കറുത്ത വസ്ത്രം ധരിച്ച പുരുഷൻമാർ ഓറഞ്ച് ജംപ്‌സ്യൂട്ട് ധരിച്ച ഏതാനും പേരെ നിഷ്ക്കരുണം തലവെട്ടി കൊലപ്പെടുത്തുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

സൗദി അറേബ്യയിൽ ബലാല്‍സംഗ കുറ്റത്തിന് നല്‍കുന്ന ശിക്ഷയായാണ് ഇങ്ങനെ തലയറുത്ത് കൊല്ലുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സൗദി അറേബ്യയിൽ 16 വയസുള്ള പെൺകുട്ടിയെ ഏഴുപേർ ചേർന്ന് ബലാൽസംഗം ചെയ്തു കൊന്നു. അടുത്ത ദിവസം അവരെ പിടികൂടി, കോടതി വധശിക്ഷ വിധിച്ചു.

മറ്റുള്ളവരെ ബോധവൽക്കരിക്കാൻ ശിക്ഷയുടെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു.

ഇതാണ് നീതി”

(അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്, ഉപയോക്താക്കള്‍ ശ്രദ്ധിക്കുക)

archived linkFB post

എന്നാൽ, വീഡിയോ സൗദി അറേബ്യയിൽ നിന്നുള്ളതല്ല. ഐസിസ് സംഘമാണ് ഈ ക്രൂരത കാണിക്കുന്നത്. വീഡിയോ വര്‍ഷങ്ങള്‍ പഴയതാണ്.

വസ്തുത ഇങ്ങനെ

വീഡിയോ സൂക്ഷ്മമായി നോക്കിയാല്‍ 00:20 സെക്കൻഡിൽ, ദൃശ്യങ്ങള്‍ക്ക് മുകളിൽ വലത് കോണിൽ ഒരു ലോഗോ ഉണ്ടെന്ന് കാണാം. ഞങ്ങൾ ഈ ലോഗോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഫോട്ടോയുടെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന റെമിനി എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂൾ ഉപയോഗിച്ച് ക്ലാരിറ്റി വരുത്തിയ ശേഷം റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇത് ഐ‌എസ് തീവ്രവാദികളുടെ ലോഗോ ആണെന്ന് വ്യക്തമായി.

കൂടാതെ വീഡിയോയില്‍ നിന്നുള്ള മറ്റ് സ്ക്രീന്‍ഷോട്ടുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ശിരഛേദം നടത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) ആണെന്ന് മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു.

ഇറാനിയൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനമായ അൽ-അലം 2015 സെപ്തംബർ 30-ലെ റിപ്പോർട്ടിൽ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. പെഷ്‌മെർഗ സേനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് 16 ഇറാഖി യുവാക്കളെയാണ് ഐ‌എസ് തീവ്രവാദികള്‍ ക്രൂരമായി വധിച്ചത് എന്നും കുറ്റകൃത്യത്തിന്‍റെ വീഡിയോ ഐസിസ് ഭീകരസംഘം പുറത്തുവിട്ടുവെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, സംഭവം നടന്ന തീയതി റിപ്പോർട്ടിൽ നൽകിയിട്ടില്ല. ഇറാനിലെ ഒരു സ്വതന്ത്ര വാർത്താ ഏജൻസിയായ അഫ്താബ് ന്യൂസ് 2015 സെപ്റ്റംബർ 30-ലെ മറ്റൊരു റിപ്പോർട്ടും ഈ വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നു.

പെഷ്‌മെർഗ മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഇറാഖിലെ കുർദിഷ് സ്വയംഭരണ മേഖലയിലെ സൈനികരാണ് പെഷ്‌മെർഗ സേന.

വർഷങ്ങളായി പെഷ്‌മെർഗ സൈനികരെ വധിക്കുകയോ ശിരഛേദം ചെയ്യുകയോ ചെയ്തതായി ഐസിസ് അവകാശപ്പെടുന്ന ഒന്നിലധികം റിപ്പോർട്ടുകൾ ഉണ്ട്.

പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് സൗദി അറേബ്യ അടുത്തിടെ എട്ടുപേരെ കഴുത്തറുത്ത് കൊന്നു എന്ന അവകാശവാദത്തിന് തെളിവുകള്‍ ഒന്നുമില്ല. ഐ‌എസ്‌ഐ‌എസ് തീവ്രവാദികള്‍ പെഷ്മെര്‍ഗ സൈനികരെ കൊല്ലുന്ന ദൃശ്യങ്ങളാണിത്.

നിഗമനം

16കാരിയെ ബലാല്‍സംഗം ചെയ്ത ഏഴുപേരെ പേരെ സൌദി അറേബ്യയില്‍ കഴുത്തറുത്ത് കൊന്നു എന്നു പ്രചരിപ്പിക്കുന്നത് ഐ‌എസ് തീവ്രവാദികള്‍ 2015-ൽ പേഷ്മർഗ സൈനികരെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്. സൌദി അറേബ്യയുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഐ‌എസ് തീവ്രവാദികള്‍ കുര്‍ദിഷ് സൈനികരുടെ തലവെട്ടുന്ന വീഡിയോ സൌദി അറേബ്യയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു...

Fact Check By: Vasuki S

Result: False