കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ജാബിറും കുടുംബവും സൗദിയിലെ ദമാമിൽ വാഹനാപകടത്തിൽ മരിച്ച വാർത്ത നാം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. മരണകാരണമായ വാഹനാപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന നിലയിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

പ്രചരണം

ഒരു കാർ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്നതും അല്പസമയത്തിനുള്ളിൽ പിന്നിലൂടെ അതിവേഗം പാഞ്ഞു വന്ന മറ്റൊരു കാർ നിർത്തിയിട്ടിരുന്ന കാറില്‍ ശക്തിയായി ഇടിക്കുകയും കാറുകൾ രണ്ടും തകരുകയും ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ വീണ്ടും അവിടെ വേറെയും കാറുകള്‍ കൂട്ടിയിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സൗദിയിൽ മലയാളി കുടുംബത്തിന്‍റെ മരണകാരണമായ അപകടമാണിത് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “സൗദിയിൽ 5 പേരുടെ മരണത്തിനു ഇടയാക്കിയ വീഡിയോ”

archived linkFB post

വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. അമേരിക്കയിലേത് എന്ന് അനുമാനിക്കുന്ന പഴയ വീഡിയോയാണ് സൗദിയിൽ ഈയിടെ നടന്ന അപകടത്തിന്‍റെത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തി

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകൾ ആക്കിയ ശേഷം ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് സൗദിയിൽ നടന്ന അപകടം എന്ന പേരിൽ പലരും പ്രചരിപ്പിക്കുന്നതായി കണ്ടു. എന്നാൽ അറബിയിൽ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങൾ ഇത് അമേരിക്കയിലെ കാലിഫോർണിയയിലെതാണ് എന്ന് സൂചിപ്പിക്കുന്നു. വീഡിയോയിൽ ONSCENE.TV എന്ന ഒരു വാട്ടർമാർക്ക് നൽകിയിട്ടുണ്ട്. ഈ സൂചന ഉപയോഗിച്ച ഞങ്ങൾ യൂട്യൂബിൽ അന്വേഷിച്ചപ്പോൾ ഇതേ പേരിൽ ഒരു യൂട്യൂബ് ചാനൽ കണ്ടെത്തി.

അതിൽ ഈ വീഡിയോ പ്രസിദ്ധീകരിച്ച തീയതി നവംബർ 30 ആണ്.

സൗദിയിൽ അപകടം നടന്നത് ഡിസംബർ 3 നാണ് എന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഈ വീഡിയോ സൗദിയിലെ അപകടത്തിന്‍റെത് അല്ല എന്ന് വ്യക്തമാണ്.

ONSCENE.TV എന്ന യുട്യൂബ് ചാനലില്‍ നിറയെ പലയിടങ്ങളിലുണ്ടായ അപകടങ്ങളുടെ വീഡിയോകള്‍ ആണുള്ളത്. ഈ അപകടം അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്നതാണ് എന്ന് അതില്‍ വിവരിക്കുന്നു. കൂടുതല്‍ വിവരണം ലഭ്യമല്ല. പ്രസ്തുത അപകടത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമായാല്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.

നിഗമനം

സൗദി അറേബ്യയിൽ അഞ്ചംഗ മലയാളി കുടുംബം കൊല്ലപ്പെട്ട വാഹനാപകടത്തിന്‍റെത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് അമേരിക്കയിൽ നിന്നും ഉള്ള പഴയ വീഡിയോ ആണ്. സൗദിയില്‍ നടന്ന അപകടവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സൌദിയില്‍ മലയാളി കുടുംബം കൊല്ലപ്പെട്ട കാര്‍ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് അമേരിക്കയില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ചാണ്...

Fact Check By: Vasuki S

Result: False