പുതുപ്പള്ളി ഉതതെരഞ്ഞെടുപ്പ്; കൈരളി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..
വിവരണം
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുകയാണ്. ഇതിനിടയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. യുഡിഎഫ് ചാണ്ടി ഉമ്മനെ കഴിഞ്ഞ ദിവസം പുതുപ്പള്ളി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇനി എല്‍ഡിഎഫും ബിജെപയും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ട്. അതിനിടയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഭീമന്‍ രഘു ആണെന്ന തരത്തില്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. പൊളിറ്റിക്സ് കേരള എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അഷ്ഫാക്ക് അഹമ്മദ് മുക്കംതൊടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി ഷെയറുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭീമന്‍ രഘുവാണോ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി? കൈരളി ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ കൈരളി ഇത്തരമൊരു വാര്‍ത്ത അവരുടെ സമൂഹമാധ്യമങ്ങിലെ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അതിനാല്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കൈരളി ന്യൂസ് വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ കൈരളി ന്യൂസ് ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച ന്യൂസ് കാര്‍ഡാണെന്നും അവര്‍ പറഞ്ഞു.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ ഓഗസ്റ്റ് 12ന് പ്രഖ്യാപിക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം അറിയിച്ചിട്ടുള്ളത്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലായെങ്കിലും ജിയിക്ക് സി.തോമസാകും പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിയെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
ഭീമന്‍ രഘുവാണ് പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എന്ന തരത്തില്‍ മാതൃഭൂമി ന്യൂസിന്‍റെ പേരിലും വ്യാജ ന്യൂസ് കാര്‍ഡ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫാക്‌ട് ചെക്ക് ചെയ്തിരുന്നു. ഫാക്‌ട് ചെക്ക് റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
നിഗമനം
സമൂഹമാധ്യമങ്ങളില്‍ കൈരളി ന്യൂസ് ഓണ്‍ലൈനിന്‍റെ പേരില്‍ പ്രചരിക്കന്ന ന്യൂസ് കാര്‍ഡ‍് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ എല്‍ഡിഎഫ് അവരുടെ പുതുപ്പള്ളി സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:പുതുപ്പള്ളി ഉതതെരഞ്ഞെടുപ്പ്; കൈരളി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False