പച്ചനിറത്തിൽ പെയിന്‍റ് അടിച്ച് മുസ്ലിം ലീഗ് ഓഫീസ് എന്ന ബോർഡ് വെച്ച കെട്ടിടത്തിനു മുന്നിൽ പച്ചനിറത്തിലെ ജേഴ്സി അണിഞ്ഞ ചെറുപ്പക്കാര്‍ ആഹ്ലാദത്തോടെ മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ പാക്കിസ്ഥാനെ അനുകൂലിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നുണ്ട്.

പ്രചരണം

പച്ച നിറത്തിൽ പെയിന്‍റടിച്ച് പച്ചനിറത്തിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച മുസ്ലിം ലീഗ് ഓഫീസിന് മുന്നിലാണ് പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. മുസ്ലിം ലീഗിന്‍റെ കാസർഗോഡ് ഓഫീസ് ഉദ്ഘാടന വേളയിൽ പാകിസ്ഥാന്‍റെ ജേഴ്സി അണിഞ്ഞാണ് ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “#പാകിസ്താന്റെ ക്രിക്കറ്റ്‌ #ജേഴ്‌സി അണിഞ്ഞുകൊണ്ട് #കാസറഗോഡ് #ലീഗ് ഓഫീസ് ഉത്ഘാടനം.! ചോറ് ഇവിടെയും കുറ് അവിടെയും”

FB postarchived link

എന്നാൽ തെറ്റായ പ്രചരണമാണ് ഇതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. പ്രവർത്തകർ ധരിച്ചിരിക്കുന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് ജേഴ്സി അല്ല.

വസ്തുത ഇങ്ങനെ

മുസ്ലിംലീഗിന്‍റെ കാസർഗോഡ് ഓഫീസ് ഉദ്ഘാടന വേളയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ വിവരണത്തിലെ സൂചന അനുസരിച്ച് വാർത്തകൾ തിരഞ്ഞപ്പോൾ ചടങ്ങുമായി ബന്ധപ്പെട്ട വാർത്തകൾ ലഭ്യമായി. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ ജൂണ്‍ 30നാണ് മുസ്ലിം ലീഗ് ഓഫീസ് ഉല്‍ഘാടനം ചെയ്തത്. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ആറങ്ങാടി പച്ചപ്പട എന്ന പേജില്‍ പോസ്റ്റു ചെയ്ത സമാന വീഡിയോ ലഭ്യമായി.

ഒരു പ്രവര്‍ത്തകന്‍റെ ജേഴ്സിയില്‍ പുറകുവശത്തായി പച്ചപ്പട ആറങ്ങാടി എന്നെഴുതിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

പച്ചപ്പട ആറങ്ങാടി എന്ന ഫേസ്ബുക്ക് പേജില്‍ പച്ച ജേഴ്സിയണിഞ്ഞ സംഘത്തിന്‍റെ മറ്റ് ചില വീഡിയോകള്‍ കൊടുത്തിട്ടുണ്ട്.

ആറങ്ങാടി എന്ന് ഇംഗ്ലിഷില്‍ മുന്‍വശത്തും മലയാളത്തില്‍ പച്ചപ്പട ആറങ്ങാടി എന്ന് മലയാളത്തില്‍ പിന്നിലും ജേഴ്സികളില്‍ എഴുത്തുണ്ട്. മുസ്ലിം ലീഗിന്‍റെ ചിഹ്നവും ജേഴ്സികളില്‍ പതിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന ഓഫീസുമായി ബന്ധപ്പെട്ടു. മുന്‍ എം‌എല്‍‌എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ‌എം ഷാജി പ്രതികരിച്ചത് ഇങ്ങനെ: “യൂത്ത് ലീഗ് ധരിച്ച ജേഴ്സിയുടെ പേരില്‍ വ്യാജ പ്രചരണമാണ് നടത്തുന്നത്. പാക് ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി ഇതല്ല. പ്രവര്‍ത്തകര്‍ സ്വന്തമായി ഡിസൈന്‍ ചെയ്തെടുത്തതാണിത്. ജേഴ്സിയില്‍ മുസ്ലിം ലീഗ് നേതാക്കളുടെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന് ഔദ്യോഗികമായി പ്രത്യേക ജേഴ്സിയില്ല. പാര്‍ട്ടി വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും.”

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഈയിടെ സമാപിച്ച T20 വേള്‍ഡ് കപ്പിനായി ഡിസൈന്‍ ചെയ്ത ജേഴ്സിയുടെ ചിത്രം താഴെ X പോസ്റ്റില്‍ കാണാം.

വിവിധ വര്‍ഷങ്ങളില്‍ വിവിധ ഡിസൈനിലുള്ള ജേഴ്സികളാണ് ക്രിക്കറ്റ് കളിക്കാര്‍ ധരിക്കുന്നത്, പാകിസ്ഥാന്‍ മാത്രമല്ല, മിക്കവാറും എല്ലാ രാജ്യങ്ങളിലുമുള്ള ക്രിക്കറ്റ് ടീം പിന്തുടരുന്നത് ഇങ്ങനെയാണ്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ജേഴ്സി അണിഞ്ഞ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി എന്ന പ്രചരണം പൂര്‍ണ്ണമായി അടിസ്ഥാന രഹിതമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ജേഴ്സി ധരിച്ച് കാസര്‍ഗോഡ് മുസ്ലിം ലീഗ് ഓഫീസ് ഉല്‍ഘാടനത്തിന് പങ്കെടുത്തു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. പച്ചപ്പട ആറങ്ങാടി എന്നെഴുതി മുസ്ലിം ലീഗിന്‍റെ ചിഹ്നമുള്ള ജേഴ്സിയാണ് പ്രവര്‍ത്തകര്‍ ധരിച്ചത്. ലീഗ് പ്രവര്‍ത്തകരുടെ ജേഴ്സിക്ക് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കാസർഗോഡ് ഓഫീസ് ഉദ്ഘാടന വേളയിൽ പാക് ക്രിക്കറ്റ് ജേഴ്സി ധരിച്ചുവെന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ...

Fact Check By: Vasuki S

Result: False