
വിവരണം
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തികളെ ശിരസ്സ് കുനിച്ച് വണങ്ങുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും നമ്മള്‍ വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും കണ്ടിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു പോന്നിട്ടുണ്ട്. ഇതിനിടയില്‍ പല വ്യാജ വാര്‍ത്തകളും പ്രധാന മന്ത്രിയുടെ ഈ ‘വണങ്ങലു’മായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഇങ്ങനെയുള്ള ചില പ്രചരണങ്ങളുടെ മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തിയിട്ടുണ്ട്. വ്യാജ പ്രചാരണമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. താഴെയുള്ള ലിങ്കുകളില്‍ നിന്നും അവ വായിക്കാം
FACT CHECK: പ്രധാനമന്ത്രി മോദി പ്രണമിക്കുന്നത് അദാനിയുടെ ഭാര്യയെയല്ല; സത്യാവസ്ഥ അറിയൂ…
മോദി അദാനിയുടെ ഭാര്യയെ കുമ്പിട്ടു വന്ദിച്ചുവോ…?
ഇപ്പോള്‍ പ്രധാനമന്ത്രിയുടെ മറ്റൊരു ചിത്രം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വേദിയില്‍ ഇരിക്കുന്ന ഒരു വനിതയെ നരേന്ദ്ര മോദി വണങ്ങുന്ന ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: എന്തൊരു വിനയം പട്ടാളക്കാരന്‍റെ ഭാര്യയാണോ ഇന്ത്യയ്ക്ക് വേണ്ടി എന്തെങ്കിലും ത്യജിച്ചവര്‍ ആണോ അല്ല പിന്നെ ആരാണ് ഇവര്‍ ? കോര്‍പ്പറേറ്റ് അംബാനിയുടെ പെങ്ങള്‍ എന്നതാണ് യോഗ്യത.

അതായത് പ്രധാനമന്ത്രി കുനിഞ്ഞു തൊഴുന്നത് അംബാനിയുടെ സഹോദരിയെയാണ് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണെന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തിലൂടെ കണ്ടെത്തി.
വസ്തുതാ വിശകലനം
ഞങ്ങള്‍ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചിത്രം ഔട്ട് ലുക്ക് മാഗസിന്‍ അവരുടെ ഇമേജ് ശേഖരത്തില്‍ നല്കിയിരിക്കുന്നതായി കണ്ടു. ഒപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: അഹമ്മദാബാദിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഭാഗവത കഥയുടെ ഉദ്ഘാടന വേളയിൽ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി മതനേതാവ് സാധ്‌വി റിതാംഭരയെ അഭിവാദ്യം ചെയ്യുന്നു.

ചിത്രം എപ്പോള്‍ പകര്‍ത്തിയതാണെന്നു വ്യക്തമല്ല. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉള്ള ചിത്രമാണിത്. അതായത് 2014 ന് മുമ്പേ ആണെന്ന് അനുമാനിക്കാം. കൂടെയുള്ളത് മത നേതാവ് സ്വാധ്വി റിതംബര ആണ്. റിതംബരയുടെ മറ്റു ചിത്രങ്ങള്‍ കണ്ടാല്‍ ഇക്കാര്യം വ്യക്തമാകും.

ഭാഗവത കഥയുടെ വ്യാഖ്യാനം സാത്വി റിതംബര പതിവായി എല്ലാ വര്‍ഷവും നടത്തുന്നതാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് നരേന്ദ്ര മോദി ഒന്നിലധികം തവണ സാത്വി റിതംബരയോടൊപ്പം പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. 2013 ല്‍ ദേശ് ഗുജറാത്ത് എന്ന മാധ്യമം സ്വാധ്വി റിതംബരയും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ഏതാനും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്ത ഇങ്ങനെ: “ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സ്വാധ്വി റിതംബര സന്ദർശിച്ചു. ഗുജറാത്തിലെ ഡാകോറിനടുത്ത് സാദ്വി തന്‍റെ ആശ്രമം തുറക്കാൻ പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച . സ്വാധ്വി ഈ ആഴ്ച ആദ്യം സൂററ്റ് സന്ദർശിച്ചിരുന്നു.”

2008 ഏപ്രിൽ 14 ന് അഹമ്മദാബാദിലെ ടാഗോർ ഹാളിൽ നടന്ന “ജ്യോതിപുഞ്ച് ” പുസ്തക പ്രകാശന ചടങ്ങിൽ സാധ്വി റിതിംബര പ്രസംഗം എന്നാ അടിക്കുറിപ്പോടെ താഴെയുള്ള വീഡിയോയില്‍ സ്വാധ്വി റിതംബര പങ്കെടുത്ത ചടങ്ങില്‍ നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു എന്ന് ദ്രിശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
പോസ്റ്റിലെ ചിത്രത്തില്‍ നരേന്ദ്ര മോദി വണങ്ങുന്നത് ഗുജറാത്തിലെ മത നേതാവായ സ്വാധ്വി റിതംബരെയെയാണ്. അല്ലാതെ അംബാനിയുടെ സഹോദരിയല്ല.
ധിരുഭായി അംബാനിയുടെ പെണ്‍മക്കളെ കുറിച്ച് അതായത് മുകേഷ്-അനില്‍ അംബാനിമാരുടെ സഹോദരിമാരെ കുറിച്ച് തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അവരുടെ ചിത്രങ്ങള്‍ ലഭിച്ചു. ജന്‍സത്ത എന്ന മാധ്യമം പ്രസിദ്ധീകരിച്ച ചിത്രം താഴെ കൊടുക്കുന്നു. നീന കോത്താരി ദീപ്തി സല്‍ഗാവ്കാര്‍ എന്നിങ്ങനെയാണ് ധിരുഭായി അംബാനിയുടെ പെണ്‍മക്കളുടെ പേരുകള്‍. ഇവരെ പറ്റി നിരവധി വാര്‍ത്തകളും ചിത്രങ്ങളും ലഭ്യമാണ്.

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വനിതയുടെ ചിത്രവും അംബാനിയുടെ സഹോദരിമാരുടെ ചിത്രവും തമ്മില്‍ യാതൊരു സാമ്യവുമില്ലെന്ന് വ്യക്തമാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മത നേതാവായ സ്വാധ്വി റിതംബരയെ വണങ്ങുന്ന ചിത്രമാണ് തെറ്റായ അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത്.

Title:നരേന്ദ്ര മോദി വണങ്ങുന്നത് അംബാനിയുടെ സഹോദരിയെ അല്ല, മത നേതാവായ സ്വാധ്വി റിതംബരയെയാണ്…
Fact Check By: Vasuki SResult: False
