasad 

Result: False