മനുഷ്യര്‍ മാത്രമല്ല, പലപ്പോഴും മൃഗങ്ങളും നൃത്തച്ചുവടുകള്‍ കൊണ്ട് അമ്പരപ്പിക്കാറുണ്ട്. പട്ടിയും പൂച്ചയും കുതിരയും പ്രാവും തത്തമ്മക്കിളിയും കൂടാതെ മറ്റ് ചില ജീവജാലങ്ങളുടെ കൌതുകകരമായ ഡാന്‍സുകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലും മറ്റും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു ആന താളത്തില്‍ നൃത്തം ചവിട്ടുന്ന മനോഹരമായ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

പ്രചരണം

വാദ്യമേളത്തിന്‍റെ താളത്തിനൊത്ത് ആന മനോഹരമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ചുറ്റും നില്‍ക്കുന്നവരില്‍ പലരും ആവേശത്താല്‍ ഒപ്പം ചുവടു വയ്ക്കുന്നുണ്ട്. വീഡിയോ ഷെയർ ചെയ്യുന്ന പലരും ഇത് യഥാർത്ഥ ആന നൃത്തമാണെന്ന് വിശ്വസിക്കുന്നു. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “മദം പൊട്ടാത്ത ഡാൻസ് കളിക്കുന്ന ആന😁 മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ട്...😁😂🤣

FB postarchived link

എന്നാല്‍ ഇത് യഥാര്‍ത്ഥ ആനയല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത ഇതാണ്

വീഡിയോ കാണുമ്പോള്‍ ചില സംശയങ്ങൾ തോന്നുന്നുണ്ട്. അതിനാൽ വീഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍, ആന മുന്‍കാലുകള്‍ മനുഷ്യരുടേത് പോലെ വളരെ അനായാസം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് കാണാം.

സമീപത്ത് നില്‍ക്കുന്നയാള്‍ 'വെള്ളം വേണോ' എന്ന് ചോദിക്കുന്നതായി അവ്യക്തമായി കേള്‍ക്കാനാകുന്നുമുണ്ട്. ആഘോഷം നടക്കുന്ന റോഡിന് വശങ്ങളിലുള്ള കടകളുടെ ബോര്‍ഡ് ശ്രദ്ധിച്ചാല്‍ 'കടവല്ലൂര്‍' എന്ന് എഴുതിയിരിക്കുന്നതായും കണാം. ഇതുകൂടാതെ നൃത്തം ചെയ്യുന്ന ആനയുടെ പുറത്തുള്ള തുണിയില്‍ ELEVENZ എന്ന് എഴുതിയിട്ടുണ്ട്. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഇലവന്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് ലഭ്യമായി. ഇലവന്‍സ് കടവല്ലൂര്‍ ഒരു സോഷ്യല്‍ ക്ലബ് ആണെന്ന് പേജിന്‍റെ വിവരണം പറയുന്നു. ഈ പേജില്‍ ഇതേ വീഡിയോ 2024 ജനുവരി 23ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്തെ കിളിമാനൂരിൽ നിന്നുള്ള പ്രൊഫഷണൽ പ്രോഗ്രാം ബുക്കിംഗ് ഏജൻസിയായ അനിൽ ആർട്‌സിന്‍റെ പേജിലാണ് ഇലവന്‍സ് ഈ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. അനിലിന്‍റെ വാക്കുകളില്‍ ഇലവന്‍സ് കാലാകാരന്മാരുടെ സൃഷ്ടിയാണ് ഈ ആന. അവിടുത്തെ കലാകാരന്മാരുടെ വേറിട്ട സൃഷ്ടിയാണിത്. ആനയുടെ വേഷത്തിൽ കലാകാരന്മാർ മനോഹരമായി നൃത്തം ചെയ്യുകയായിരുന്നു. കൂടുതൽ വ്യക്തതയ്ക്കായി അനില്‍ മുഖേന ഞങ്ങൾ ഇലവൻസ് കടവല്ലൂരിലെ നിഥിനുമായി സംസാരിച്ചു. കേരളത്തിലെ തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന ഒരു സോഷ്യൽ ആൻഡ് ആർട്‌സ് ക്ലബ്ബാണ് ഇലവൻസ് കടവല്ലൂർ എന്ന് അദ്ദേഹം വിശദീകരിച്ചു. വീഡിയോയിൽ കാണുന്നത് യഥാർത്ഥ ആനയുടെ നൃത്തമല്ല. യഥാർത്ഥത്തിൽ ആനയുടെ വേഷത്തിൽ രണ്ട് കാലാകാരന്മാര്‍ നൃത്തം ചെയ്യുകയാണ്. ജനുവരി 21, 22 തീയതികളിൽ കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്..

ഇലവൻസ് കടവല്ലൂരിന്‍റെയും അനിൽ ആർട്‌സിന്‍റെയും അക്കൗണ്ടുകളിൽ ആന നൃത്തത്തിന്‍റെ മറ്റു ചില വീഡിയോകൾ കാണാം.

യുട്യൂബിലും ഇതേ ആന നൃത്തത്തിന്‍റെ വീഡിയോ ലഭ്യമാണ്.

നിഗമനം

വീഡിയോയില്‍ നൃത്തം ചെയ്യുന്നത് യഥാര്‍ത്ഥ ആനയല്ല. ആനയുടെ വേഷം കെട്ടിയ കലാകാരന്മാരാണ്. പരിപാടിയുടെ സംഘാടകര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വാദ്യമേളത്തിനൊത്ത് ആന നൃത്തം... ദൃശ്യങ്ങളുടെ സത്യമിതാണ്...

Written By: Vasuki S

Result: Misleading