മ്മള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്ന ബോംബ്’ എന്ന് ഫയര്‍ ആന്‍റ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍ തന്നെ ഡൊമസ്റ്റിക് ഗാസ് സിലിണ്ടറിനെ വിശേപ്പിക്കാറുണ്ട്. കാരണം സിലിണ്ടറിന് എളുപ്പം തീപിടിച്ച് ജീവഹാനി പോലുള്ള അപകടമുണ്ടാകാന്‍ ഒരു നിമിഷം ധാരാളം മതി. ഇങ്ങനെ ഒരു സന്ദര്‍ഭം പെട്ടെന്നു അഭിമുഖീകരിക്കേണ്ടി വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്തതിനാല്‍ അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിക്കും. ഗാസ് സിലിണ്ടറിന് തീ പിടിക്കുമ്പോള്‍ ദുരന്ത നിവാരണത്തിനായി എളുപ്പം ചെയ്യാവുന്ന പൊടിക്കൈ എന്ന പേരില്‍ ഇപ്പോള്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഒരാൾ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു കഴിഞ്ഞാല്‍ ഒരു പിടി ഗോതമ്പ് പൊടി സിലിണ്ടറിന്‍റെ തീ പിടിച്ച ഭാഗത്ത് വിതറിയാല്‍ മതി എന്ന അപകടകരമായ അറിവാണ് വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. ദൃശ്യങ്ങളില്‍ ഒരാള്‍ തീപിടിച്ച സിലിണ്ടറിന് നേരെ ധാന്യപ്പൊടി എറിഞ്ഞ് തീ കെടുത്തുന്നതും കാണാം. ഒപ്പമുള്ള സന്ദേശം ഇങ്ങനെ:

“*സാമൂഹിക അവബോധം*

*ഒരു പിടി ഗോതമ്പ് പൊടിക്ക് ഗ്യാസ് സിലിണ്ടറിന്റെ തീ തൽക്ഷണം കെടുത്താൻ കഴിയും*

*പരമാവധി ഷെയർ ചെയ്യുക*”

FB postarchived link

എന്നാല്‍ ഈ പ്രചരണം തെറ്റാണെന്നും അപകടകരമാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ദയവായി ഈ അറിവ് ആരും പരീക്ഷിക്കാതിരിക്കുക.

വസ്തുത ഇതാണ്

ആദ്യം തന്നെ ഞങ്ങള്‍ കേരള ഫയര്‍ ആന്‍റ് റെസ്ക്യൂ ഓഫീസില്‍ വിശദാംശങ്ങള്‍ അന്വേഷിച്ചു. റീജിയണല്‍ ഫയര്‍ ഓഫീസര്‍ വി.സിദ്ധകുമാര്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്: ഗോതമ്പ് മാത്രമല്ല, ധാന്യപ്പൊടികള്‍ ഒന്നും തീയണയ്ക്കാനുള്ള മാധ്യമമല്ല. ഡ്രൈ കെമിക്കല്‍ പൌഡര്‍ എന്നൊരു പൊടി തീ അണയ്ക്കാന്‍ ഉപയോഗിക്കാറുണ്ട്. തീ എത്രമാത്രം പടര്‍ന്നു എന്നതിനെ ആശ്രയിച്ചാണ് എത്ര അളവില്‍ പൌഡര്‍ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്. പ്രചരിക്കുന്നത് തെറ്റായ അറിവാണ്. ഇങ്ങനെയുള്ള തെറ്റായ അറിവുകള്‍ അപകടമുണ്ടാക്കും.”

തുടര്‍ന്ന് ഞങ്ങള്‍ ധാന്യപ്പൊടിയുടെ ജ്വലനം സംബന്ധിച്ച് നടത്തിയ പഠനങ്ങൾ തിരഞ്ഞു. ഓക്സിഡൻറുമായി കലരുമ്പോൾ ധാന്യപ്പൊടി കത്തുന്നതാണെന്ന് തെളിഞ്ഞതായി പറയുന്ന ഒരു പഠനം ലഭ്യമായി. രണ്ടും കൂടിച്ചേർന്നാൽ ആളിക്കത്താന്‍ സാധ്യത കൂടുതലാണ്.

കേരള യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം അദ്ധ്യാപകനോട് ഞങ്ങൾ ധാന്യപ്പൊടി തീ കെടുത്താനായി ഉപയോഗിക്കാന്‍ പറ്റുമോ എന്ന് അന്വേഷിച്ചു: തീ കെടുത്തുന്ന മാധ്യമമായി ധാന്യപ്പൊടി ഉപയോഗിക്കാന്‍ പാടില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. കത്തുന്ന തീയിൽ ഗോതമ്പ് പൊടി ഇടുന്നത് ജ്വലനം കൂടുതൽ തീവ്രമാക്കും. തീ അണയ്ക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വിദഗ്ദ്ധരോട് ഉപദേശം തേടി മാത്രമേ പരീക്ഷിക്കാന്‍ പാടുള്ളു. ധാന്യപ്പൊടി തീ പിടിക്കുന്ന വസ്തുവാണ്. ജ്വലനത്തെ ഉദ്ദീപിക്കുകയും ചെയ്യും.തീപിടുത്തം ലഘൂകരിക്കാന്‍ മണല്‍ ഉപയോഗിക്കാം.”

ഗോതമ്പ് പൊടിയുടെ ജ്വലനക്ഷമതയെക്കുറിച്ചുള്ള ഒരു വീഡിയോയും അന്വേഷണത്തില്‍ ലഭിച്ചു. അവതാരകന്‍ മെഴുകുതിരികളിൽ ധാന്യപ്പൊടി വിതറുമ്പോള്‍ തീ ഗോളാകൃതിയില്‍ ആളിപ്പടരുന്നത് കാണാം.

കൂടാതെ, തീ കെടുത്താൻ മാവിൽ ഉപയോഗിക്കരുതെന്നും ഫയർഫൈറ്റർ നൗവിൽ ഒരു ബ്ലോഗ് പോസ്റ്റ് ഞങ്ങൾ കണ്ടെത്തി.

പാക്കറ്റില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ ലൂസ് രൂപത്തിലുള്ള ധാന്യപ്പൊടി കൂടുതല്‍ അപകടം ചെയ്യുമെന്നു ബ്ലോഗ് സൂചിപ്പിക്കുന്നു.

തീ അണയ്ക്കാൻ എന്തൊക്കെ ഉപയോഗിക്കാം:

ബേക്കിംഗ് സോഡയും ഉപ്പും പോലെയുള്ള അടുക്കള സാധനങ്ങൾ തീ അണയ്ക്കാൻ സഹായിക്കുന്ന അനുയോജ്യമായ ഓപ്ഷനുകളാണെന്ന് ബ്ലോഗ്പോസ്റ്റ് പറയുന്നു. മണല്‍ മികച്ച തീ അണയ്ക്കല്‍ മാധ്യമമാണ്.

നിഗമനം

പോസ്റ്റിലെ സന്ദേശം പൂര്‍ണ്ണമായും തെറ്റാണ്. അപകടകരവുമാണ്. ധാന്യപ്പൊടി തീപിടിക്കുന്ന വസ്തുവാണെന്നും തീ കെടുത്താൻ ഒരിക്കലും ഉപയോഗിക്കരുതെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തീ കെടുത്താൻ ഗോതമ്പ് പൊടി ഉപയോഗിക്കരുത്, അപകടം വിളിച്ച് വരുത്തരുത്...

Written By: Vasuki S

Result: False