
ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ എസി റിട്ടയറിംഗ് റൂമുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴും യാത്രക്കാര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ റൂമുകള്‍ ലഭിക്കുന്നില്ല എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു ഡോര്‍മിട്ടറിയുടെ ഉള്ളില്‍ നിന്നും പകര്‍ത്തിയ വീഡിയോ ആണ് പ്രചരിക്കുന്നത്. ഒന്നൊഴികെ മുഴുവന്‍ കിടക്കകളും കാലിയായി കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് ഗുരുവായൂരിലെ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റിട്ടയറിംഗ് റൂമുകള്‍ ആണെന്നും ഇവ ഒഴിഞ്ഞു കിടക്കുന്നെങ്കിലും ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ വേക്കന്‍സി ഇല്ല എന്ന സന്ദേശമാണ് തിരികെ ലഭിക്കുന്നത് എന്നും ഒപ്പമുള്ള ഇംഗ്ലീഷ് വിവരണത്തില്‍ പറയുന്നു. വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെ: “ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ എ/സി റിട്ടയറിംഗ് റൂം. ഒരു യാത്രക്കാരൻ ഓൺലൈനായി ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ഒഴിവില്ലെന്ന് പറഞ്ഞു. പക്ഷേ നേരിട്ട് സന്ദർശിച്ചപ്പോൾ അത് 100% കാലിയാണെന്ന് കണ്ടെത്തി. തട്ടിപ്പാണോ?”
എന്നാല്‍ പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും റെയില്‍വേ റിട്ടയറിംഗ് റൂമുകള്‍ അല്ല ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ പ്രചരണത്തെ ക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മാധ്യമ വാര്‍ത്തകള്‍ ഒന്നും കണ്ടെത്താനായില്ല. സതേണ്‍ റെയില്‍വേ, റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസ് എന്നീ X ഹാന്‍റിലുകളില്‍ ഇത് തെറ്റായ പ്രചരണമാണ് എന്ന് വ്യക്തമാക്കി കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലുള്ള കുറിപ്പിന്‍റെ പരിഭാഷ: “തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത! പ്രചരിക്കുന്ന വീഡിയോ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതല്ല. ഇവിടുത്തെ വിശ്രമമുറികൾ നവീകരണത്തിലാണ്. ഗുരുവായൂർ മുനിസിപ്പാലിറ്റി നിയന്ത്രിക്കുന്ന ടൂറിസ്റ്റ് അമെനിറ്റി സെന്‍ററിന്‍റെ ദൃശ്യങ്ങളാണ് ഇവ.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. യാത്രക്കാർക്ക് തെറ്റായ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണിത്.”
കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ സതേണ്‍ റെയില്‍വേ സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി സംസാരിച്ചു: “ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള അമെനിറ്റി സെന്‍ററിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി റെയില്‍വേയുടെ പേരില്‍ പ്രചരിപ്പിക്കുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഞങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിശദീകരണം കൊടുത്തിരുന്നു. അല്ലെങ്കില്‍ യാത്രക്കാര്‍ തെറ്റിദ്ധരിക്കുകയും അവര്‍ക്ക് അസൌകര്യം ഉണ്ടാവുകയും ചെയ്യും.ഗുരുവായൂരിലെ റെയില്‍വേ വിശ്രമ മുറികള്‍ പുതുക്കി പണിതു കൊണ്ടിരിക്കുകയാണ്.”
ഈ വ്യാജ പ്രചാരണത്തെ കുറിച്ച് പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഫാക്റ്റ് ചെക്ക് വിഭാഗം അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറികള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള അമെനിറ്റി സെന്‍ററിന്‍റെ ദൃശ്യങ്ങളാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
ഒഴിഞ്ഞു കിടന്നിട്ടും ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ വേക്കന്‍സിയില്ല എന്ന അറിയിപ്പ് കിട്ടുന്ന, ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറികളുടെ വീഡിയോ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള അമെനിറ്റി സെന്‍ററിന്‍റെ ദൃശ്യങ്ങളാണ്. റെയില്‍വേയുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:Facebook | Twitter | Instagram | WhatsApp (9049053770)

Title:ദൃശ്യങ്ങളിലുള്ളത് ഗുരുവായൂരിലെ റെയില്‍വേ വിശ്രമ മുറികളല്ല, സത്യമിങ്ങനെ…
Fact Check By: Vasuki SResult: False
