FACT CHECK സക്കീര്‍ നായ്ക്കിന് ഒപ്പമുള്ളത് പാകിസ്താന്‍ മുന്‍ ക്രിക്കറ്റര്‍ ശഹീദ് അഫ്രീദിയാണ്… മുബാറക് പാഷയല്ല…

അന്തര്‍ദേശിയ൦ | International ദേശീയം | National

വിവരണം 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉത്ഘാടനം നടത്തിയ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. മുബാറക് പാഷയെ നാമനിര്‍ദ്ദേശം ചെയ്തതിന് സംസ്ഥാന മന്ത്രിസഭയ്ക്കെതിരെ വിവിധ സാമുദായിക സംഘടനകളും രാഷ്ട്രീയ നേതാക്കളും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയുണ്ടായി. 

ഡോ. മുബാറക് പാഷയുടെ നിയമന ഉത്തരവിന് ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കി  എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തു വന്ന വാര്‍ത്ത.   

ഡോ. മുബാറക് പാഷയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഇസ്ലാം മത പ്രഭാഷകനും ഇസ്ലാമിക് റിസര്‍ച് ഫൌണ്ടേഷന്‍ പ്രസിഡണ്ടുമായ സക്കീര്‍ നായ്ക്കുമൊത്ത് നിയുക്ത വൈസ് ചാന്‍സലര്‍ മുബാറക് പാഷ നില്‍ക്കുന്ന ചിത്രമാണ് വിവിധ വിവരണങ്ങളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

archived linkFB post

#ഇങ്ങനെ_ആണ്_സംഗതിയുടെ_കിടപ്പ് 

മുബാറക്ക് ബാഷയും ( ശ്രീനാരായണ വൈസ് ചാന്‍സലര്‍ ) സാക്കീര്‍ നായ്ക്കും… അപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ ഏതാണ്ടൊക്കെ മനസ്സിലായി കാണുമല്ലോ…… അല്ലേ….  

ഈ വാര്‍ത്ത സത്യമാണോ എന്നന്വേഷിച്ച് പലരും ഞങ്ങള്‍ക്ക് സന്ദേശം അയച്ചിരുന്നു. 

ഈ ചിത്രത്തില്‍ സക്കീര്‍ നായ്ക്കിന് ഒപ്പം നില്‍ക്കുന്നത് നിയുക്ത വൈസ് ചാന്‍സലര്‍ മുബാറക് പാഷയല്ല.

വസ്തുത ഇതാണ്

ചിത്രത്തില്‍ സക്കീര്‍ നായ്ക്കിന് ഒപ്പമുള്ളത് പാകിസ്ഥാനിലെ മുന്‍ ക്രിക്കറ്റ് താരം ശഹീദ് അഫ്രീദിയാണ്. ഞങ്ങള്‍ ഈ ചിത്രത്തിന്‍റെ  റിവേഴ്സ് ഇമേജ്  അന്വേഷണം നടത്തി നോക്കിയപ്പോള്‍ ബംഗാളി ഭാഷയില്‍  ഒരു ലേഖനത്തില്‍ ഇതേ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടെത്തി. 

bn.mtnews24| archived link

സക്കീര്‍ നായ്ക്ക് ഇസ്ലാമിക പണ്ഡിതന്‍ ആണെന്നും അറിവിന്‍റെ ഒരു സര്‍വകലാശാല തന്നെയാണെന്നും ദുബായിലെ ഒരു ചടങ്ങില്‍ ഇരുവരും കണ്ടുമുട്ടിയപ്പോള്‍  അഫ്രീദി അഭിപ്രായപ്പെട്ടു എന്നാണ് ലേഖനത്തില്‍ നല്‍കിയിരിക്കുന്നത്. 

ഇതേ ചിത്രം നിരവധി തവണ ഇന്‍റര്‍നെറ്റില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ശഹീദ് അഫ്രീദിയുടെയും സക്കീര്‍ നായ്ക്കിന്റെയും  ആരാധകര്‍. 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്. സക്കീര്‍ നായിക്കിന് ഒപ്പം നില്‍ക്കുന്നത് പാകിസ്ഥാനിലെ മുന്‍ ക്രിക്കറ്റ് താരം ശഹീദ് അഫ്രീദിയാണ്. ശ്രീനാരായണ സര്‍വകലാശാലയുടെ നിയുക്ത വൈസ് ചാന്‍സലര്‍ മുബാറക്ക്‌ പാഷയല്ല.

Avatar

Title:സക്കീര്‍ നായ്ക്കിന് ഒപ്പമുള്ളത് പാകിസ്താന്‍ മുന്‍ ക്രിക്കറ്റര്‍ ശഹീദ് അഫ്രീദിയാണ്… മുബാറക് പാഷയല്ല…

Fact Check By: Vasuki S 

Result: False