വിശപ്പ് സഹിക്കാനാകാതെ വന്നപ്പോള്‍ പലചരക്ക് കടയില്‍ നിന്നും അരി മോഷ്ടിച്ചു എന്ന കുറ്റത്തിന് ആള്‍ക്കൂട്ട വിചാരണയും തുടര്‍ന്നുള്ള മര്‍ദ്ദനവുമേറ്റ് മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. 2018 ഫെബ്രുവരി 22 നായിരുന്നു കേരളം ലോകത്തിന് മുന്നില്‍ നാണംകെട്ട് തലകുനിക്കേണ്ടി വന്ന സംഭവം നടന്നത്. മധു ഏറ്റുവാങ്ങിയ ക്രൂരത സമൂഹ മനസാക്ഷിയെ അലട്ടിക്കൊണ്ടേയിരിക്കുന്നുവെന്ന് പലരും ഇപ്പൊഴും സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെക്കൂടെ പങ്കിടുന്ന പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.

മര്‍ദ്ദനമേറ്റ് മരിക്കുന്നതിന് മുമ്പുള്ള മധു എന്ന പേരില്‍ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ പ്രചരിക്കുന്നുണ്ട്.

പ്രചരണം

മധു കൊല്ലപ്പെട്ട ശേഷം മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും എല്ലാം പ്രചരിച്ച പോലെയുള്ള മധുവിന്റെ ചിത്രമാണ് കാണുന്നത് മുഷിഞ്ഞ വേഷം ധരിച്ച മധു കഞ്ഞി വയ്ക്കാൻ തയ്യാറെടുക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. മധുവിന്‍റെ ചിത്രമാണിത് എന്ന് സൂചിപ്പിച്ചു ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇത് കുറച്ചു കഷ്ടമായിപ്പോയി !!!..വിശപ്പ് സഹിക്കാൻ കഴിയാതെ കഞ്ഞി വെക്കാൻ ഒരുപിടി അരി കട്ടവനെ കെട്ടിയിട്ട് അടിച്ചു കൊന്നു ......കൊന്നവറെ രക്ഷിക്കാൻ കേസിനാണവധി .

500കോടി കട്ടവർ നെഞ്ചു വിരിച്ചു ന്യായീകരണം പറഞ്ഞു നടക്കുന്നു....

അതിനെന്യായീകരിക്കാൻ അണികളും...

അരിയാഹാരം കഴിക്കുന്ന പ്രബുദ്ധകേരളമേ ചിന്തിക്കുക...

— feeling stressed.”

FB postarchived link

എന്നാൽ ഈ ചിത്രം മധുവിന്‍റെതല്ലെന്നും മധുവായി വേഷമിട്ട മറ്റൊരാളുടേതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇങ്ങനെ

ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ദേശാഭിമാനി 2022 സെപ്റ്റംബർ 26ന് പ്രസിദ്ധീകരിച്ച ഇതേ ചിത്രം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു. മധുവിന്‍റെ ജീവിതം ആസ്പദമാക്കി സജി ചൈത്രം നിർമിച്ച ഡെത്ത് ഓഫ് ഹംഗർ എന്ന ഹൃസ്വ ചിത്രത്തിൽ നിന്നുള്ള ഫോട്ടോയാണ് മധുവിന്‍റെ യഥാർത്ഥ രൂപമായി ഇപ്പോൾ പ്രചരിക്കുന്നത് എന്ന് വ്യക്തമായി.

സുരേന്ദ്രൻ കൂക്കാനം എന്ന വ്യക്തിയാണ് മധുവായി വേഷമിട്ടത്. ഇത് യഥാർത്ഥ മധുവാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും സുരേന്ദ്രന്‍റെ ചിത്രം പങ്കുവെച്ചത്.

മധുവിനെ വിചാരണ ചെയ്ത് മർദ്ദിച്ചു കൊലപ്പെടുത്തിയ ആൾക്കൂട്ട പ്രതികളിൽ ഒരാൾ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും പിന്നീട് അത് വൈറലാവുകയുമാണ് ഉണ്ടായത്. മധു കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കി മനോരമ ന്യൂസ് ടിവി ചെയ്ത ഫീച്ചർ സ്റ്റോറി താഴെ കാണാം പ്രതികളായി കോടതി കണക്കാക്കിയ 13 പേർക്ക് 7 വർഷം കഠിന തടവ് കോടതി വിധിച്ചിരുന്നു കൊല്ലപ്പെടുന്നതിനു മുമ്പ് മധുവിന്‍റെ ചില ദൃശ്യങ്ങൾ വീഡിയോയിൽ കാണാം

പോസ്റ്റിലെ ചിത്രത്തിൽ ഉള്ളത് അട്ടപ്പാടി 2018 കൊല്ലപ്പെട്ട മധു അല്ലെന്ന് വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രത്തിൽ കാണുന്നത് അട്ടപ്പാടിയിൽ ആൾക്കൂട്ടം മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധു എന്ന ആദിവാസി യുവാവല്ല. മധുവായി ഹൃസ്വ ചിത്രത്തിൽ വേഷം ധരിച്ച സുരേന്ദ്രൻ കൂക്കാനം എന്ന കലാകാരനാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചിത്രത്തില്‍ കാണുന്ന വ്യക്തി അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ കൊല്ലപ്പെട്ട മധുവല്ല, വാസ്തവമിങ്ങനെ...

Written By: Vasuki S

Result: MISSING CONTEXT