
ജപ്പാനിൽ ചലച്ചിത്രത്തിലൂടെ പിറവിയെടുത്തതാണെങ്കിലും ഗോഡ്സില്ലയെ ലോകം മുഴുവൻ ഉള്ളവർക്ക് അറിയാം. ഗോഡ്സില്ലയുടെ സിനിമകള്‍ക്ക് വളരെ സ്വീകാര്യതയാണ് ലോകമെമ്പാടും ലഭിച്ചത്. ഇപ്പോൾ ഗോഡ്സില്ല എന്ന ജീവിയെ കുറിച്ച് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.
പ്രചരണം
കടലിന്നടിയിൽ നിന്നും ഒരു ഗോഡ്സില്ലയെ കണ്ടെത്തി എന്നാണ് പ്രചരണം. ഓന്തിന്‍റെ രൂപത്തിലുള്ള ഒരു വലിയ ജീവി കടലിൽ നീന്തി നടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “കഴിഞ്ഞ ദിവസം കടലിൽ നിന്ന് കണ്ടെത്തിയ ഗോഡ്സില്ല 🙄ഞെട്ടി വിറചിരിച്ചിരിക്കുവാന് ശാസ്ത്രലോകം 🔥#നൻപൻബാബർഷ…”
അതായത് സിനിമയില്‍ മാത്രം നമ്മള്‍ കണ്ടിട്ടുള്ള ഗോഡ്സില്ലയെ കടലിന്‍റെ അടിത്തട്ടിൽ ആദ്യമായി കണ്ടെത്തി എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. ഞങ്ങൾ വീഡിയോയിലെ ജീവിയെ കുറിച്ച് അന്വേഷിച്ചു. മറൈന്‍ ഇഗ്വാന അതായത് കടല്‍ ഓന്തിന്‍റെ വീഡിയോയാണ് ഗോഡ്സില്ല എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് കണ്ടെത്തി.
വസ്തുത അന്വേഷണം
ആദ്യമായി നമുക്ക് ഗോഡ്സില്ല എന്താണ് എന്ന് നോക്കാം. ജപ്പാനീസ് സിനിമയിലൂടെ അവതരിച്ച ഒരു ഭീകര ജീവിയാണ് ഗോഡ്സില്ല. ഈ സാങ്കല്‍പ്പിക ജീവി ആദ്യം വരുന്നത് 1954യിൽ ഇഷിരോ ഹോണ്ടയുടെ ഗോഡ്സില്ല എന്ന് തന്നെ പേരുള്ള ചിത്രത്തിലൂടെയാണ്. പിന്നീട് ഗോഡ്സില്ല 28-ഓളം ചിത്രങ്ങളിൽ വന്നു, ഇത് കൂടാതെ വീഡിയോ ഗെയിം, നോവൽ, ചിത്രകഥ പുസ്തകങ്ങൾ, ടെലിവിഷൻ സീരിയലുകൾ, പിന്നെ 1998 ലും 2014 ലും റിലീസ് ചെയ്ത അമേരിക്കൻ സിനിമകളിലും ഗോഡ്സില്ല കഥാപാത്രത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതായത് ഗോഡ്സില്ല യഥാർത്ഥത്തിലുള്ള ഒരു ജീവിയല്ല ഒരു സാങ്കല്പിക ഭീകരജീവി മാത്രമാണ്. വീഡിയോയില്‍ നിന്നും വേര്‍തിരിച്ച കീ ഫ്രെയിമുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ വീഡിയോ രണ്ടു വര്‍ഷമായി പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട് എന്ന് മനസ്സിലായി. മറൈന്‍ ഇഗ്വാന എന്ന പേരിലാണ് വീഡിയോ കൂടുതല്‍ പേരും പങ്കുവച്ചിട്ടുള്ളത്. (ബേബി ഗോഡ്സില്ല എന്ന പേരിലും വീഡിയോ പ്രചരിക്കുന്നുണ്ട്.) “മറൈന്‍ ഇഗ്വാനയുടെ വൈറല്‍ വീഡിയോ ട്വിറ്ററിനെ ഗോഡ്സില്ലയെ ഓര്‍മിപ്പിക്കുന്നു” എന്ന തലക്കെട്ടില്‍ ഇതേ വീഡിയോയെ കുറിച്ച് പ്രസിദ്ധീകരിച്ച ഒരു ലേഖനം ഞങ്ങള്‍ക്ക് ലഭിച്ചു.
വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് മറൈൻ ഇഗ്വാന അതായത് കടല്‍ ഓന്ത് ആണ്. അമേരിക്കയില്‍ നിന്നുള്ള ഡൈവർ ആയ കെന്‍സോ കിരൺ ആണ് ഈ വീഡിയോ ചിത്രീകരിച്ചത്. പലരും ഈ വീഡിയോ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും കെന്‍സോ കിരണിന് കടപ്പാട് നല്‍കിക്കൊണ്ട് കഴിഞ്ഞവർഷം മുതൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കിരണിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരഞ്ഞപ്പോൾ ഇതേ വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടു.
കടലിന്നടിയിലെ ആവാസ വ്യവസ്ഥയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും അദ്ദേഹം തന്‍റെ പേജില്‍ പങ്കുവച്ചിട്ടുണ്ട്.
വീഡിയോയിലെ ജീവിയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ കേരള യൂണിവേഴ്സിറ്റി ഫിഷറീസ് ആന്‍റ് അക്വാട്ടിക് ബയോളജി വിഭാഗം തലവൻ ഡോ. എ.ബിജു കുമാറുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ഇത് മറൈന്‍ ഇഗ്വാനയാണ്. ഏറ്റവും വലുതിന് ഒരു ചീങ്കണ്ണിയുടെ വലിപ്പമാണ് ഉണ്ടാവുക. ചില ദ്വീപുകള്‍ കേന്ദ്രീകരിച്ച് മാത്രമാണ് ഇതിനെ കാണാൻ സാധിക്കുക. ഗാലപാഗോസ് ദ്വീപുകളില്‍ കൂടുതലായി ഉണ്ട്. ഗോഡ്സില്ല എന്ന ഒരു ജീവി കടൽ ആവാസ വ്യവസ്ഥയിലില്ല.
മറൈന്‍ ഇഗ്വാന അല്ലെങ്കിൽ കടൽ ഓന്തിന്‍റെ വീഡിയോയാണ് ഗോഡ്സില്ലയുടെ പേരില്‍ പ്രചരിപ്പിക്കുന്നത്.
നിഗമനം
പോസ്റ്റിലെ വീഡിയോയിൽ കാണുന്നത് ഗോഡ്സില്ലയല്ല, മറൈന്‍ ഇഗ്വാന ആണ്. ഗോഡ്സില്ല സിനിമയിലെ സാങ്കല്പിക ഭീകരജീവി മാത്രമാണ് യഥാർത്ഥത്തിൽ ഇങ്ങനെയൊരു ജീവി ഭൂമുഖത്ത് ഇല്ല. തെറ്റിധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ദൃശ്യങ്ങളിലുള്ളത് ഗോഡ്സില്ലയല്ല, മറൈന്‍ ഇഗ്വാന അഥവാ കടല്‍ ഓന്താണ്….
Fact Check By: Vasuki SResult: False
