
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണമേറ്റ ശേഷം ബിജെപി അനുഭാവികള്‍ അവിടെയുള്ള ഗാന്ധി പ്രതിമ തകര്‍ത്തുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു ട്രാഫിക് ഐലന്‍റില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയുടെ മുഖത്ത് ഉമ്മ വയ്ക്കുന്നതും മുഖത്തടിക്കുന്നതും ശരീരം ശക്തമായി പ്രതിമയില്‍ ഇടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ബിജെപി അധികാരമേറ്റ ശേഷം ‘സംഘികളാണ്’ ഇങ്ങനെ ചെയ്യുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കോൺഗ്രസ് ബിജെപിയെ ഏൽപ്പിച്ചു ബിജെപിയുടെ തനി സ്വഭാവം സംഘികൾ പ്രകടിപ്പിക്കാൻ തുടങ്ങി ഇനി എന്തെല്ലാം കാണാനിരിക്കുന്നു തിരുവനന്തപുരം കാർ”
എന്നാല്‍ മദ്യലഹരിയിലായിരുന്ന യുവാവ് കൊല്ലം ജില്ലയിലെ പുനലൂരില്‍ ഡിസംബര്‍ മാസം അവസാനം നടത്തിയ പ്രകടനമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ 2025 ഡിസംബര്‍ 30ന് വീഡിയോയുടെതിന് സമാന സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തി ന്യൂസ് 18 പങ്കുവച്ച റിപ്പോര്‍ട്ട് ലഭ്യമായി.

കൊല്ലം ജില്ലയിലെ പുനലൂരില്‍ ഡിസംബര്‍ 29ന് നടന്ന സംഭവമാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുനലൂര്‍ തൂക്കുപാലത്തിന്‍റെ പടിഞ്ഞാറെ ദിശയിലുള്ള ട്രാഫിക് ഐലന്‍റില്‍ ഭാരതമാതാ ഐടിഐ സ്ഥാപിച്ച ഗാന്ധിപ്രതിമയെ പുനലൂര്‍, ചെമ്മന്തൂര്‍ നിവാസിയായ ഹരിലാല്‍(41) ആണ് അവഹേളിച്ചത്. ഇതിനുമുമ്പ് പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകര്‍ത്ത ഹരിലാല്‍ നിരവധി അതിക്രമങ്ങള്‍ ഹരിലാല്‍ മുമ്പും നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.
പുനലൂരില്‍ ഗാന്ധി പ്രതിമയെ അപമാനിച്ച സംഭവം മാതൃഭൂമി, ന്യൂസ് മലയാളം, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനോരമ ന്യൂസ് റിപ്പോര്‍ട്ടില്‍ ഹരിലാല്‍ സമീപത്തെ കടകളില്‍ കയറി ബഹളമുണ്ടാക്കിയതായും പറയുന്നുണ്ട്. ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് നാട്ടുകാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
പ്രതിമയെ അപമാനിച്ച ഹരിലാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണോ എന്നറിയാനായി ഞങ്ങള്‍ പുനലൂര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ എസ്എച്ച്ഒ നല്‍കിയ മറുപടി ഇങ്ങനെ: “ഇയാള്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാണ്. ഇവിടെ അടുത്തുള്ള ഹരിലാല്‍ എന്നൊരു ലഹരി അടിമയാണിത്. കഞ്ചാവും ലഹരിമരുന്നുകളും ഉപയോഗിച്ച് മാനസിക പ്രശ്നം മുമ്പ് ഉണ്ടായിട്ടുണ്ട്. ഇയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പ്രവര്‍ത്തകനല്ല. ഇതിനു മുമ്പും പല കേസുകളിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകര്‍ത്തിട്ടുണ്ട്.”
നിഗമനം
ബിജെപി അധികാരമേറ്റ ശേഷം തിരുവനന്തപുരം നഗരപരിധിയില്‍ സംഘപ്രവര്‍ത്തകന്‍ ഗാന്ധി പ്രതിമയെ അവഹേളിക്കുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് കൊല്ലം ജില്ലയിലെ പുനലൂരില്‍ ലഹരിക്ക് അടിമയായ ഒരാള്‍ മദ്യ ലഹരിയില്‍ ഗാന്ധി പ്രതിമയെ അപമാനിച്ചതിന്‍റെതാണ്. ദൃശ്യങ്ങള്‍ക്ക് തിരുവനന്തപുരവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ബിജെപി അധികാരമേറ്റ ശേഷം സംഘപ്രവര്‍ത്തകന്‍ തിരുവനതപുരത്ത് ഗാന്ധി പ്രതിമ തകര്‍ക്കുന്നു..? വീഡിയോയുടെ സത്യമിതാണ്…
Fact Check By: Vasuki SResult: False


