അയോധ്യയില്‍ രാമ പ്രതിഷ്ഠ നടന്ന ശേഷം ശ്രീരാമനോടുള്ള ഭക്തി അറിയിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പലരും പങ്കുവയ്ക്കുന്നുണ്ട്. സംബൽപൂർ മുൻ ജില്ലാ കളക്ടർ അനന്യ ദാസ് ഐഎഎസ് "മേരേ ഘർ റാം ആയേ ഹേ" എന്ന ഗാനത്തിന് ഒപ്പം നൃത്തം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്.

പ്രചരണം

മനോഹരമായ ചുവടുകളുമായി ഒരു യുവതി മേരേ ഘർ റാം ആയേ ഹേ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. “ഓഡിഷ സംബാൽപൂർ കളക്ടർ അനന്യ ദാസ് (ഐഎഎസ്) ജയ് ശ്രീറാമിന്‍റെ നൃത്ത പ്രകടനം” എന്നാണ് ഇംഗ്ലിഷില്‍ ഉള്ള അടിക്കുറിപ്പ്.

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും അനന്യാ ദാസല്ല വീഡിയോയിലെ നര്‍ത്തകി എന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ ഗൂഗിളിൽ കീവേര്‍ഡ്സ് ഉപയോഗിച്ചും റിവേഴ്സ് ഇമേജ് അന്വേഷണത്തിലൂടെയും തിരഞ്ഞപ്പോള്‍ 2024 ജനുവരി 8-ന് യുട്യൂബില്‍ അപ്‌ലോഡ് ചെയ്‌ത അതേ നൃത്ത വീഡിയോ ലഭ്യമായി. വീഡിയോ അപ്‌ലോഡ് ചെയ്തത് മൃദുല മഹാജൻ എന്ന യുവതിയാണ്. "മേരെ ഘർ റാം ഈസി ഡാൻസ് കൊറിയോഗ്രഫി" എന്ന അടിക്കുറിപ്പിലാണ് വീഡിയോ.

ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ മൃദുല മഹാജന്‍റെ ഇൻസ്റ്റാഗ്രാം പേജ് പരിശോധിച്ചു. ജനുവരി 6 ന് ഇതേ നൃത്തം മൃദുലയുടെ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി.

അടിക്കുറിപ്പ് ഇങ്ങനെ: “ദീർഘകാലം പ്രവാസ ജീവിതം നയിച്ചതിന് ശേഷം രഘുനന്ദൻ വീണ്ടും തന്‍റെ നഗരത്തിലേക്ക് മടങ്ങുകയാണ്. ജനുവരിയിലെ ദീപാവലിയും രാമനവമിയും ഞങ്ങൾ ഒരുമിച്ച് ആഘോഷിക്കുകയാണ്.”

അതേസമയം വീഡിയോ വൈറലായതോടെ വീഡിയോയിലെ നർത്തകി താനല്ലെന്ന് അനന്യ ദാസ് ഐഎഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. "ശരിക്കും നല്ല പ്രകടനം- ഖേദകരമെന്നു പറയട്ടെ എന്‍റെതല്ല" എന്നാണ് അടിക്കുറിപ്പ്.

കൈത്തറി, ടെക്സ്റ്റൈൽസ്, കരകൗശല വകുപ്പിൽ സർക്കാർ ജോയന്‍റ് സെക്രട്ടറിയായി അനന്യ ദാസ് അടുത്തിടെ നിയമിതയായിരുന്നു. മയൂർഭഞ്ച് കളക്ടറായ അക്ഷയ് സുനിൽ അഗർവാൾ അനന്യക്ക് ശേഷം സംബൽപൂര്‍ കളക്ടറാകും.

വൈറലായ ഡാൻസ് വീഡിയോയിൽ കാണുന്നത് ഐഎഎസ് ഓഫീസറായ അനന്യാ ദാസല്ല മൃദുല മഹാജനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സാംബല്‍പൂര്‍ മുന്‍ ജില്ലാ കളക്ടര്‍ അനന്യാ ദാസിന്‍റെയും വീഡിയോയില്‍ നൃത്തം ചെയ്യുന്ന മൃദുല മഹാജന്‍റെയും ചിത്രങ്ങള്‍ കാണാം.

നിഗമനം

വൈറൽ വീഡിയോയ്‌ക്കൊപ്പം ഉന്നയിച്ച അവകാശവാദം തെറ്റാണ്. വീഡിയോയില്‍ നൃത്തം ചെയ്യുന്നത് മൃദുല മഹാജനെന്ന യുവതിയാണ്. സംബൽപൂരിലെ മുൻ ജില്ലാ കളക്ടർ അനന്യ ദാസ് ഐഎഎസ് അല്ല. അനന്യാ ദാസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ശ്രീരാമ ഭക്തിഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ജില്ലാ കളക്ടർ എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്...

Written By: Vasuki S

Result: False