മാവലിക്കരയില്‍ നക്ഷത്ര എന്ന ആറുവയസുകാരിയെ സ്വന്തം പിതാവ് മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയെന്ന മനസ്സാക്ഷി മരവിക്കുന്ന വാര്‍ത്തയിലേയ്ക്കാണ് കേരളം ഇക്കഴിഞ്ഞ ദിവസം ഉറക്കമുണര്‍ന്നത്. നക്ഷത്രക്ക് പ്രണാമം അര്‍പ്പിച്ച് കണ്ണീരൊഴുക്കാത്തവരായി കേരളക്കരയില്‍ ആരുമുണ്ടാകില്ല. സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാവരും കുഞ്ഞിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ക്രൂരത കാട്ടിയ പിതാവിനെതിരെ രോഷപ്രകടനം നടത്തുകയും ചെയ്തുകൊണ്ട് പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്.

ഇതിനിടെ നക്ഷത്ര മോള്‍ ഡാന്‍സ് കളിക്കുന്ന മനോഹരമായ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്.

പ്രചരണം

സമയമിതപൂര്‍വ്വ സായാഹ്നം എന്ന സിനിമാ ഗാനത്തിനൊത്ത് മനോഹരമായി നൃത്ത ചുവടുകള്‍ വയ്ക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഇത് മാവേലിക്കരയില്‍ കൊല്ലപ്പെട്ട നക്ഷത്ര മോളാണ് എന്നു സൂചിപ്പിച്ച് വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: സ്വന്തം പിതാവിനാൽ ജീവൻ നഷ്ടപ്പെട്ട നക്ഷത്ര തിളക്കം

ഈ കുഞ്ഞിനെ എങ്ങനെ കൊല്ലാൻ തോന്നി മഹാപാവി”

FB postarchived link

ഇതുകൂടാതെ സമാന വീഡിയോയുടെ ഒപ്പം പലരും അവരുടെ ദുഃഖവും രോഷവും കൂട്ടിചേര്‍ക്കുന്നുണ്ട്. എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന കുട്ടി നക്ഷത്രയല്ല, വൈഗ എന്ന വേറൊരു കുട്ടിയാണ്.

വസ്തുത ഇങ്ങനെ

പ്രചരിക്കുന്ന വീഡിയോയുടെ താഴെയായി GUP SCHOOL PAINGOTTAYI എന്നൊരു ലോഗോ കാണാം. ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍ കോഴിക്കോട് പൈങ്ങോട്ടായിയിലുള്ള പ്രസ്തുത സ്കൂളുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ നിന്നും പ്രധാന അദ്ധ്യാപകനായി വിരമിച്ച മുകുന്ദന്‍ മാഷിനെ ലൈനില്‍ ലഭിച്ചു. അദ്ദേഹം അറിയിച്ചത് ഇങ്ങനെ: “ഈ കുട്ടി മാവേലിക്കരയില്‍ കൊല്ലപ്പെട്ട നക്ഷത്രയല്ല. വൈഗ എന്ന മറ്റൊരു കുട്ടിയാണ്. ഞങ്ങളുടെ സ്കൂളുമായി ഈ രണ്ടു കുട്ടികള്‍ക്കും യാതൊരു ബന്ധവുമില്ല. സ്കൂളിന്‍റെ പ്രചരണത്തിനായി വൈഗയുടെ വീഡിയോ നേരത്തെ എടുത്തതാണ്. ഈ വീഡിയോ മറ്റാരോ മാവേലിക്കയിലെ കുട്ടിയുടെ പേരില്‍ പിന്നീട് പ്രചരിപ്പികുകയാണ് ഉണ്ടായത്.”

ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍ തിരഞ്ഞപ്പോള്‍ വൈഗ വിശാഖ് എന്ന കുട്ടിയുടെ ഫേസ്ബുക്ക്, യുട്യൂബ്, ഇന്‍സ്റ്റഗ്രാം പേജുകള്‍ ലഭിച്ചു. തുടര്‍ന്ന് ഞങ്ങള്‍ കുട്ടിയുടെ പിതാവുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “വൈറല്‍ വീഡിയോയില്‍ കാണുന്നത് എന്‍റെ മകള്‍ വൈഗയാണ്. ഒരു വര്‍ത്തമായി ഞങ്ങള്‍ അമേരിക്കയാണ് താമസം. അവള്‍ നൃത്തത്തോട് അഭിരുചിയുള്ള കുട്ടിയാണ്. സാമൂഹ്യ മാധ്യമ പേജുകളില്‍ ഡാന്‍സ് വീഡിയോകള്‍ പോസ്റ്റു ചെയ്യാറുണ്ട്. ഇങ്ങനെ പോസ്റ്റു ചെയ്ത വീഡിയോ ആണ് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത്. ഈ ദുഷ്പ്രചാരണം ഞങ്ങളുടെ കുടുംബത്തിനെ വിഷമത്തിലാക്കി. ഇതിനെതിരെ വൈഗയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളില്‍ ഞങ്ങള്‍ വിശദീകരണം നകിയിട്ടുണ്ട്.”

https://www.instagram.com/p/CtR09tppbqs/

ഫേസ്ബുക്ക് പേജില്‍ വൈഗ വിശാഖ് നല്‍കിയ വിശദീകരണം:

വൈറല്‍ വീഡിയോയില്‍ കാണുന്ന കുട്ടി മാവേലിക്കരയില്‍ കൊല്ലപ്പെട്ട നക്ഷത്രയല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ വൈറല്‍ വീഡിയോയില്‍ മനോഹരമായി നൃത്ത ചുവടുകള്‍ വയ്ക്കുന്ന കുട്ടി മാവേലിക്കരയില്‍ സ്വന്തം പിതാവ് മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയ നക്ഷത്രയല്ല, അമേരിക്കയില്‍ താമസമാക്കിയ വൈഗ വിശാഖ് എന്ന മറ്റൊരു കുട്ടിയാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വീഡിയോയില്‍ നൃത്തം ചെയ്യുന്നത് മാവേലിക്കരയില്‍ കൊല്ലപ്പെട്ട നക്ഷത്രയല്ല, മറ്റൊരു കുട്ടിയാണ്... ദയവായി വീഡിയോ പങ്കുവയ്ക്കരുത്...

Written By: Vasuki S

Result: False